അമര്‍ത്യാസെന്‍ കാണാത്ത കേരള മോഡല്‍

Tuesday 5 November 2013 8:48 pm IST

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി ദുബായ്‌ റേഡിയോ എന്നോട്‌ ചോദിച്ചു. കേരളപ്പിറവിയ്ക്ക്‌ ശേഷം കേരളത്തിന്‌ എന്തെല്ലാം നേട്ടങ്ങളാണ്‌, പുരോഗതിയാണ്‌ കൈവരിക്കാന്‍ സാധിച്ചത്‌ എന്ന്‌. ഒരുനിമിഷം ചിന്തിച്ചശേഷം ഞാന്‍ പറഞ്ഞത്‌ കേരളം പുരോഗതി നേടിയത്‌ തട്ടിപ്പിലും വെട്ടിപ്പിലും സ്വര്‍ണ കള്ളക്കടത്തിലും അഴിമതിയിലുമാണ്‌ എന്നായിരുന്നു. ഇത്ര നിഷേധാത്മകമായ പ്രതികരണം എന്തുകൊണ്ടാണ്‌ എന്ന്‌ ചോദിച്ചപ്പോള്‍ എനിക്ക്‌ പറയാനുണ്ടായിരുന്നത്‌ അടിസ്ഥാന സൗകര്യങ്ങള്‍-റോഡുകള്‍, മലിനീകരണ നിവാരണം, ശുദ്ധമായ കുടിവെള്ളം എന്നിവ പോലും ലഭ്യമാക്കാന്‍ 60 വര്‍ഷംകൊണ്ട്‌ സാധ്യമാക്കാന്‍ സാധിക്കാത്ത ഒരു സംസ്ഥാനത്തെ പുരോഗമന സംസ്ഥാനം എന്ന്‌ എങ്ങനെ വ്യാഖ്യാനിക്കാനാകും എന്നായിരുന്നു.
നൊബേല്‍ ജേതാവായ അമര്‍ത്യാസെന്‍ കേരളത്തെ ആഗോളവികസന മാതൃക എന്ന്‌ വിശേഷിപ്പിച്ചത്‌ ഇവിടത്തെ സാക്ഷരതയും സ്ത്രീ വിദ്യാഭ്യാസവും ആയുര്‍ദൈര്‍ഘ്യവും സ്ത്രീ പുരുഷ അനുപാതവും രണ്ടു കുട്ടികളുള്ള അണുകുടുംബവും മറ്റും അടിസ്ഥാനമാക്കിയാണ്‌. ആയുര്‍ദൈര്‍ഘ്യം നേടി ഇന്ന്‌ അച്ഛനമ്മമാര്‍ വൃദ്ധരാകുമ്പോള്‍ അവരെ സംരക്ഷിക്കുവാനുള്ള മനഃസ്ഥിതി പല മക്കള്‍ക്കും ഇല്ലാതാകുന്നതിനാല്‍ അവര്‍ ഗുരുവായൂരില്‍ നട തള്ളപ്പെടുകയും ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും മറ്റും ഉപേക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആയുര്‍ദൈര്‍ഘ്യംകൊണ്ട്‌ കേരളം നേടുന്നത്‌ ശാപവചനങ്ങളല്ലേ?
