ആരാണീ ബാലസുബ്രഹ്മണ്യം

Saturday 2 November 2013 5:44 pm IST

പത്തറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വടക്കാഞ്ചേരിയില്‍ കാഴ്ച്ചയില്ലാത്ത രാമന്‍ നായര്‍ എന്നൊരാളുണ്ടായിരുന്നു. കണ്ണുപൊട്ടന്‍ രാമന്‍ നായര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന രാമന്‍ നായര്‍ പക്ഷേ നല്ലൊരു കലാകാരനായിരുന്നു. വടക്കാഞ്ചേരി വഴി കടന്നുപോകുന്ന ട്രെയിനുകളില്‍ ചില്ലറ പ്രകടനങ്ങള്‍ നടത്തി കണ്ണുപൊട്ടന്‍ രാമന്‍ നായര്‍ അത്താഴത്തിന്‌ വക കണ്ടെത്തി. കാക്കയുടെയും പട്ടിയുടെയും മറ്റും ശബ്ദം അനുകരിച്ചു തുടങ്ങുന്ന ആ പ്രകടനം അങ്ങനെ കത്തിക്കയറുമ്പോള്‍ യാത്രക്കാര്‍ക്ക്‌ അത്‌ നല്ലൊരു നേരമ്പോക്കുമാകും. ശബ്ദാനുകരണത്തില്‍ മിടുക്കനായിരുന്ന രാമന്‍ നായര്‍ അവസാനം ആകാശവാണി അനൗണ്‍സ്മെന്റ്‌ ശൈലിയില്‍ സ്വയം പരിചയപ്പെടുത്തുന്നതോടെ കലാപ്രകടനങ്ങള്‍ അവസാനിക്കും. ട്രെയിനില്‍ കയറുന്ന കുട്ടികള്‍ക്ക്‌ അന്ന്‌ ട്രെയിനിനെക്കാള്‍ വലിയ വിസ്മയമായിരുന്നു രാമന്‍നായരും അയാളുടെ ഈ പ്രകടനങ്ങളും. വടക്കാഞ്ചേരിയിലെ ഗവണ്‍മെന്റ്‌ ഹൈസ്കൂള്‍ കലാമത്സരങ്ങളില്‍ മുതിര്‍ന്ന ചേട്ടന്‍മാര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനം വാരിക്കൂട്ടുന്നതുനോക്കി അതിശയിച്ച്‌ നില്‍ക്കുന്ന ഒരു പയ്യനുണ്ടായിരുന്നു, ബാലസുബ്രഹ്മണ്യം. ഒരുതവണയെങ്കിലും സ്റ്റേജില്‍ കയറി സമ്മാനം നേടണം. അതുമാത്രമായിരുന്നു ബാലസുബ്രഹ്മണ്യന്റെ ആഗ്രഹം. ഒടുവില്‍ ഒമ്പതാം ക്ലാസ്സിലെത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ പ്രച്ഛന്നവേഷത്തിന്‌ പേരു നല്‍കി. പ്രഗത്ഭരായ സിനിമാനടന്‍മാരെയും രാഷ്ട്രീയക്കാരെയും അനുകരിച്ച്‌ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റ്‌ മത്സരാര്‍ത്ഥികള്‍. പക്ഷേ ബാലസുബ്രഹ്മണ്യത്തിന്‌ ഒരു കൂസലുമില്ല. തന്റെ ഊഴമായപ്പോള്‍ നേരെ കയറിച്ചെന്നു; സ്റ്റേജില്‍ അതാ പ്രത്യക്ഷപ്പെടുന്നു വടക്കാഞ്ചേരിക്കാര്‍ക്ക്‌ ഏറെ പരിചിതനായ കണ്ണുപൊട്ടന്‍ രാമന്‍നായര്‍. രാമന്‍ നായര്‍ അറിയാതെ സ്റ്റേജിലെത്തിപ്പോയതാണെന്ന്‌ ധരിച്ചവരും അന്ന്‌ സദസ്സിലുണ്ടായിരുന്നു. റിസള്‍ട്ട്‌ വന്നപ്പോള്‍ ബാലസുബ്രഹ്മണ്യത്തിന്റെ കണ്ണുപൊട്ടന്‍ രാമന്‍നായര്‍ക്ക്‌ ഒന്നാംസ്ഥാനം. കണക്കും സയന്‍സും