സാഹിത്യത്തിലെ സ്നേഹഭാജനം

Saturday 2 November 2013 7:41 pm IST

എഴുത്തിന്റെ സഹ്യസാനുവിനുമപ്പുറം എഴുത്തച്ഛന്‍ പുരസ്ക്കാരത്തിന്റെ നിറവില്‍ മലയാളത്തിന്റെ സ്നേഹഭാജനമായ പ്രൊഫസര്‍ എം.കെ.സാനുമാഷിന്‌ നാളെ എണ്‍പത്തിയഞ്ചാം പിറന്നാള്‍. തീയതിയനുസരിച്ച്‌ ഒക്ടോബര്‍ 27 ആണെങ്കിലും തുലാമാസത്തിലെ വിശാഖം നാളിലാണ്‌ മാഷിന്റെ ജനനം. പിറന്നാളിന്‌ രണ്ട്‌ നാള്‍ മുമ്പുള്ള അത്തം സന്ധ്യയിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്ക്കാരം കടന്നുവന്നത്‌. പിറന്നാള്‍ ആഘോഷിക്കുകയോ സദ്യഒരുക്കുകയോ ചെയ്യാത്ത മാഷിന്‌ എണ്‍പത്തിയഞ്ചാം പിറന്നാളിന്‌ മലയാളികള്‍ നല്‍കിയ സമ്മാനമാണ്‌ എഴുത്തച്ഛന്‍ പുരസ്ക്കാരം. ശതാഭിഷേകവേളയില്‍ കഴിഞ്ഞവര്‍ഷം പവനന്‍ പുരസ്ക്കാരവും 2011ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു. "അവാര്‍ഡിനെക്കാള്‍ നേട്ടം ഒരു ഗ്രന്ഥം രചിച്ച്‌ തീര്‍ക്കുന്നതാണ്‌. ആ കൃതാര്‍ത്ഥത വേറെ ഒന്നിലും കിട്ടാറില്ല. എങ്കിലും അവാര്‍ഡ്‌ സന്തോഷം നല്‍കുന്നു. ഏതൊരാള്‍ക്കും അത്‌ സന്തോഷം നല്‍കുന്നതാണെന്നാണ്‌ വിശ്വാസം. ആ വിശ്വാസത്തിനിടയിലും മലയാളത്തിന്‌ ഞാന്‍ നല്‍കേണ്ട സംഭാവനകളെക്കുറിച്ചുള്ള ഓര്‍മ കടപ്പാടായി മനസില്‍ ശേഷിക്കുന്നു. ആ കടപ്പാട്‌ നിര്‍വഹിക്കുവാന്‍ ശിഷ്ടകാലം ഉപകരിക്കണമെന്നാണ്‌ പ്രാര്‍ത്ഥന." ഇതാണ്‌ സാനുമാഷിന്‌ അവാര്‍ഡിനോടുള്ള കാഴ്ചപ്പാട്‌. ആയിരത്തി തൊള്ളായിരത്തി അന്‍പത്തിരണ്ടില്‍ കൗമുദി വാരികയില്‍ മൂന്ന്‌ ലക്കങ്ങളിലായി അമേരിക്കന്‍ കവിയായ വാള്‍ട്ട്‌ വിറ്റ്മാന്റെ ജീവിതത്തേയും കവിതയേയും കുറിച്ചുള്ള ലേഖനം എഴുതിക്കഴിഞ്ഞപ്പോള്‍ ഒരുപാട്‌ അഭിനന്ദന കത്തുകള്‍ ലഭിച്ചു. അന്ന്‌ കുറ്റിപ്പുഴ കൃഷ്ണപിള്ള അഭിനന്ദിച്ചുകൊണ്ട്‌ എഴുതിയ കത്താണ്‌ അവാര്‍ഡുകളേക്കാള്‍ ഏറ്റവും വിലമതിക്കുന്നതെന്ന്‌ മലയാള സാഹിത്യത്തിലെ മന്ദസമീരസമനായ പ്രൊഫ.എം.കെ.സാനുമാഷ്‌ പറയുന്നു. പുസ്തകം വായിച്ച്‌ കിട്ടുന്ന അവാര്‍ഡാണ്‌ ഏറ്റവും വലുത്‌. അതാണ്‌ കുറ്റിപ്പുഴ കൃഷ്ണപിള്ള നല്‍കിയത്‌. കോളേജ്‌ മാഗസിനില്‍ മാത്രം എഴുതി ഒതുങ്ങിയിരുന്ന തന്നെ നിര്‍ബന്ധിച്ച്‌ കൗമുദിയില്‍ എഴുതിച്ചത്‌ പി.