ചാല ഗ്യാസ് ദുരന്തം: പ്രതിസ്ഥാനത്ത് നിന്നും ഐ.ഒ.സിയെ ഒഴിവാക്കി

Wednesday 30 October 2013 4:31 pm IST

തിരുവനന്തപുരം: 23 പേരുടെ മരണത്തിന് ഇടയാക്കിയ കണ്ണൂര്‍ ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ക്രൈംബ്രാ‍ഞ്ച് കുറ്റപത്രം തയാറായി. ലോറി ഡ്രൈവര്‍ കണ്ണയ്യന്‍, ടാങ്കര്‍ ലോറി ഉടമ കണ്മണി എന്നിവര്‍ മാത്രമാണ് കേസിലെ പ്രതികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടാങ്കര്‍ ഉടമയുമായുള്ള കരാര്‍ പ്രകാരം ഐ.ഒ.സിയെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. കൃത്യമായ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിബന്ധനകളോടെയുള്ള ടെണ്ടര്‍ ക്ഷണിച്ചാണ് ടാങ്കര്‍ ലോറികളെ തെരഞ്ഞെടുക്കുന്നത്. കൂടാതെ ഐ.ഒ.സിയുടെ വിവിധ പ്ലാന്റുകളില്‍ ഈ വാഹനം പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്. വാഹനങ്ങള്‍ ഗ്യാസ് നിറച്ച ശേഷം കമ്പനിയുടെ ഗേറ്റ് കടന്നാല്‍, പിന്നീടുള്ള അപകടങ്ങള്‍ക്ക് ഐ.ഒ.സി ഉത്തരവാദിയല്ലെന്നും കരാറില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐ.ഒ.സിയെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. ഡ്രൈവര്‍ കണ്ണയ്യനെതിരെ മനഃപൂര്‍വമല്ലാത്തെ നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് പ്രകാരമുള്ള കുറ്റമാണ് വാഹന ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമപ്രകാരം ഗ്യാസ് ടാങ്കര്‍ ലോറിയില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.