സ്ത്രീ സാക്ഷരതയുടെ ഫലമായി കൂടുതല്‍ വനിതകള്‍ ഉദ്യോഗസ്ഥകളായി. പക്ഷെ സ്ത്രീപീഡനം അനുദിനം അരങ്ങുതകര്‍ക്കുകയാണ്‌. രാഷ്ട്രീയ ഉന്നതനായ പി.ജെ.കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ്‌ വന്നശേഷം വന്ന വിഖ്യാതമായ കേസാണ്‌ പീതാംബരക്കുറുപ്പ്‌ എംപി പ്രസിദ്ധ നടിയായ ശ്വേതാമേനോനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്‌. ആദ്യം ക്ഷമ ചോദിച്ച്‌ ശ്വേതയെ പരാതിയില്‍നിന്ന്‌ പിന്‍തിരിപ്പിച്ചശേഷം ഇപ്പോള്‍ കുറുപ്പ്‌ പറയുന്നത്‌ സംഘാടകന്‍ എന്ന നിലയില്‍ മാത്രമാണ്‌ താന്‍ ക്ഷമ ചോദിച്ചതെന്നാണ്‌. പക്ഷേ ചാനലുകള്‍ ഇപ്പോള്‍ ശ്വേതയുടെ പരാതിയുടെ കോപ്പി കൈവശമുണ്ട്‌ എന്ന്‌ പ്രഖ്യാപിക്കുന്നത്‌ പീതാംബരക്കുറുപ്പിന്റെ സ്ത്രീലമ്പട പ്രതിഛായ നിലനിര്‍ത്തുന്നു. വാര്‍ദ്ധക്യത്തിലേയ്ക്ക്‌ പ്രവേശിക്കുന്ന രാഷ്ട്രീയ നേതാക്കളാണ്‌ സ്ത്രീപീഡകരാകുന്നത്‌ എന്നത്‌ ആന്ധ്രാ ഗവര്‍ണര്‍ ആയിരുന്ന നാരായണന്‍ ദത്ത്‌ തിവാരി മുതല്‍ പീതാംബരക്കുറുപ്പുവരെ തെളിയിച്ച യാഥാര്‍ത്ഥ്യമാണ്‌.
ഇവിടുത്തെ വിഷയം കേരളമുണ്ടായ ശേഷം സംസ്ഥാനം നേടിയ പുരോഗതിയാണ്‌. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്‌ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌. വികസന സൂചികയുടെ അടിസ്ഥാനം ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ദാരിദ്ര്യമില്ലായ്മ, താമസ സൗകര്യം, ശിശുമരണ നിരക്ക്‌ മുതലായവയാണ്‌. അടിസ്ഥാന സൗകര്യങ്ങളില്‍ റോഡുകളും പെടുമെങ്കില്‍ കേരളത്തിന്‌ ആ സ്ഥാനത്തിന്റെ അര്‍ഹതയില്ല. കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളത്തില്‍ ഇന്ന്‌ കൃഷി അന്യം നിന്നു. മലയാളി കഴിയ്ക്കുന്നത്‌ ആന്ധ്ര-തമിഴ്‌നാട്‌ അരിയുടെ ചോറാണ്‌.
വ്യവസായ മേഖല, വിഭവ ലഭ്യത, തൊഴില്‍ മേഖല എന്നിവയിലെല്ലാം കേരളം പിന്നിലായി. എങ്ങനെ രഘുരാം രാജന്‍ കേരളത്തെ രണ്ടാമതാക്കി? കമ്മ്യൂണിസം കേരളത്തില്‍ വേരോടിയത്‌ "നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ" എന്ന്‌ പാടിയാണ്‌. ഇന്നും കേരളത്തില്‍ ഭൂരഹിതര്‍ ധാരാളമാണ്‌. കണ്ണൂരാണ്‌ മുതലാളി-തൊഴിലാളി വിടവ്‌ ഏറ്റവും രൂക്ഷമായത്‌. മലയാളി മെയ്യനങ്ങി ജോലി ചെയ്യില്ല. കേരളത്തില്‍ നിര്‍മാണ രംഗം പുഷ്ടിപ്പെട്ടെങ്കിലും അതിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്‌.
