യുവകവികള്‍ ആവിഷ്കാരധൈര്യം കാട്ടണം: ചെമ്മനം ചാക്കോ

Saturday 2 November 2013 9:15 pm IST

കൊച്ചി: യുവകവികള്‍ സമൂഹത്തോട്‌ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആവിഷ്കാര ധൈര്യം കാണിക്കണമെന്ന്‌ പ്രമുഖകവി ചെമ്മനം ചാക്കോ. ഒരു കാലത്ത്‌ സാഹിത്യമെന്നാല്‍ കവിതയായിരുന്നു. എല്ലാവരും കവികളായപ്പോള്‍ പ്രതിപാദ്യം ശുഷ്കമായിപ്പോയതാണ്‌ കവിതയുടെ വിപണിക്ക്‌ മങ്ങലേല്‍ക്കാന്‍ കാരണമായതെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ ശ്രേഷ്ഠഭാഷ വാരാചരണത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന്‌ സംഘടിപ്പിച്ച കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെമ്മനം. ഞങ്ങളുടെ ചെറുപ്പകാലത്ത്‌ വള്ളത്തോള്‍, ഉള്ളൂര്‍, വെണ്ണിക്കുളം തുടങ്ങി ചുരുക്കം ചില കവികളും അതിനേക്കാളേറെ ആരാധകരുമായിരുന്നു. ഇന്ന്‌ കവിയല്ലാത്തൊരാളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്‌. കവികള്‍ കൂടിയെങ്കിലും സാമൂഹ്യപ്രതിബദ്ധത കവിതകളില്‍ കുറഞ്ഞു. സാമൂഹ്യബോധത്തിന്റെ കുറവ്‌ നികത്തി പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ യുവസമൂഹം ധൈര്യം കാണിച്ചില്ലെങ്കില്‍ കസേരയില്ലാത്ത ആളുകളുടെ നിരയാവും ഉണ്ടാകുകയെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തെ ശബ്ദരാജ്യമാക്കി മാറ്റിയതാണ്‌ ഇന്ന്‌ മലയാളത്തോട്‌ അവജ്ഞയും അവഗണനയും കൂടുന്നതിന്‌ കാരണമായത്‌. ചെറുപ്പത്തിലേ ഉള്ളില്‍ കയറുന്നതിനോട്‌ സ്നേഹം കൂടുമെന്നതിനാല്‍ നൈസര്‍ഗികമായ ചിന്ത കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ മാതൃഭാഷയിലൂടെ ചിന്തിച്ചുപഠിക്കണം. എന്നാല്‍ നാണയകേന്ദ്രീകൃതമായ മനസാണ്‌ ശ്രേഷ്ഠഭാഷയെ കൊണ്ടുപോകുന്നതെന്നത്‌ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയ്ക്ക്‌ നല്‍കിയ സേവനങ്ങളെ മാനിച്ച്‌ ചെമ്മനം ചാക്കോ, എന്‍.കെ.ദേശം എന്നിവരെ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്പരീത്‌ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ചെമ്മനം, എന്‍.കെ.ദേശം, എസ്‌.ജോസഫ്‌, ആര്‍.കെ.ദാമേദരന്‍, അജീഷ്‌, സുധീഷ്‌ കൊട്ടേമ്പ്രം, അയ്മനം രവീന്ദ്രന്‍, ടി.എല്‍.ജോസ്‌ എന്നിവര്‍ കവിത അവതരിപ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും അസിസ്റ്റന്റ്‌ എഡിറ്റര്‍ സി.പി.ഫിറോസ്‌ നന്ദിയും പറഞ്ഞു. കാവ്യസന്ധ്യയെ തുടര്‍ന്ന്‌ മഞ്ജീരം നൃത്തസന്ധ്യയും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.