കണ്ണൂര്‍ കക്കാട്‌ ശ്രീ നാരായണ ഗുരു മണ്ഡപം തകര്‍ത്ത്‌ വിഗ്രഹം മോഷ്ടിച്ചു

Monday 4 November 2013 9:57 pm IST

കണ്ണൂര്‍: കണ്ണൂര്‍ കക്കാട്‌ ശ്രീനാരായണ ഗുരു മണ്ഡപം അടിച്ച്‌ തകര്‍ത്ത്‌ മൂര്‍ത്തി വിഗ്രഹം മോഷ്ടിച്ചു. അരയാല്‍ തറക്ക്‌ സമീപമുള്ള മണ്ഡപമാണ്‌ അക്രമികള്‍ അടിച്ച്‌ തകര്‍ത്തത്‌. ഇന്നലെ പുലര്‍ച്ചെ നാല്‌ മണിയോടെയാണ്‌ സംഭവം. രാവിലെ വിളക്ക്‌ വെക്കാനെത്തിയ പൂജാരിയാണ്‌ മണ്ഡപം അടിച്ച്‌ തകര്‍ത്തത്‌ കണ്ടത്‌. ഗുരുദേവന്റെ ഫോട്ടോ പുറത്തേക്ക്‌ വലിച്ചെറിഞ്ഞിരുന്നു. ഗുരു മണ്ഡപത്തിന്റെ കണ്ണാടിച്ചില്ലുകള്‍ മുഴുവന്‍ അടിച്ച്‌ തകര്‍ത്ത നിലയിലാണ്‌.
അരയാല്‍ത്തറയിലെ മുത്തപ്പന്‍ മടപ്പുരക്കടുത്ത മണ്ഡപത്തിലെ ശൈവ സങ്കല്‍പത്തിലുള്ള മൂര്‍ത്തി വിഗ്രഹമാണ്‌ അക്രമികള്‍ എടുത്ത്‌ കൊണ്ട്‌ പോയത്‌. തളാപ്പ്‌ ശ്രീ സുന്ദരേശ്വര ക്ഷേത്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്തി സംവര്‍ദ്ധിനി യോഗത്തിന്റെ നേതൃത്വത്തിലാണ്‌ ഗുരു മണ്ഡപം പ്രവര്‍ത്തിക്കുന്നത്‌. തളാപ്പ്‌ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ കക്കാട്‌-തുളിച്ചേരി നിവാസികള്‍ ഗുരു മഠം കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിച്ച്‌ വരുന്നത്‌. പ്രദേശത്ത്‌ ഒരു കമ്മറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെ നിത്യേന വിളക്ക്‌ വെച്ച്‌ ആരാധന നടത്താറുണ്ട്‌. അര്‍ധരാത്രി എന്തൊക്കയോ അടിച്ച്‌ തകര്‍ക്കുന്ന ശബ്ദം കേട്ടതായി പരിസര വാസികള്‍ പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ പോലീസ്‌ നായ തൊട്ടടുത്ത വീട്ടിലാണ്‌ ആദ്യം ഓടിക്കയറിയത്‌. തുടര്‍ന്ന്‌ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും ഓടിക്കയറിയെങ്കിലും കൂടതല്‍ സൂചനകളൊന്നും ലഭിച്ചില്ല. ഫോറന്‍സിക്‌ വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമെ അക്രമത്തെകുറിച്ച്‌ കൂടുതല്‍ വിവരം ലഭിക്കുകയുള്ളു എന്ന്‌ പോലീസ്‌ പറഞ്ഞു. അക്രമം സംബന്ധിച്ച്‌ ഉത്സവ കമ്മറ്റി പ്രസിഡണ്ട്‌ കാരായി ദിവാകരന്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.