കായികാധ്വാനം നിരസിക്കുന്ന മലയാളിയ്ക്ക്‌ വേണ്ടത്‌ സര്‍ക്കാര്‍ ജോലിയോ ഓഫീസ്‌ ജോലിയോ ആണ്‌. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്നാശ്രയിക്കുന്നത്‌ അന്യസംസ്ഥാനങ്ങളിലും ഗള്‍ഫ്‌ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികള്‍ അയയ്ക്കുന്ന പണമാണ്‌. ഇതാണ്‌ കേരളത്തെ, വികസനത്തിലേയ്ക്ക്‌ നയിച്ചത്‌. പക്ഷേ ആദ്യകാലങ്ങളില്‍ പ്രവാസി മലയാളികളുടെ സ്വപ്നം നാട്ടില്‍ കൊട്ടാരസദൃശമായ കെട്ടിടങ്ങള്‍ ഉയര്‍ത്തുക എന്നാതായിരുന്നു. അതിനാല്‍ ഈ പണം നിക്ഷേപിച്ച്‌ വരുമാനമാര്‍ഗ്ഗം തേടുവാനുള്ള ബുദ്ധി മലയാളിക്കില്ല.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല. കേരള വികസനത്തെയും നിക്ഷേപകരെയും പിന്നോട്ടടിച്ച പ്രധാന വസ്തുത കേരളത്തിലെ തൊഴിലാളി അന്തരീക്ഷമാണ്‌. യൂണിയനുകളാണ്‌. കൊച്ചിന്‍പോര്‍ട്ടിനെ സ്തംഭിപ്പിച്ച്‌ കയറ്റിറക്ക്‌ വരുമാനം തൂത്തുക്കുടിയിലേക്ക്‌ അയച്ചതും മറ്റൊന്നുമല്ല. ചുമട്ടുതൊഴിലാളി സംഘടനയും കയറ്റിറക്കുകൂലിയും നോക്കുകൂലിയും എല്ലാം വികസനത്തെയും നിക്ഷേപകനെയും പിന്തിരിപ്പിച്ചു. അടിയ്ക്കടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളും കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമല്ലാതാക്കി. വീട്‌ നിര്‍മാണ മേഖലാ വികസനം വരുത്തിവെച്ചത്‌ കാര്‍ഷികമേഖലാ സ്തംഭനമാണ്‌. എന്നാലും പ്രവാസി പണവും ഐടി വികസനവും കേരളത്തില്‍ വികസനവും കൂടുതല്‍ സ്കൂളുകളും ആശുപത്രികളും ബാങ്കുകളും ഐടി സ്ഥാപനങ്ങളും വന്ന്‌ വികസന പ്രതിഛായ സൃഷ്ടിച്ചു.
പക്ഷേ കേരളീയര്‍ ഭൂമി ഭ്രമമുള്ളവരാണ്‌. ഭൂമാഫിയ കൗശലത്തില്‍ കൈക്കലാക്കി പാടങ്ങള്‍ നികത്തി, നദികളില്‍നിന്നും മണലൂറ്റി നദികള്‍ വരണ്ട്‌, ജലസ്രോതസ്സുകള്‍ വറ്റി ഇന്ന്‌ പ്രകൃതി ദുരന്തത്തിനിരയാകുകയാണ്‌. എന്നാലും നാണ്യവിളകള്‍ ഇന്നും നല്ല സാമ്പത്തിക സ്രോതസ്സാണ്‌. ഇത്‌ പറയുമ്പോഴും കേരള സര്‍ക്കാര്‍ വലിയ കടക്കെണിയിലാണെന്നാണ്‌ ധനമന്ത്രി കെ.എം.മാണി പറയുന്നത്‌. കേരളം മാറി മാറി ഇടതിനാലും വലതിനാലും ഭരിക്കപ്പെടുമ്പോഴും ഇവിടുത്തെ റോഡുകള്‍ പടുകുഴികളായി സഞ്ചാരയോഗ്യമല്ലാതായി തുടരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകട മരണങ്ങള്‍ കേരളത്തിലാണ്‌. കേരളത്തിന്റെ സമ്പന്നത വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇവിടെ ദിനംപ്രതി വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണ്‌! ബിവറേജസ്‌ കോര്‍പ്പറേഷനാണ്‌ ഇന്ന്‌ ഖജനാവിലേയ്ക്കുള്ള പ്രധാന വരുമാന സ്രോതസ്സ്‌. മദ്യോപയോഗമാണ്‌ കേരളത്തിലെ വര്‍ധിച്ചുവരുന്ന മൂല്യച്യുതിയ്ക്കും റോഡ്‌ അപകടങ്ങള്‍ക്കും പ്രധാന കാരണം. മദ്യം ഇന്ന്‌ ആഹാരം പോലെ ഒരു പ്രധാന ജീവിത ഘടകം മാത്രമല്ല, വിവാഹത്തിനും മരണത്തിനും അടിയന്തരത്തിനും മദ്യം ഒഴിച്ചുകൂടാത്ത വിഭവവുമായി. 2013 സെപ്തംബറില്‍ മദ്യവില്‍പ്പനയിലൂടെ മാത്രം 229 കോടിയാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌.