പഠിച്ച്‌ മടുക്കുമ്പോള്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ വരദാനം പോലെയാണ്‌ ഡ്രോയിംഗ്‌ ക്ലാസ്സെത്തുന്നത്‌. ബ്ലാക്ബോഡില്‍ ചോക്കുകൊണ്ട്‌ എന്തെങ്കിലും വരച്ചിട്ട്‌ അധ്യാപകന്‌ വെറുതെയിരിക്കാം. കുട്ടികള്‍ക്ക്‌ കഥ പറഞ്ഞിരിക്കാനും ഉറക്കം തൂങ്ങാനും ഏറെ സൗകര്യമുള്ള ക്ലാസ്‌. പക്ഷേ ഒരു കുട്ടി മാത്രം വരച്ചും മായ്ച്ചും ബോഡിലെ ചിത്രം അതേപടി പകര്‍ത്തുകയാണ്‌. അവന്റെ മുന്നില്‍ ആ ചിത്രമല്ലാതെ മറ്റൊന്നുമില്ല. മാഷിന്റെ കണ്ണ്‌ അവന്‌ പിന്നാലെയുണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത്‌ അദ്ദേഹം ആ ചിത്രകാരനെ പ്രോത്സാഹിപ്പിച്ചു. വളര്‍ന്നു വലുതായപ്പോള്‍ മലയാളത്തിലെ പ്രമുഖ വാരികകളില്‍ പ്രസിദ്ധീകരിച്ച കഥകള്‍ക്ക്‌ മനോഹരമായ ചിത്രങ്ങളിലൂടെ ജീവന്‍ നല്‍കി ബാലസുബ്രഹ്മണ്യം എന്ന ആ ചിത്രകാരന്‍. വടക്കാഞ്ചേരിയില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത്‌ നിലാവുള്ള രാത്രികളില്‍ താത്ക്കാലികമായി ഒരു സ്റ്റേജുയരും. അന്നത്തെ പ്രശസ്ത വായനശാലകളുടെയും കലാസമിതികളുടെയും നേതൃത്വത്തില്‍ നാടകമത്സരങ്ങള്‍ അവിടെ അരങ്ങേറും. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ നാടു മുഴുവന്‍ ഉറക്കമിളച്ച്‌ കാണുന്ന ആ നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ പ്രവര്‍ത്തിക്കുമായിരുന്നു. 1952 ല്‍ നടന്ന നാടകമത്സരത്തില്‍ ഒരു പത്തൊമ്പത്‌ വയസുകാരന്‍ സര്‍വ്വരെയും അതിശയിപ്പിച്ചു. എല്ലാ ഭ്രാന്തന്‍മാരുടെ ജീവിതത്തിന്‌ പിന്നിലും വേദനാജനകമായ ഒരു കഥയുണ്ടെന്ന്‌ സമൂഹത്തിനോട്‌ വിളിച്ചു പറയുന്നതായിരുന്നു അവന്റെ ഏകാംഗനാടകം. പേര്‌ 'നിമിഷങ്ങളറിയാത്ത ജീവിതം'. രംഗസജ്ജീകരണങ്ങളില്‍ അത്രയേറെ സാങ്കേതികത പ്രയോഗിക്കാത്ത ഒരു കാലത്ത്‌ പത്തൊമ്പത്‌ വയസ്‌ മാത്രമുള്ള നാടകകൃത്ത്‌ സ്റ്റേജില്‍ വാഴപ്പിണ്ടികളും പച്ചിലകളും നിറച്ച്‌ ശ്മശാനം തീര്‍ത്തു. കര്‍ട്ടനില്‍ നിഴലുകള്‍ കൊണ്ട്‌ അതിശയം സൃഷ്ടിച്ച്‌ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ചു. അമ്പരപ്പോടെയായിരുന്നു നാട്ടുകാരും വിധികര്‍ത്താക്കളും 'നിമിഷങ്ങളറിയാത്ത ജീവിതം' കണ്ടുതീര്‍ത്തത്‌. ഫലപ്രഖ്യാപനം വന്നപ്പോള്‍ പക്ഷേ ഞെട്ടിയത്‌ ആ പയ്യനായിരുന്നു. നല്ല നാടകത്തിനും നല്ല നടനുമുള്ള അവാര്‍ഡ്‌. നാടകരചയിതാവും സംവിധാനവും രംഗാവിഷ്ക്കാരവും അഭിനയവുമെല്ലാം ബാലസുബ്രഹ്മണ്യം തന്നെയായിരുന്നു. 