കെ.ബാലകൃഷ്ണനായിരുന്നു. ആലപ്പുഴയില്‍ ശവക്കോട്ടപ്പാലത്തിനടുത്തുള്ള മംഗള ക്ലോത്ത്‌ സ്റ്റോഴ്സ്‌ ഉടമയായിരുന്നു സാനുവിന്റെ അച്ഛന്‍ കേശവന്‍. പുന്നപ്രയും വയലാറും ചെങ്കൊടിയേന്തുന്നതിനും മുമ്പേ അയല്‍വാസിക്ക്‌ ലെനിന്‍ എന്നുപേരിട്ട കേശവന്‍ മകനായപ്പോള്‍ പേരുതേടി റഷ്യയിലേക്കല്ല പോയത്‌. പകരം അര്‍ഥങ്ങളേറെയുള്ള ഒരെണ്ണം കണ്ടുപിടിച്ചു. നാളെ ഇവന്‍ അര്‍ഥപൂര്‍ണമായ ഒരു ജീവിതത്തിന്റെ ഉടമയാകുമെന്നും സാര്‍ഥകമായ സാഹിത്യലോകത്തെ വരിക്കുമെന്നും അദ്ദേഹം അന്നേ നിനച്ചിരിക്കണം. അതുകൊണ്ട്‌ തന്നെ ഏറെ സവിശേഷതകളുള്ള സാനു എന്ന പേര്‌ വീണു. സാനുവെന്ന വിശേഷണം കൊണ്ട്‌ തന്നെ സാഹിത്യലോകത്ത്‌ സാനു പ്രപഞ്ചം സ്യഷ്ടിക്കുവാന്‍ മാഷിനായി. വിമര്‍ശന സാഹിത്യത്തില്‍ തന്റെതായ വഴി തെരഞ്ഞെടുത്ത സാനുമാഷിന്‌ നിരവധി പുരസ്ക്കാരങ്ങള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്‌. എഴുത്തിന്റെ ആഴം അളക്കാന്‍ സാനുമാഷിനോളം പോന്ന അവഗാഹം വളരെ കുറച്ച്‌ പേര്‍ക്കേ ഉണ്ടായിട്ടുള്ളൂ. ആവിഷ്ക്കാരത്തിന്റെ അടിത്തട്ടുവരെ കടന്നുചെന്ന്‌ ഭാഷയുടെ നെല്ലും പതിരും കണ്ടെത്താന്‍ അദ്ദേഹത്തിനായി. അയത്ന ലളിതമായ ഭാഷയിലൂടെ വിമര്‍ശനത്തിന്റെ വായന ആസ്വാദ്യമാക്കുവാന്‍ മാഷിനായി. ദീര്‍ഘകാല മാനസിക ബന്ധത്തില്‍നിന്ന്‌ ബഷീറിന്റെ ആത്മചൈതന്യത്തെ വൈകാരികമായ വിശുദ്ധിയോടെ അവതരിപ്പിക്കുവാന്‍ മാഷിനായപ്പോള്‍ 2011ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം അദ്ദേഹത്തെതേടിയെത്തി. ബഷീറിനെപ്പോലെയല്ലെങ്കിലും ഏകാന്തവീഥിയില്‍ സഞ്ചരിക്കുന്നയാളാണ്‌ സാനുമാഷും. തന്റെ വിചാരങ്ങള്‍, അഭിരുചികള്‍ മൂല്യസങ്കല്‍പ്പങ്ങള്‍ മുതലായവ പലപ്പോഴും തന്റേത്‌ മാത്രമാണ്‌. അതൊരു മേന്മയല്ല. വ്യക്തിത്വത്തിന്റെ സ്വഭാവമാണ്‌. ആ ഘടകവും ആ സ്വഭാവവും 'ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന ഈ ഗ്രന്ഥത്തിന്റെ പ്രതിപാദനത്തിലും അലിഞ്ഞ്‌ ചേര്‍ന്നിട്ടുണ്ട്‌. ബഷീറിന്റെ കഥാലോകം കൂടുതല്‍ വ്യാപ്തിയിലും ആഴത്തിലും പഠിക്കുന്നതിന്‌ വായനക്കാരില്‍ പ്രേരണ ചെലുത്തുവാന്‍ സഹായിച്ചേക്കുമെന്നാണ്‌ സാനുമാഷിന്റെ പ്രതീക്ഷ. ആ പഠനങ്ങളില്‍നിന്നും പുതിയ തലമുറക്കാരുടെ തൂലികയില്‍നിന്നും ഗഹനമായ ബഷീര്‍ പഠനങ്ങള്‍ ആവിര്‍ഭവിക്കേണ്ടതുണ്ട്‌. അന്‍പതോളം പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും സാനുമാഷ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഓരോ രചനയിലും തീക്ഷ്ണ ജീവിതയാഥാര്‍ത്ഥ്യങ്ങളെ പിന്‍തുടരുകയെന്ന വ്യത്യസ്ത സമീപനമാണ്‌ അവലംബിച്ചത്‌. ശ്രീനാരായണഗുരുവിനെക്കുറിച്ചും ആശാനെക്കുറിച്ചും സഹോദരന്‍ അയ്യപ്പനെക്കുറിച്ചുമുള്ള ജീവചരിത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ സാനുമാഷിന്റേതായ മൗലിക സമീപനം കാണാം. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിന്‌ പുറമെ കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ മൂന്ന്‌ പുസ്തകങ്ങള്‍ ഗുരുദേവനെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. സര്‍ഗശേഷിയുടെ അസാധാരണമായ മാന്ത്രികസ്പര്‍ശമാണ്‌ ജീവചരിത്ര കൃതികളെയെല്ലാം വ്യത്യസ്തവും ഉയര്‍ന്നതലത്തില്‍ നിര്‍ത്തുന്നതും. കാല്‍പ്പനികവും അതേസമയം യാഥാര്‍ത്ഥ്യത്തെ കൈവിടാത്തതുമായ ഒരു ശൈലി, സങ്കീര്‍ണതകളെപ്പോലും ഋജുവായി അവതരിപ്പിക്കുന്ന ശൈലി മാഷിന്‌ തന്റേതായ സാഹിത്യസിംഹാസനം നേടിക്കൊടുത്തു. പതിവ്‌ ധാരണകളെ മാറ്റിമറിച്ചുകൊണ്ട്‌, ഏറെ വിമര്‍ശനങ്ങളെ അതിജീവിച്ചുകൊണ്ട്‌ പ്രകാശത്തിന്റെ ബിംബമായി ചങ്ങമ്പുഴയെ സാനുമാഷ്‌ അവതരിപ്പിച്ചു. 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന കൃതി ഇത്തരത്തിലുള്ളതായിരുന്നു. 1928 ഒക്ടോബര്‍ 27 ന്‌ വിശാഖം നാളില്‍ ആലപ്പുഴ തുമ്പോളി മംഗലത്തുവീട്ടില്‍ എം.സി.കേശവന്റേയും കെ.പി.ഭവാനിയുടേയും അഞ്ച്‌ മക്കളില്‍ ഇളയവനായി ജനനം. ആലപ്പുഴ എസ്ഡി കോളേജ്‌, യൂണിവേഴ്സിറ്റി കോളേജ്‌ എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം എംഎ ഒന്നാംറാങ്കോടെ ജയിച്ച അദ്ദേഹം കൊല്ലം ശ്രീനാരായണ കോളേജിലും എറണാകുളം മഹാരാജാസ്‌ കോളേജിലും അധ്യാപകനായി. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ ഗുരുവായിരുന്നു അദ്ദേഹം. 