ഇന്ന്‌ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയല്ല, സാമ്പത്തിക വൈഷമ്യം ആണ്‌ എന്നുപറയുന്ന ധനമന്ത്രി കെ.എം.മാണി നിയമന നിരോധനവും നിത്യവേതനത്തിന്‌ ജോലി ചെയ്യുന്ന വരെ കുറയ്ക്കുവാനും കാറു വാങ്ങാതെ വാടകയ്ക്ക്‌ വിളിക്കാനും തീരുമാനിക്കുമ്പോഴും കയര്‍ബോര്‍ഡ്‌ ചെയര്‍മാനും മന്ത്രിയും നിരന്തരം വിദേശയാത്രകള്‍ നടത്തുകയാണ്‌. ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്‌, വാട്ടര്‍ അതോറിറ്റി മുതലായ പല പൊതുമേഖല സ്ഥാപനങ്ങളും ഇന്ന്‌ നഷ്ടത്തിലാണ്‌. കേരളത്തിന്റെ കടബാധ്യത 76,000 കോടി രൂപയാണെന്നാണ്‌ ധനമന്ത്രി അറിയിച്ചത്‌.
ഈ പശ്ചാത്തലത്തില്‍ രഘുറാം രാജന്‍ കേരളത്തെ വികസന സൂചികയില്‍ രണ്ടാം സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുമ്പോള്‍ കേന്ദ്ര വിഹിതം സ്വാഭാവികമായി കുറയും. ആഭ്യന്തരവരുമാനവും ബാഹ്യ വരുമാനവും കണക്കിലെടുത്താണ്‌ വികസനം അളക്കുക. രാജ്യം കടബാധ്യതയിലാണെങ്കില്‍ കേരളത്തെ വികസിത സംസ്ഥാനമെന്നെങ്ങനെ വിളിയ്ക്കും? ഗുജറാത്ത്‌ ഇന്ന്‌ വികസന മാതൃകയാണ്‌. അവിടെ മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ട്‌. കേരളത്തില്‍ മദ്യലഹരി പോലെ വര്‍ധിക്കുന്നതാണ്‌ ലോട്ടറി ലഹരി. തമിഴ്‌നാട്‌ ലോട്ടറി നിരോധനം നടപ്പാക്കിക്കഴിഞ്ഞു.
ഇങ്ങനെ യാഥാര്‍ത്ഥ്യ ബോധമില്ലാതെ, ജനങ്ങളുടെ ആവാസ വ്യവസ്ഥയോ പ്രശ്നങ്ങളോ ദുരിതങ്ങളോ അവഗണിച്ച്‌ ഭരിക്കുന്ന സര്‍ക്കാരുകളാണ്‌ കേരളം ഭരിക്കുന്നത്‌. വനനശീകരണത്തിനെതിരെയും മണല്‍വാരലിനെതിരെയും പരിസ്ഥിതി സ്നേഹികള്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍ അവരെ വികസന വിരോധികളായിക്കാണുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിലെ മണല്‍വാരലിനെതിരെ സമരം നടത്തുന്ന ജസീറയും രണ്ടു കുട്ടികളും ഇപ്പോള്‍ ദല്‍ഹിയില്‍ ആരംഭിക്കുന്ന കൊടുംതണുപ്പ്‌ സഹിച്ച്‌ സത്യഗ്രഹം തുടരുകയാണ്‌.
അപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നേറുകയാണ്‌. പത്തനാപുരത്ത്‌ എനിക്ക്‌ ഗാന്ധിഭവന്‍ അവാര്‍ഡ്‌ നല്‍കാനെത്തിയ മുഖ്യമന്ത്രി സ്റ്റേജിലും പൊതുജനങ്ങളില്‍നിന്നും പരാതി സ്വീകരിച്ചിരുന്നു. ഈ പരാതികള്‍ പരിഹരിക്കപ്പെടുന്നുണ്ടോ? കേരളത്തില്‍ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കാറില്ല. മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക്‌ ലഭ്യമല്ല എന്ന്‌ പ്രഥമ നിരീക്ഷണത്തില്‍ തന്നെ വ്യക്തമാകും. ഉദ്യോഗസ്ഥ മേഖലാ പരിഷ്കരണത്തില്‍ സുപ്രീംകോടതി വിധിപോലും അവഗണിക്കപ്പെട്ടു. പരാതികള്‍ സ്വീകരിച്ചതുകൊണ്ടായില്ല. ഈ പരാതികള്‍ പരിഹരിക്കാനുള്ള മനഃസ്ഥിതിയും കാര്യക്ഷമതയും ഉദ്യോഗസ്ഥ സമൂഹം ആര്‍ജിക്കേണ്ടതുണ്ട്‌.
ഞാന്‍ നേരത്തെ പറഞ്ഞപോലെ കേരളത്തിന്റെ മുഖമുദ്ര ഇന്ന്‌ അഴിമതിയും വെട്ടിപ്പുകളുമാണ്‌. സരിതാ എസ്‌.നായരും കവിത ജി.പിള്ളയുമാണ്‌ സമകാലിക നായികമാര്‍. രാഷ്ട്രീയക്കാര്‍ അഴിമതി വിമുക്തരോ സമ്മര്‍ദ്ദത്തിന്‌ അതീതരോ അല്ല. രാഷ്ട്രീയ അഴിമതി ഉദ്യോഗസ്ഥതല അഴിമതിയെ പോഷിപ്പിക്കുന്നു. സോളാര്‍ കേസുള്‍പ്പെടെ ഏതു വെട്ടിപ്പ്‌ കേസിലും ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ്‌ ഉള്‍പ്പെട്ടിട്ടുണ്ടാവും. ഇതും അമര്‍ത്യാസെന്‍ കാണാത്ത ഒരു കേരള മോഡലാകുന്നു.
മാധ്യമങ്ങള്‍ ഇവിടെ ജാഗരൂകരാണ്‌. അവര്‍ വാര്‍ത്തകള്‍ സെന്‍സേഷണലൈസ്‌ ചെയ്യുന്നുണ്ടെങ്കിലും അതുകാരണം ജനങ്ങള്‍ അവബോധമുള്ളവരാണ്‌. ഇങ്ങനെ വിദ്യാസമ്പന്നരായ, അറിവു നേടിയ ഒരു ജനസമൂഹം എങ്ങനെ ഇങ്ങനെ നിഷ്ക്രിയവും നിഷ്പ്രയോജകവും വായ്ത്താരി മാത്രം കൈമുതലായുള്ളവരുമായി? കേരളം എങ്ങനെ വികസിച്ച്‌ രണ്ടാംസ്ഥാനത്തെത്തും?
ലീലാ മേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.