'മലയാളം എക്സ്പ്രസ്‌' പത്രം ഈ പയ്യനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തു. അങ്ങനെ വടക്കാഞ്ചേരിയില്‍ നാടകക്കമ്പം തലക്ക്‌ പിടിച്ചു നടന്ന ബാലസുബ്രഹ്മണ്യമെന്ന പയ്യനെ കേരളത്തിലെ തലമൂത്ത നാടകക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കലാകാരന്‍മാരുടെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച്‌ മാത്രം കേട്ടിരുന്ന പയ്യന്റെ വീട്ടുകാര്‍ക്ക്‌ പക്ഷേ ഇതൊന്നും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. നാടകം കളിക്കാന്‍ പോകുന്നതിന്‌ വിലക്കായി. കരഞ്ഞും പട്ടിണി കിടന്നും ഒരുവിധത്തില്‍ അര്‍ദ്ധസമ്മതം വാങ്ങി വീണ്ടും സ്റ്റേജുകളിലേക്ക്‌, അമച്വര്‍ നാടകവേദികളില്‍ അങ്ങനെ ബാലസുബ്രഹ്മണ്യം സജീവമായി. വള്ളത്തോളിന്റെ മരുമകന്‍ വള്ളത്തോള്‍ ശ്രീകുമാര്‍, പരിയാനമ്പറ്റ നമ്പൂതിരിപ്പാട്‌, ചുട്ടി വിദഗ്ധന്‍ കലാമണ്ഡലം ശിവരാമന്‍ നായര്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അങ്ങനെ ബാലസുബ്രഹ്മണ്യത്തിന്‌ അവസരം ലഭിച്ചു. ഒരു ചിത്രകാരന്‍ നാടകകൃത്തും നടനും സംവിധായകനുമായാല്‍ ഉണ്ടാകുന്ന സവിശേഷതകള്‍ നാടകവേദികളില്‍ കണ്ട്‌ ജനം കയ്യടിച്ചു. നാടകത്തോടൊപ്പം ഒരു പാഷനായി ചിത്രകല കൊണ്ടു നടന്ന ബാലസുബ്രഹ്മണ്യന്‍ ഇതിനിടെ ചിത്രകലയിലും ഡിപ്ലോമ നേടി. മാതൃഭൂമി, മനോരമ പത്രങ്ങളിലും മറ്റ്‌ ആനുകാലികങ്ങളിലും നിരന്തരം വരയ്ക്കാന്‍ തുടങ്ങി. കിട്ടുന്ന സമയങ്ങളില്‍ കഥകളും കവിതകളും എഴുതി. ചിലത്‌ പ്രസിദ്ധീകരിച്ചു. സമകാലീന സംഭവങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ വരാന്‍ തുടങ്ങി. ഇതിനൊക്കെയിടയില്‍ സമയം കണ്ടെത്തി മനോഹരമായ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകമുയരുന്നതിന്‌ മുമ്പ്‌ കടലിന്റെ പശ്ചാത്തലത്തില്‍ 1963 ല്‍ വരച്ച വിവേകാനന്ദന്റെ പെയിന്റിംഗ്‌ ഇന്നും ബാലസുബ്രഹ്മണ്യത്തിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നു. കടല്‍ജീവിതം അടുത്തറിയാന്‍ പത്തും ഇരുപതും ദിവസം ഒരു മൂവി ക്യാമറയുമായി കടലില്‍ തന്നെ കഴിച്ചുകൂട്ടിയ യുവാവായിരുന്നു എഴുപതുകളില്‍ ബാലസുബ്രഹ്മണ്യം. ഹൈസ്പീഡ്‌ ഫിലിമുകള്‍ ഇറങ്ങിയിട്ടില്ലാത്ത ആ കാലത്ത്‌ ഓര്‍വോ ഫിലിമുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ലക്ഷ്യം ജോലി ചെയ്യുന്ന സെന്‍ട്രല്‍ ഫിഷറീസ്‌ നോട്ടിക്കല്‍ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ ട്രെയിനിംഗിനായി ഒരു ഡോക്യുമെന്ററി. മനസ്സില്‍ സ്ക്രിപ്റ്റ്‌ തയ്യാറാക്കി ഓരോ ഷോട്ടും ചിത്രീകരിച്ചു. ക്യാമറാമാന്റെയും ഡയറക്ടറുടെയും പ്രൊഡ്യൂസറുടെയുമെല്ലാം വേഷം സ്വയമണിഞ്ഞ്‌ ആ ചെറുപ്പക്കാരന്‍ കടലിലും തീരത്തും അലഞ്ഞു നടന്നു. കരയിലെ അവസാന വിഭവവും തീര്‍ന്നാലും കടല്‍ വിഭവസമൃദ്ധിയോടെ നമ്മെ കാത്തിരിക്കുമെന്ന സന്ദേശമായിരുന്നു ഡോക്യുമെന്ററിയുടേത്‌. ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ക്യാമറ വരുത്തിച്ച്‌ സ്വയം പഠിച്ചു ബാലസുബ്രഹ്മണ്യന്‍. മൊണ്ടാഷും ആംബിയന്‍സും എന്താണെന്ന്‌ പുസ്തകങ്ങളിലൂടെ വായിച്ച്‌ മനസ്സിലാക്കി. തെറ്റുമ്പോള്‍ സാങ്കേതിക വശങ്ങള്‍ സ്വയം പരീക്ഷിച്ചു പഠിച്ചു. സ്റ്റില്‍ ക്യാമറകളിലും മൂവി ക്യാമറകളിലുമായി പകര്‍ത്തിയ അരനൂറ്റാണ്ടുമുമ്പത്തെ ദൃശ്യങ്ങളുടെ വന്‍ശേഖരമുണ്ട്‌ ഇപ്പോഴും ബാലസുബ്രഹ്മണ്യന്റെ പക്കല്‍. കലാജീവിതത്തിനിടയില്‍ കുടുംബത്തെ പോറ്റാന്‍ ഔദ്യോഗിക വേഷങ്ങള്‍ വേറെ. 1957 മുതല്‍ നാഗ്പൂരിലെ ഖാന്‍ഡേല്‍വാല്‍ഫെറോ അലോയ്സ്‌ കമ്പനിയില്‍ ലാബ്‌ അസിസ്റ്റന്റായി. 61 മുതല്‍ 64വരെ മാതൃഭൂമിയില്‍ പ്രോസസ്സ്‌ സെക്ഷന്‍ ഇന്‍ ചാര്‍ജ്ജായും 1964 മുതല്‍ കാഷ്യൂ ആന്‍ഡ്‌ സ്പൈസസ്‌ കമ്മറ്റിയില്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ഫോട്ടോഗ്രാഫി സെക്ഷന്‍ ചീഫായും സേവനം. 1968 മുതല്‍ സെന്‍ട്രല്‍ ഫിഷറീസ്‌ ഓപ്പറേറ്റീവ്സിലും തുടര്‍ന്ന്‌ സെന്‍ട്രല്‍ ഫിഷറീസ്‌ നോട്ടിക്കല്‍ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ ട്രെയിനിംഗ്‌ സ്ഥാപനത്തിലും ആഡ്‌ ആന്‍ഡ്‌ ഫോട്ടാഗ്രാഫി സെക്ഷന്റെ ചീഫായും പ്രവര്‍ത്തിച്ചു. സ്റ്റില്‍ ക്യാമറയും മൂവി ക്യാമറയും ബ്രഷും ഒരേപോലെ വഴങ്ങുകയായിരുന്നു ഈ കലാകാരന്‌. ഇതിനിടയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി ഡിസൈന്‍സും മള്‍ട്ടികളര്‍ പോസ്റ്റേഴ്സും ചെയ്തുകൊണ്ടിരുന്നു. 