കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്‌ കൊച്ചിയില്‍ തുടക്കമായി

Thursday 31 October 2013 9:52 pm IST

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), കേരള സര്‍ക്കാറിന്റെ ടൂറിസം-വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്റെ നാലാമത്‌ എഡിഷന്‌ കൊച്ചിയില്‍ തുടക്കമായി. നവംബര്‍ 2 വരെ കൊച്ചിയിലെ ഹോട്ടല്‍ ലേ മെറീഡിയനില്‍ നടക്കുന്ന കേരള ഹെല്‍ത്ത്‌ ടൂറിസം 2013 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ഉദ്ഘാടനം ചെയ്തത്‌. സംസ്ഥാനത്തെ ഹെല്‍ത്ത്‌ ടൂറിസത്തിന്റെ വികാസത്തിന്‌ കേരള സര്‍ക്കാറിന്‌ തികച്ചും അനുകൂലമായ കാഴ്ചപ്പാടാണ്‌ ഉള്ളതെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയിലെല്ലാം കേരളത്തിന്‌ മികവേറെയുണ്ടെന്നും ഹെല്‍ത്ത്‌ ടൂറിസ്റ്റുകളുടെ ലക്ഷ്യസ്ഥാനമായി മാറാനുള്ളതെല്ലാം കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി കേരളവും മാറേണ്ടതുണ്ട്‌. മികച്ച ഡോക്ടര്‍മാരും ആശുപത്രികളും റിസോര്‍ട്ടുകളും കേരളത്തിന്‌ സ്വന്തമായുണ്ടെങ്കിലും ഹെല്‍ത്ത്‌ ടൂറിസം കേന്ദ്രമെന്ന്‌ ബ്രാന്റ്‌ സൃഷ്ടിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിച്ചു. ഗാബണ്‍ അംബാസഡര്‍ ഡിസൈര്‍ കൂംബ, നൈജീരിയന്‍ അംബാസഡര്‍ അലി ഇല്യാസു, ദുബായ്‌ ഹെല്‍ത്ത്‌ അതോറിറ്റിയിലെ ഹെല്‍ത്ത്‌ റെഗുലേഷന്‍ വകുപ്പ്‌ ഡയറക്ടര്‍ ഡോ റമദാന്‍ ഇബ്രാഹിം മുഹമ്മദ്‌ അഹമ്മദ്‌ അല്‍ബ്ലൂഷി എന്നിവര്‍ മുഖ്യപ്ര?ാ‍ഷണം നടത്തി. കേരള ഹെല്‍ത്ത്‌ ടൂറിസം 2013ന്റെ ചെയര്‍മാനും ആസ്റ്റര്‍ മെഡിസിറ്റിയുടെയും ഡിഎം ഹെല്‍ത്ത്‌ കീയറിന്റെയും ഡിഎം വിംസിന്റെയും ചെയര്‍മാനുമായ ഡോ ആസാദ്‌ മൂപ്പന്‍, സിഐഐ സതേണ്‍ റീജിയന്‍ ഡെപ്യൂട്ടി ചെയര്‍മാനും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറുമായ നവാസ്‌ മീരാന്‍, കേരള ഹെല്‍ത്ത്‌ ടൂറിസം 2013ന്റെ വൈസ്‌ ചെയര്‍മാനും മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ പി വി ആന്റണി, സിഐഐ കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ചെയര്‍മാനും ജിയോജിത്‌ പാരിബ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറുമായ സി ജെ ജോര്‍ജ്ജ്‌ എന്നിവരും സംസാരിച്ചു. ഇന്ന്‌ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്ര പ്രതിനിധികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്‌. ഹെല്‍ത്ത്‌ ടൂറിസത്തിന്റെ വികാസത്തിനുള്ള നയരൂപീകരണം, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ്‌, മെഡിക്കല്‍ ടൂറിസം രംഗത്തെ വെല്ലുവിളികള്‍, കൂടുതല്‍ വളര്‍ച്ചയ്ക്കായി അന്താരാഷ്ട്ര ബന്ധങ്ങള്‍, ഹെല്‍ത്ത്കെയറിന്റെ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തിനുള്ള സാധ്യതകളും പ്രശ്നങ്ങളും, ഡെന്റര്‍-കോസ്റ്റമറ്റിക്‌-ഓര്‍ത്തോപ്പെഡിക്‌ മേഖലയില്‍ ഹെല്‍ത്ത്‌ ടൂറിസത്തിനുള്ള സാധ്യതകള്‍, വലിയ ബ്രാന്റാക്കി മെഡിക്കല്‍ ടൂറിസത്തെ മാറ്റാനുള്ള വഴികള്‍ എന്നിവയാണ്‌ കോണ്‍ഫറന്‍സുകളിലെ ചര്‍ച്ചാവിഷയങ്ങള്‍. ഇന്നും നാളെയുമായി നടക്കുന്ന ഹെല്‍ത്ത്‌ ടൂറിസം എക്സിബിഷനില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്‌. ഡെന്റല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രത്യേക പവലിയനാണ്‌ ഈ വര്‍ഷത്തെ കേരള ഹെല്‍ത്ത്‌ ടൂറിസത്തിന്റെ സവിശേഷത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.