ബ്ലേഡ് മാഫിയ ഭീ‍ഷണി: ദമ്പതികള്‍ ആത്മഹത്യ ചെയ്തു

Tuesday 5 November 2013 10:59 am IST

നെയ്യാറ്റിന്‍കര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശികളായ ശരത്, സീനു എന്നിവരാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് സീനു മരിച്ചത്. ശരത് ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കരയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍സ് നടത്തുന്ന ശരത് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് വിവിധ ബ്ലേഡ് മാഫിയകളില്‍ നിന്നായി പത്ത് ലക്ഷം രൂപ കടമെടുത്തത്. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ കടക്കെണിയിലായ ശരതിന് പണം തിരിച്ചടയ്ക്കാനായില്ല. ബ്ലേഡ് മാഫിയയില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ വസ്തു വിറ്റ് പണം നല്‍കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്ലേഡ് മാഫിയ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശരതും ഭാര്യയും ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് ഇരുവരെയും വീട്ടില്‍ വിഷം കഴിച്ച് അവശനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരത് മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് സിനുവും മരിച്ചു. ശരതിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സീനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.