രോഹിത നക്ഷത്രം

Saturday 2 November 2013 9:52 pm IST

ബംഗളൂരു: ദീപാവലി ദിനത്തില്‍ ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ രോഹിത്‌ ശര്‍മ്മയുടെ വക റണ്ണുകളുടെ വെടിക്കെട്ട്‌. ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക്‌ ഇരട്ട സെഞ്ചുറി (158 പന്തില്‍ നിന്ന്‌ 209). ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരമാണ്‌ രോഹിത്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേണ്ടര്‍ സെവാഗുമാണ്‌ ഇതിന്‌ മുന്‍പ്‌ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്‌. ഓപ്പണറായിറങ്ങിയ രോഹിത്‌ സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കത്തിന്‌ തിരികൊളുത്തിയപ്പോള്‍ സ്റ്റേഡിയം ശരിക്കുമൊരു ദീപാവലി ആഘോഷത്തിന്റെ പ്രതീതിയിലായിരുന്നു. ഗ്രൗണ്ടിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക്‌ രോഹിത്‌ ശര്‍മ്മയുടെ ബാറ്റില്‍ നിന്ന്‌ റണ്ണുകള്‍ പ്രവഹിച്ചപ്പോള്‍ ദീപാവലി ആഘോഷം കെങ്കേമമായ നിര്‍വൃതിയിലായി കാണികള്‍. 16 സിക്സറും 12 ബൗണ്ടറികളും അടങ്ങുന്നതാണ്‌ ഏകദിന ക്രിക്കറ്റ്‌ കണ്ട രോഹിത്‌ ശര്‍മ്മയുടെ ഈ മനോഹര ഇന്നിംഗ്സിലുണ്ടായിരുന്നത്‌. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്കോറാണിത്‌. കൂടാതെ ഏകദിനത്തില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിച്ചതിന്റെ റെക്കോഡും റണ്‍വേട്ടയ്ക്കിടെ രോഹിത്‌ ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചു. 15 സിക്സറുകളടിച്ച ഓസ്ട്രേലിയയുടെ ഷെയ്ന്‍വാട്സന്റെ പേരിലുള്ള റെക്കോര്‍ഡാണ്‌ 16 കൂറ്റന്‍ സിക്സറുകള്‍ വര്‍ഷിച്ച്‌ രോഹിത്‌ സ്വന്തം പേരിലാക്കിയത്‌. സ്കോര്‍ 197 ല്‍ നില്‍ക്കെ മക്കായി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത്‌ സിക്സര്‍ പറത്തിയാണ്‌ രോഹിത്‌ 200 കടന്നത്‌. അടുത്ത പന്ത്‌ ഡീപ്‌ മിഡ്‌വിക്കറ്റിന്‌ മുകളിലൂടെ സിക്സറിലേക്ക്‌ പറന്നു. ബാക്കിയുള്ളത്‌ നാല്‌ പന്തുകള്‍. ഇതോടെ സെവാഗിന്റെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (219റണ്‍സ്‌) തകരുമെന്ന്‌ സര്‍വ്വരും ഉറച്ചുവിശ്വസിച്ചു. എന്നാല്‍ മക്കയുടെ മൂന്നാം പന്തില്‍ ഫൈന്‍ ലെഗ്ഗില്‍ ഹെന്‍റിക്വസിന്‌ ക്യാച്ച്‌ നല്‍കിയതോടെ രോഹിത്തിന്റെ മഹത്തായ, സ്വപ്നസുന്ദരമായ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു. എങ്കിലും സച്ചിനെ മറികടന്ന്‌ രോഹിത്‌ ശര്‍മ്മ രണ്ടാമതെത്തി. 