ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ വൈകുന്നത്‌ ദുഃഖകരം - എന്‍എസ്‌എസ്‌

Thursday 31 October 2013 8:28 pm IST

കോട്ടയം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക്‌ മഹോത്സവം ആരംഭിക്കുന്നതിന്‌ ഇനി രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന മഹത്സംഗമത്തിന്‌ ആവശ്യമായ ഒരുക്കങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നുള്ളത്‌ വളരെ ദുഃഖകരമാണെന്ന്‌ എന്‍എസ്‌എസ്‌ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുകയനുസരിച്ച്‌ മാസ്റ്റര്‍പ്ലാന്‍ കമ്മറ്റി നടത്തിവരുന്ന ചില പ്രവര്‍ത്തനങ്ങളൊഴികെ മറ്റൊന്നും കാര്യമായി നടക്കില്ല. ഇപ്രവിശ്യവും പ്രാഥമികാവശ്യങ്ങള്‍ക്കും താമസത്തിനും വൃത്തിഹീനമായ സൗകര്യങ്ങളാണ്‌ ഭക്തരെ കാത്തിരിക്കുന്നതെങ്കില്‍ അത്‌ അവരോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുമെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ്‌ മരാമത്തുജോലികള്‍ ആരംഭിച്ചാല്‍മാത്രമേ അത്‌ തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. ഭക്തജനങ്ങള്‍ക്ക്‌ തൃപ്തിയോടെ ദര്‍ശനം നടത്തി മടങ്ങാന്‍ അവസരമൊരുക്കേണ്ടത്‌ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്‌. സംസ്ഥാനസര്‍ക്കാരും ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്‌. ദേവസ്വം ബോര്‍ഡും ബന്ധപ്പെട്ട വിവിധ വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിന്‌ സര്‍ക്കാര്‍ വ്യക്തമായ സംവിധാനമൊരുക്കണം. കഴിഞ്ഞവര്‍ഷത്തെ ഫലപ്രദമായ ഏകോപനത്തിലൂടെ കൂടുതല്‍ പരാതിക്കിടനല്‍കാതെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗൗരവമേറിയ സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തവണ അക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ടിയിരിക്കുന്നു. സുപ്രീംകോടതിയുടെ അനുമതിയോടെ ലഭിച്ച വനഭൂമി ഫലപ്രദമായി ഉപയോഗിച്ച്‌ തീര്‍ത്ഥാടകര്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും മാസ്റ്റര്‍പ്ലാന്‍ കമ്മറ്റിയും ശ്രദ്ധിക്കേണ്ടതുണ്ട്‌. ജലവിതരണം, വൈദ്യുതി, ആരോഗ്യരംഗം എന്നീ മേഖലകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മറ്റേതൊരു വകുപ്പിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ പെരുമാറേണ്ട ദേവസ്വം ബോര്‍ഡ്‌ ഇതേവരെ അവസരത്തിനൊത്ത്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചിട്ടില്ല. ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളില്ല. പല സ്ഥലങ്ങളിലും യാതൊരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടുപോലുമില്ല. ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ പാലിച്ച്‌ ശബരിമലയുടെ കാര്യത്തിലുള്ള എല്ലാ നടപടിക്രമങ്ങളും തികച്ചും സുതാര്യമായിരിക്കണം. ലേലനടപടികള്‍ പരാതിക്ക്‌ ഇടനല്‍കാതെ നടക്കേണ്ടതാണ്‌. നാളികേരം, ശര്‍ക്കര, ഏലക്ക തുടങ്ങിയ പലയിനങ്ങളുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യവ്യക്തികളെ സഹായിച്ചുവെന്ന പരാതികള്‍ ഇത്തവണ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ശബരിമല ഉത്സവത്തിന്റെ ഗൗരവം മനസ്സിലാക്കി അലംഭാവം വെടിഞ്ഞ്‌ അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വംബോര്‍ഡ്‌ ഇനിയുമെങ്കിലും തയ്യാറാകണം. ദേവസ്വം ബോര്‍ഡിന്റെ വരുമാനസ്രോതസ്സാണ്‌ ഈ മഹാക്ഷേത്രം എന്ന കാര്യം ഓര്‍ക്കണം. ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തില്‍പരം ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതുപോലും ഈ ക്ഷേത്രവരുമാനത്തെ ആശ്രയിച്ചാണെന്ന കാര്യം അവര്‍ മറക്കരുത്‌. ഇവിടെയെത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത്‌ ദേവസ്വം ബോര്‍ഡിന്റെ പ്രാഥമികകടമയാണ്‌. അതനുസരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ സംസ്ഥാനസര്‍ക്കാരാണെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രത്യേക ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.