78 വയസ്സായി ബാലസുബ്രഹ്മണ്യത്തിന്‌. എറണാകുളത്ത്‌ കടവന്ത്രയില്‍ പൊന്നേത്ത്‌ ടെമ്പിള്‍ റോഡിലെ ശ്രീഹരി എന്ന വീട്ടില്‍ ഭാര്യ രമാദേവിക്കൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്നു. മകള്‍ ശാലിനി രാംദാസ്‌. മകന്‍ കൈലാസ്‌ ബി മേനോന്‍. അച്ഛന്റെ കലാവാസന മക്കള്‍ക്കുമുണ്ട്‌. 'അലൈ പായുതേ' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം തയ്യാറാക്കി കൈലാസ്‌ ചലച്ചിത്ര രംഗത്തേക്ക്‌ കടന്നിരുന്നു. തുടര്‍ന്ന്‌ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഈ മേഖല വിട്ട്‌ ഇപ്പോള്‍ ദുബായിയില്‍ ഒരു കമ്പനിയില്‍ ചീഫ്‌ ഡിസൈനറായി ജോലി നോക്കുകയാണ്‌ കൈലാസ്‌. കലാകാരന്റെ ഉദാസീനതയോ നീരസമോ ഇല്ലാതെ ജീവിതത്തെ നോക്കിക്കണ്ട വ്യക്തിയായിരുന്നു ബാലസുബ്രഹ്മണ്യം. ചിട്ടയായ ജീവിതത്തില്‍ ശാന്തമായി സമൂഹത്തെ വീക്ഷിച്ചു. ഓഫീസും വീട്ടുഭരണവുമായി പൊറുതിമുട്ടുന്ന ഒരു യുവതിയുടെ ജീവിതം പറയുന്ന ഓട്ടന്‍തുള്ളലുമായി ബാലസുബ്രഹമണ്യം ഒരിക്കല്‍ വേദിയിലെത്തി. നിസ്സാരങ്ങളെന്നു കരുതി പലരും ശ്രദ്ധിക്കാത്ത പ്രശ്നങ്ങള്‍ പോലും അദ്ദേഹം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച്‌ സഹപ്രവര്‍ത്തകരെ അതിശയിപ്പിച്ചു. പ്രതിഭാശാലിയായ ഭര്‍ത്താവിന്റെ കര്‍മ്മമണ്ഡലത്തിന്‌ നിശബ്ദ സാന്നിധ്യമായിരുന്ന ഭാര്യ രമാദേവി ഇന്നും ആ ഓട്ടന്‍തുള്ളലിലെ വരികള്‍ ആവേശത്തോടെ ഓര്‍ക്കുന്നു- കുക്കുടമൊന്നു നീട്ടിക്കൂവിയ തക്കമുണര്‍ന്നു ചാരുസുലോചന ഘടികാരത്തിന്‍ സൂചി പറഞ്ഞു ചടുലത കൊള്ളൂ മണിയഞ്ചായി കട്ടന്‍കാപ്പീ വേണം കണവന്‌ ഇഷ്ടത്തോടെ ലാട്രിന്‍ പൂകാന്‍ കുട്ടികള്‍ രണ്ടും അപ്പര്‍ ലോവര്‍ കിന്റര്‍ തോട്ടമതെത്തീടേണം... സമൂഹത്തിന്റെ വികരസ്രോതസ്സാണ്‌ കലാകാരനെന്നും അവന്റ ഉള്ളില്‍ ഉണങ്ങാത്ത ഒരു മുറിവുണ്ടെന്നും വിശ്വസിക്കുന്ന കലാകാരനാണ്‌ ബാലസുബ്രഹ്മണ്യം. അതുകൊണ്ട്‌ തന്നെ സാമൂഹിക പ്രതിബദ്ധത എന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ വിരമിച്ചതിന്‌ ശേഷം കഴിഞ്ഞ 22 വര്‍ഷമായി ചിത്രരചന, എഴുത്ത്‌, അഭിനയം, സംവിധാനം എന്നിവ സജീവമായി തുടരുന്നു. ഇടയ്ക്ക്‌ 'ഓ ഫാബി'എന്ന സിനിമയുടെ പോസ്റ്റര്‍ ഡിസൈനിംഗും ചെയ്തു. ബാലസുബ്രഹ്മണ്യന്റെ ചൊല്ലിയാട്ടം എന്ന നാടകം കേരള സാഹിത്യ അക്കാദമിയുടെ 2011 ലെ നാടകഗ്രന്ഥ പുരസ്കാരത്തിന്‌ അര്‍ഹമായിരുന്നു. ചൊല്ലിയാട്ടത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചപ്പോള്‍ ബാലസുബ്രഹ്മണ്യം എന്ന പേര്‍ ആരൊക്കെയോ വായിച്ചു. പക്ഷേ ആരുമന്വേഷിച്ചില്ല ആരായിരുന്നു ഈ മനുഷ്യനെന്ന്‌. അരനൂറ്റാണ്ട്‌ പിന്നിട്ട കലാസപര്യയും സമര്‍പ്പണവും ആരുമറിഞ്ഞില്ല. ഒരു മാധ്യമപ്രവര്‍ത്തകരും ആ മുറ്റത്തേക്ക്‌ കടന്നതുമില്ല. ബാലസുബ്രഹ്മണ്യം എന്ന പ്രതിഭയെ അറിയേണ്ടതുപോലെ കേരളം അറിഞ്ഞില്ല എന്നതാണ്‌ സത്യം. സിനിമകളില്‍ ഉള്‍പ്പെടെ ഏറെ അവസരങ്ങള്‍ ലഭിക്കാമായിരുന്നിട്ടും എന്തുകൊണ്ട്‌ അതൊക്കെ പ്രയോജനപ്പെടുത്തിയില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം നല്‍കുന്ന ഉത്തരം ഇങ്ങനെ: "അവസരങ്ങള്‍ ഏറെ ഉണ്ടായിരുന്നിട്ടും ഒന്നിലും ഉറച്ചുനില്‍ക്കാനാവാഞ്ഞത്‌ അവസ്ഥകള്‍ക്കൊത്തും ആവശ്യങ്ങള്‍ക്കൊത്തും ജീവിതം കൊണ്ടുപോയതിനാലാണ്‌. എങ്കിലും ഞാന്‍ തൃപ്തനാണ്‌. ആഗ്രഹങ്ങള്‍ ചെറുതായിരുന്നു. അവയ്ക്കൊത്ത്‌ അവസരങ്ങള്‍ വഴിയൊരുക്കി. ഞാന്‍ കൃതാര്‍ത്ഥനാണ്‌. അതുകൊണ്ടുതന്നെ സന്തുഷ്ടനുമാണ്‌." ശരിയായിരിക്കാം, ഈ ബഹുമുഖ പ്രതിഭ അവസരങ്ങള്‍ക്കായി എവിടെയും കാത്തുനിന്നിട്ടില്ല. കലാകാരന്‍മാരുടെ സംഗമവേദികളിലും മദ്യസദസ്സുകളിലും കേമത്തം വിളമ്പി ആളാകാന്‍ ശ്രമിച്ചിട്ടില്ല. വെളിവുകെട്ട്‌ തെരുവുകളിലൂടെ പാട്ടുപാടി നടന്ന്‌ തികഞ്ഞ കലാകാരനാണെന്ന്‌ കാട്ടിക്കൊടുത്തിട്ടുമില്ല. പകരം ഉത്തരവാദിത്തങ്ങളെല്ലാം സമര്‍പ്പണമായി ഏറ്റെടുത്തു. ഒപ്പം കയ്യകലത്തില്‍ കുടുംബം എന്നും ഭദ്രമാകണമെന്ന്‌ അങ്ങേയറ്റം ആഗ്രഹിച്ചു. അതിനായി അതിര്‍വരമ്പുകള്‍ സ്വയം തീര്‍ത്ത്‌ മാറി നിന്നു. ഒരുപാട്‌ വൈകിയാണെങ്കിലും തിരിച്ചറിയുന്നു, ചൊല്ലിയാട്ടം എന്ന പുസ്തകത്തിന്റെ പേരില്‍ മാത്രം ആദരിക്കപ്പെടേണ്ട വ്യക്തിയല്ല ബാലസുബ്രഹ്മണ്യം. അര്‍ഹമായ അംഗീകാരം നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ കലാസാംസ്ക്കാരിക സംഘടനകള്‍ മുന്നോട്ട്‌ വന്നാല്‍, അസ്തമിക്കാത്ത കര്‍മണ്യതയോടുള്ള ആദരവുകൂടിയായിരിക്കുമത്‌. ബിംബവത്ക്കരിക്കപ്പെടുന്ന കലാകാരന്‍മാരുടെ നിരയില്‍ ഒരു യഥാര്‍ത്ഥ കലാകാരനുകൂടി അല്‍പ്പം ഇടം... അതിനെങ്കിലും ബാലസുഭ്മണ്യം അര്‍ഹനല്ലേ സാംസ്കാരിക കേരളമേ... (ബാലസുബ്രഹ്മണ്യം-94464 93192) രതി.എ.കുറുപ്പ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.