പാക്‌ ഹിന്ദുക്കളും ദീപാവലി ആഘോഷത്തില്‍

Monday 4 November 2013 9:55 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ ഹിന്ദുസമുദായവും ദീപാവലി ആഘോഷത്തില്‍. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ നിരന്തരം അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും അവര്‍ ദീപാവലി ആഘോഷത്തിന്‌ മുടക്കം വരുത്തിയില്ല. വര്‍ണ്ണ വിളക്കുകള്‍കൊണ്ട്‌ വീടുകള്‍ അലങ്കരിച്ചും ദീപങ്ങള്‍ കൊളുത്തിയും സിന്ധിലെ ഹിന്ദുകുടുംബങ്ങള്‍ ദീപാവലി ആഘോഷത്തില്‍ പങ്കാളികളായി. തങ്ങളുടെ നാട്‌ പാക്കിസ്ഥാനാണെന്നും രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി പ്രാര്‍ത്ഥിച്ചെന്നും പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ പ്രസിഡന്റ്‌ ജേതാനന്ദ്‌ കോശിസ്ഥാനി പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദിലും ഹിന്ദുക്കള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാവലി ആഘോഷത്തില്‍ സജീവമായി. ക്ഷേത്രങ്ങളില്‍ വിശേഷ പൂജ നടത്തി രാജ്യത്തിന്റെ ഐശ്യര്യത്തിനായി ജനങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അതേസമയം പെഷവാര്‍ ചര്‍ച്ചില്‍ അടുത്തിടെ നടന്ന ബോംബ്‌ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റാവല്‍പിണ്ഡിയിലും സമീപപ്രദേശങ്ങളിലും ഭീതിപൂര്‍വ്വമായിരുന്നു ആഘോഷമെന്ന്‌ പാക്‌ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മിക്കവരും പുറത്തിറങ്ങാതെ വീടുകളില്‍ തന്നെയാണ്‌ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.