ഗദ്ദാഫിയുടെ കേന്ദ്രത്തിനടുത്ത്‌ ബോംബ്‌ സ്ഫോടനം

Friday 19 August 2011 10:21 pm IST

ട്രിപ്പൊളി: ഗദ്ദാഫിയുടെ കേന്ദ്രമായ ബാബ്‌ അല്‍ അസിസിയക്കു സമീപം ഇന്നലെ രാവിലെ ശക്തിയേറിയ ഏഴ്‌ ബോംബുസ്ഫോടനങ്ങളുണ്ടായതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പാതയില്‍ മൂന്ന്‌ സ്ഫോടനങ്ങളെങ്കിലും നടന്നതായി തദ്ദേശവാസികള്‍ പറഞ്ഞു. മാര്‍ച്ചില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്‌ ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം ഉപരോധമേര്‍പ്പെടുത്തിയതോടെ നാറ്റോ ലിബിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ലിബിയന്‍ നഗരമായ സാവിയക്ക്‌ പുറത്തുള്ള എണ്ണ ശുദ്ധീകരണശാല വിമതരുടെ പിടിയിലായി. തലസ്ഥാനമായ ട്രിപ്പൊളിയില്‍നിന്ന്‌ 50 കിലോമീറ്റര്‍ ദൂരമേ എണ്ണ ശുദ്ധീകരണശാലയിലേക്കുള്ളൂ. ഗദ്ദാഫി അനുകൂല സൈന്യത്തെ എങ്ങും കാണാമായിരുന്നില്ലെന്ന്‌ വാര്‍ത്താ ലേഖകര്‍ അറിയിച്ചു. പരിസരത്ത്‌ ഭീകരമായ യുദ്ധം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ട്രക്കുകള്‍ പകുതി കരിഞ്ഞുകിടക്കുന്നതിനിടയില്‍ ഒരു കൂറ്റന്‍ പീരങ്കി തകര്‍ന്നു കിടക്കുന്ന ടുണീഷ്യയിലേക്കുള്ള മാര്‍ഗം ഗദ്ദാഫി വിരുദ്ധസേന ഉപരോധിച്ചു. കൂടാതെ സേനക്ക്‌ അത്യന്താപേക്ഷിതമായിരുന്ന എണ്ണ ശുദ്ധീകരണശാലയും ഇപ്പോള്‍ അവരുടെ പിടിയിലമര്‍ന്നിരിക്കുന്നു. സാവിയ നഗരത്തില്‍നിന്ന്‌ ഇപ്പോഴും കറുത്ത പുക ഉയരുന്നുണ്ട്‌. വിമതര്‍ നഗരത്തിനുമുകളില്‍ പരിപൂര്‍ണ നിയന്ത്രണം ലഭിക്കാനുള്ള യുദ്ധത്തിലാണ്‌, വാര്‍ത്താലേഖകര്‍ തുടരുന്നു. ബുധനാഴ്ച തങ്ങള്‍ എണ്ണ ശുദ്ധീകരണശാലയുടെ വാതില്‍ക്കലെത്തിയതായി വിമതനേതാവ്‌ അബ്ദുള്‍കരീം കഷ്ബ അറിയിച്ചിരുന്നു. എണ്ണ ശുദ്ധീകരണശാലയിലേക്ക്‌ വാഹനത്തില്‍ അക്രമണം തുടര്‍ന്നുകൊണ്ടാണ്‌ വിമതസേന മുന്നേറിയത്‌. തലസ്ഥാനമായ ട്രിപ്പൊളിയിലേക്കുള്ള ഇന്ധനം ഈ എണ്ണ ശുദ്ധീകരണശാലയില്‍നിന്നാണ്‌ ലഭിക്കുന്നത്‌. സാവിയയില്‍ ലിബിയന്‍ സൈന്യം പുറകിലാണ്‌. തങ്ങള്‍ തിരിച്ചടിക്കുമെന്ന്‌ ഗദ്ദാഫി ഭരണകൂടം ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇതുവരെ കാണാത്ത പരിഭ്രമമുണ്ടാകുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ട്രിപ്പൊളിയെ ടുണീഷ്യയുമായി ബന്ധിപ്പിക്കുന്ന റോഡ്‌ സാവിയയിലൂടെ കടന്നുപോകുന്നതിനാല്‍ ഈ നഗരത്തിന്റെ നിയന്ത്രണം തന്ത്രപ്രധാനമാണ്‌ വിമതര്‍ക്ക്‌ ഇവിടെ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞാല്‍ കരയിലൂടെ ട്രിപ്പൊളിയെ വളയാന്‍ അവര്‍ക്ക്‌ കഴിയും. നാറ്റോ സേന ഐക്യരാഷ്ട്ര സഭയുടെ വിലക്കുണ്ടായതിനാലാണ്‌ സാധാരണ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന്‌ മുകളിലൂടെ വ്യോമാക്രമണം നടത്താതിരുന്നത്‌. വിമത സേന കടല്‍ വളയുകയും അതോടെ ഗദ്ദാഫി സേന ട്രിപ്പൊളിയില്‍ ഒറ്റപ്പെടുകയും ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.