1987ല്‍ ഇടത്‌ സ്വതന്ത്രനായി എറണാകുളം മണ്ഡലത്തില്‍നിന്ന്‌ വിജയിച്ച്‌ നിയമസഭയിലെത്തി. വളരെ വേഗംതന്നെ രാഷ്ട്രീയം തനിക്ക്‌ യോജിച്ചതല്ലെന്ന്‌ മനസ്സിലാക്കി വീണ്ടും സാഹിത്യരംഗത്തേയ്ക്ക്‌ തിരിഞ്ഞു. 2011ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, വൈലോപ്പിളളി അവാര്‍ഡ്‌, 2009ല്‍ കമലദളം അവാര്‍ഡ്‌, എം. കെ. രാഘവന്‍ പുരസ്കാരം, 1999ല്‍ ശ്രീനാരായണ സാംസ്കാരിക സമിതി അവാര്‍ഡ്‌, 1992ലെ വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്‌, എന്നിവ കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനും സമഗ്രസംഭാവനക്കുമുളള പുരസ്കാരങ്ങള്‍, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വൈലോപ്പിളളി അവാര്‍ഡ്‌, പി. കെ. പരമേശ്വരന്‍ സ്മാരക അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, ജയന്തി അവാര്‍ഡ്‌ എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ക്ക്‌ അര്‍ഹനായി. 'കര്‍മ്മഗതി' യെന്ന പുസ്തകം ആത്മകഥയാണ്‌. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം, ചക്രവാളം, രാജവീഥി, ചുവരിലെ ചിത്രങ്ങള്‍, അസ്തമിക്കാത്ത വെളിച്ചം, ശ്രീനാരായണ ഗുരുസ്വാമി, സഹോദരന്‍ കെ. അയ്യപ്പന്‍, പ്രഭാതദര്‍ശനം, മണ്ണിന്‌ മണ്ണിന്റെ ഗുണം, അഞ്ച്‌ ശാസ്ത്രനായകന്മാര്‍, അവധാരണം തുടങ്ങി 16 വിമര്‍ശന ഗ്രന്ഥങ്ങള്‍, രണ്ട്‌ ഉപന്യാസങ്ങള്‍, 11 ജീവചരിത്രങ്ങള്‍, എട്ട്‌ ബാലസാഹിത്യങ്ങള്‍, മൂന്ന്‌ തൂലികാചിത്രങ്ങള്‍, 10 സമാഹാരങ്ങള്‍, രണ്ട്‌ വ്യാഖ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. കുറച്ചു കാലം വിവേകോദയം മാസികയുടെ പത്രാധിപരുമായി. അവാര്‍ഡ്‌ ബഹളങ്ങള്‍ വളരെപ്പെട്ടെന്ന്‌ കെട്ടടങ്ങുമ്പോള്‍ അയ്യപ്പപ്പണിക്കരുടെ കൃതികളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കണമെന്നാണ്‌ ആഗ്രഹം. എറണാകുളം സൗത്ത്‌ കാരിക്കശ്ശേരി സന്ധ്യാഭവനിലാണ്‌ ഈ സാഹിത്യത്തിന്റെ ഉദയസൂര്യന്റെ താമസം. ഭാര്യ രത്നമ്മ. മക്കള്‍: രഞ്ജിത, രേഖ, ഗീത, സീത, ഹാരിസ്‌. എന്‍.പി.സജീവ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.