ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്കാരം ഒഎന്‍വിക്ക്‌

Monday 4 November 2013 9:45 pm IST

കോട്ടയം: ഈ വര്‍ഷത്തെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്കാരത്തിന്‌ പ്രൊഫ. ഒഎന്‍വി കുറുപ്പ്‌ അര്‍ഹനായതായി ഏറ്റുമാനൂര്‍ സോമദാസന്‍ സ്മാരക ട്രസ്റ്റ്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറരപതിറ്റാണ്ടായി തുടരുന്ന സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ മൂല്യവത്തായ സംഭാവനകളെ സമഗ്രതയില്‍ പരിഗണിച്ചാണ്‌ ഈ പുരസ്കാരം.
ഡോ. റ്റി.എ സുധാകരക്കുറുപ്പ്‌ ചെയര്‍മാനും, ഡോ. കെ.എന്‍ വിശ്വനാഥന്‍നായര്‍, ഡോ.ജയിംസ്‌ മണിമല എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്‌.
ഏറ്റുമാനൂര്‍ സോമദാസന്റെ രണ്ടാം ചരമവാര്‍ഷികദിനമായ 21 ന്‌ പെരുന്ന മലയാളവിദ്യാപീഠത്തില്‍ മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി ബാബുപോള്‍ ഒഎന്‍വിക്ക്‌ പുരസ്കരം സമര്‍പ്പിക്കും. ഇരുപത്തയ്യായിരം രൂപയും ആര്‍ട്ടിസ്റ്റ്‌ ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം.
ചടങ്ങില്‍ ഏറ്റുമാനൂര്‍ സോമദാസന്റെ അതിജീവനംഎന്ന ചരിത്രാഖ്യായിക പ്രകാശനം ചെയ്യും. ഏറ്റുമാനൂര്‍ സോമദാസന്റെ വ്യാഖ്യാനത്തോടെയുള്ള ഉണ്ണുനീലിസന്ദേശം ആലാപനത്തിന്റെ സി.ഡി പ്രകാശനവും നടക്കും.
ചരമദിനാചരണത്തോടനുബന്ധിച്ചുള്ള വിവിധ സമ്മേളനങ്ങളില്‍ പ്രൊഫ. എം തോമസ്‌ മാത്യു, ഡോ.എം.റ്റി സുലേഖ, ഡോ. സ്കറിയ സക്കറിയ, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, എന്‍.കെ ദേശം, പി.കെ ഹരികുമാര്‍, ഡോ. എസ്്‌ ശാരദക്കുട്ടി, മനോജ്‌ കുറൂര്‍, പി.രാമന്‍, ഡോ. പ്രമീളാദേവി, പ്രൊഫ. എ.ജി ഒലീന തുടങ്ങിയവര്‍ പങ്കെടുക്കും.
ഏറ്റുമാനൂര്‍ സോമദാസന്‍ സ്മാരകട്രസ്റ്റ്‌ പ്രസിഡന്റ്‌ പ്രഭാവര്‍മ്മ, സെക്രട്ടറി കെ.എ ലത്തീഫ്‌, ട്രഷറര്‍ ഡോ. പ്രതിഭ.എസ്‌, ജഡ്ജിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഡോ. റ്റി.എ സുധാകരക്കുറുപ്പ്‌, സമിതിയംഗം ഡോ. ജയിംസ്‌ മണിമല, ട്രസ്റ്റ്‌ അംഗം നൂറനാട്‌ മോഹന്‍ എന്നിര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.