അമ്മയും കാമുകനും ചേര്‍ന്ന് നാല് വയസ്സുകാരിയെ കൊലപ്പെടുത്തി

Wednesday 30 October 2013 10:53 pm IST

തൃപ്പൂണിത്തുറ: കാമുകനോടൊന്നിച്ചുള്ള സൈ്വരജീവിതത്തിനുവേണ്ടി നാല് വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെയും കാമുകനെയും സഹായിയെയും ചോറ്റാനിക്കര പോലീസ് അറസ്റ്റുചെയ്തു. മറവുചെയ്ത കുട്ടിയുടെ മൃതദേഹം ആരക്കുന്നത്തുനിന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ നടത്തിയ തെരച്ചിലില്‍ പുറത്തെടുത്തു. ചോറ്റാനിക്കര അമ്പാടിമലയില്‍  വാടകക്ക് താമസിക്കുന്ന തിരുവാണിയൂര്‍ സ്വദേശിനി റാണി (24)യുടെ മൂത്തമകള്‍ ഹസ്തയാണ് ദാരുണമായി കൊല്ലപ്പെട്ടത്. റാണിയുടെ കാമുകന്‍ ജെസിബി ഡ്രൈവര്‍ മീന്‍പാറ സ്വദേശി  രഞ്ജിത്ത് (29), ഇയാളുടെ സഹായിയായ ബേസില്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. തിരുവാണിയൂരിലെ വീട്ടില്‍ പിതാവ് ജോസഫ്, ഭര്‍ത്താവ് ഇരുമ്പനം സ്വദേശി വിനോദ്, മക്കളായ ഹസ്ത (4), ബ്ലസി (3) എന്നിവര്‍ക്കൊപ്പമാണ് റാണി താമസിച്ചിരുന്നത്.  വിനോദ് നേരത്തെ ഇവരെ വിട്ടുപോയിരുന്നു. വിനോദുമായി വിവാഹം നടത്തിയിരുന്നില്ലെന്നും പറയുന്നു. പിതാവ് ജോസഫ് പിന്നീട് റാണിയെ വീട്ടില്‍ കയറ്റിയിരുന്നില്ല. ഇളയകുട്ടി ബ്ലസി ജോസഫിനൊപ്പമാണ്. ഡ്രൈവര്‍ രഞ്ജിത്തുമായി ഏറെനാളായി അടുപ്പമുള്ള റാണി ചോറ്റാനിക്കര അമ്പാടിമല ക്ഷേത്രത്തിനടുത്താണ് ആദ്യം വാടകക്ക് താമസിച്ചത്. സംഭവം നടന്ന വാടകവീട്ടില്‍ കുട്ടിയടക്കം പ്രതികള്‍ മൂവരും താമസം തുടങ്ങിയിട്ട് 14 ദിവസമായി. 30 ന് രാവിലെ റാണി തിരുവാണിയൂരിലുള്ള പിതാവ് ജോസഫിനെ വിളിച്ച് കുട്ടിയെ കാണാനില്ലെന്ന്  പറയുകയായിരുന്നു. തുടര്‍ന്ന് പിതാവുമൊന്നിച്ച് ചോറ്റാനിക്കര പോലീസ്‌സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഈ സമയം കുട്ടിയുടെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ജോസഫിന്റെ വിശദീകരണത്തെത്തുടര്‍ന്ന് റാണിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. തുടര്‍ന്ന് രഞ്ജിത്തിനെയും സഹായി ബേസിലിനെയും പോലീസ് അറസ്റ്റുചെയ്തു. ഇരുവരെയും പോലീസ് ചോദ്യംചെയ്തതോടെ ചൊവ്വാഴ്ച വൈകിട്ട് 3.45 നും 9 നും ഇടക്കുള്ള സമയത്താണ് കുട്ടിയെ വീടിന്റെ ടറസിന് മുകളില്‍ കൊണ്ടുപോയി അടിച്ചുകൊന്നതെന്ന് റാണി പോലീസിനോട് വെളിപ്പെടുത്തി. കുട്ടിയുടെ മൃതദേഹവുമായി ബൈക്കില്‍ രഞ്ജിത്തും ബേസിലും ആരക്കുന്നത്തെ റബ്ബര്‍തോട്ടത്തിലെത്തി. ജെസിബി ഉപയോഗിച്ചാണ്് മൃതദേഹം കുഴിച്ചിട്ടതെന്നും പോലീസിനോട് വെളിപ്പെടുത്തി. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ ചുമതലയുള്ള പി.വി. പൗളിന്‍, മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം. മിജുമോന്‍, പിറവം സിഐ ഇമ്മാനുവല്‍ പോള്‍, ചോറ്റാനിക്കര എസ്‌ഐ വി.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ ആരക്കുന്നത്ത് മൃതദേഹം കണ്ടെടുക്കുന്നതിന് കൊണ്ടുപോയത്. കുട്ടിയെ കൊലപ്പെടുത്തും മുമ്പ് പീഡിപ്പിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ആരക്കുന്നത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍നിന്ന് പ്രതികള്‍ക്കുനേരെ പ്രതിഷേധവും രോഷപ്രകടനവും ഉണ്ടായി. ഇതോടെ പ്രതികളെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. മുളന്തുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.