ഗാഡ്ഗില്‍: റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍

Friday 1 November 2013 10:21 pm IST

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ നാശം കേരളത്തിന്റെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് 31 പരിസ്ഥിതി സംഘടനകള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ദക്ഷിണേന്ത്യയുടെ ജൈവവൈവിധ്യക്കലവറയും ജലസ്രോതസ്സുമായ പശ്ചിമഘട്ടം ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഇതില്‍ തന്നെ ഏറ്റവും പ്രധാനമായ എട്ടെണ്ണത്തില്‍ ഒന്ന് പശ്ചിമഘട്ടമാണ്. പശ്ചിമഘട്ട പ്രദേശത്തില്‍ ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളില്‍ ഏറ്റവും വീതി കുറഞ്ഞതും ലോലവുമായ സംസ്ഥാനമാണ് കേരളം. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിത്തകര്‍ച്ചയാണ് ഇന്ന് കേരളത്തിലെ ജനജീവിതത്തില്‍ ദുരന്തങ്ങളായി മാറുന്നത്. വര്‍ഷത്തില്‍ 3,000 മില്ലീമീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം മിക്കപ്പോഴും വരള്‍ച്ച ബാധിത പ്രദേശമായി മാറുകയാണ്. ജല സമ്പത്ത് നിലനിര്‍ത്തല്‍, ജൈവവൈവിധ്യത്തിന്റെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും ശോഷണം, സുസ്ഥിര വികസനം ഉറപ്പാക്കല്‍, ആദിവാസികളുടെയും വനവാസികളുടെയും അവകാശസംരക്ഷണം തുടങ്ങിയവയെല്ലാം ഉറപ്പ് വരുത്തണമെങ്കില്‍ പശ്ചിമഘട്ട ആവാസവ്യവസ്ഥയെ സംരക്ഷിക്കണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമഗ്രവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് താത്ത്വികമായി അംഗീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പശ്ചിമഘട്ട അതോറിട്ടി രൂപീകരിച്ച് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയത്. ഡോ. എ.അച്യുതന്‍, തായാട്ട് ബാലന്‍, പ്രൊഫ.ടി. ശോഭീന്ദ്രന്‍, ടി.വി. രാജന്‍, ഇ.കെ. ശ്രീനിവാസന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി, ഗ്രീന്‍കമ്മ്യൂണിറ്റി, ലോഹ്യ വിചാരവേദി, പ്രകൃതിസംരക്ഷണ സമിതി, പരിസ്ഥിതിസംരക്ഷണ സമിതി, കാസര്‍കോട് ജില്ലാ പരിസ്ഥിതിസമിതി തുടങ്ങി മുപ്പതോളം പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.