2010 ഫെബ്രുവരി 24ന്‌ ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പുറത്താകാതെ 200 റണ്‍സ്‌ തികച്ചപ്പോള്‍ ക്രിക്കറ്റില്‍ അത്‌ പുതിയ ചരിത്രമായി മാറിയിരുന്നു. 147 പന്തുകളില്‍ നിന്ന്‌ 25 ബൗണ്ടറികളും മൂന്ന്‌ സിക്സറുമടങ്ങിയതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്‌. തന്റെ റെക്കോഡ്‌ തകര്‍ക്കുന്നത്‌ സെവാഗായിരിക്കുമെന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞത്‌ തന്നെ വൈകാതെ സംഭവിച്ചു. 2011 ഡിസംബര്‍ എട്ടിന്‌ ഇന്‍ഡോറില്‍ സെവാഗ്‌ തന്നെ ആ റെക്കോഡ്‌ ഭേദിച്ചു. വിന്‍ഡീസിനെതിരെ 219 റണ്‍സ്‌ അടിച്ച്‌ സെവാഗ്‌ റെക്കോഡ്‌ തിരുത്തി. 149 പന്തില്‍ നിന്ന്‌ 25 ബൗണ്ടറികളും 7 സിക്സറുകളുമാണ്‌ അന്ന്‌ സെവാഗിന്റെ ബാറ്റില്‍ നിന്നൊഴുകിയത്‌. ഇന്നലെ ഓസീസിനെതിരെ രോഹിത്‌ ശര്‍മ്മയും ഇരട്ട ശതകം തികച്ചതോടെ ഏകദിന ക്രിക്കറ്റില്‍ 200 കടന്ന മൂന്നുപേരും ഇന്ത്യക്കാര്‍ തന്നെയായി. ക്ഷമയോടെ തുടങ്ങി 50 തികച്ച ശേഷം ആക്രമണവഴിയിലേക്ക്‌ മാറിയ രോഹിത്‌ ശര്‍മ്മയ്ക്ക്‌ മുന്നില്‍ ഓസീസ്‌ ബൗളര്‍മാരെല്ലാം കാഴ്ചക്കാരായി. 114 പന്തുകളില്‍ നിന്ന്‌ സെഞ്ച്വറി തികച്ച രോഹിത്‌ പിന്നെ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിവേഗം 150 ലെത്തിയ മുംബൈ താരം സ്പിന്നര്‍ ദോഹര്‍ട്ടി എറിഞ്ഞ 47-ാ‍ം ഓവറില്‍ വാരിയത്‌ 26 റണ്‍സാണ്‌. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന്‌ നടന്നത്‌ രോഹിത്‌ ശര്‍മ്മ ഷോ തന്നെയായിരുന്നു. നായകന്‍ ധോണിയും (62) ശിഖര്‍ ധവാനും (60) രോഹിത്‌ ശര്‍മ്മയ്ക്ക്‌ മികച്ച പിന്തുണ നല്‍കി. 100-ല്‍ നിന്ന്‌ 200ലേക്കെത്താന്‍ രോഹിത്‌ ശര്‍മ്മ എടുത്തത്‌ 42 പന്തുകള്‍ മാത്രമാണ്‌. ഇതിനിടെ കലണ്ടര്‍ വര്‍ഷത്തില്‍ രോഹിത്‌ ശര്‍മ്മ 1000 റണ്‍സും പിന്നിട്ടു. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്ങ്സ്‌ ആറ്‌ വിക്കറ്റിന്‌ 383 എന്ന കൂറ്റന്‍ സ്കോറിലെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്‌ ഇന്ത്യ ഇന്ന്‌ കുറിച്ചത്‌. റെക്കോഡുകളുടെ പരമ്പര തന്നെയായി ഇന്ത്യ-ഓസീസ്‌ പരമ്പര മാറുകയാണ്‌ ചരിത്രത്തില്‍. പിന്തുര്‍ന്ന്‌ ജയിക്കുന്ന രണ്ടാമത്തെ സ്കോര്‍, കുറഞ്ഞ പന്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി കോലി മാറിയത്‌. രോഹിത്‌ ശര്‍മ്മയുടെ ഏകദിനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്ന ഇന്നിംഗ്സ്‌, ഏറ്റവും കൂടുതല്‍ റണ്‍സ്‌ പിറന്ന പരമ്പര... അങ്ങനെ റെക്കോഡുകളുടെ ഒഴുക്കാണ്‌ ഈ പരമ്പരയില്‍ ഉണ്ടായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.