ഇന്ത്യന്‍ ഓഹരി വിപണി മികച്ച ഉയരത്തില്‍

Tuesday 5 November 2013 10:59 am IST

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തെയും മികച്ച ഉയരത്തില്‍‍. സെന്‍സെക്‌സ് 21230ഉം നിഫ്റ്റി 6300 പോയിന്റും പിന്നിട്ടു. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടൊപ്പം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. അടിസ്ഥാന സൗകര്യ മേഖലയിലെ മികച്ച പ്രകടനമാണ് ഇന്നത്തെ ഓഹരിമുന്നേറ്റത്തിന് പിന്നില്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് തുടരുന്നതും ഇന്ത്യന്‍ ഓഹരിവിപണിക്ക് നേട്ടമായി. അമേരിക്കന്‍ റിസര്‍വ് സാമ്പത്തിക പാക്കേജ് തുടരുമെന്ന സൂചനകളും വിപണിക്ക് ഉണ‍ര്‍വേകി. അഞ്ച്‌ വര്‍ഷത്തിനും പത്തു മാസത്തിനും ശേഷമാണ് സെന്‍സെക്‌സ് ഇത്ര ഉയര്‍ന്ന പോയിന്റില്‍ എത്തുന്നത്. 2008 ജനുവരിയിലെ 21206.77 പോയിന്റ് എന്ന മുന്‍കാല റെക്കോര്‍ഡ് ഭേദിച്ചാണ് സെന്‍സെക്‌സ് മുന്നേറ്റം നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സെന്‍സെക്‌സില്‍ 700 പോയിന്റോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 130 പോയിന്റിന്റെ വര്‍ധനവോടെ 21,164.52 എന്ന നിലയിലായിരുന്നു സെന്‍സെക്‌സ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേരിയ ഉയര്‍ച്ചയുണ്ടായി. ആറു പൈസയുടെ ഉയര്‍ച്ചയോടെ 61.85 എന്ന നിലയിലാണ് രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.