"ഛത്തീസ്ഗഢിലെ ജനങ്ങള്‍ തുടര്‍വികസനം ആഗ്രഹിക്കുന്നു"

Tuesday 5 November 2013 9:04 pm IST

ഛത്തീസ്ഗഢിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും ബിജെപി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ പത്തു വര്‍ഷമായി അവര്‍ക്കതു കാണാന്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി ഡോ.രമണ്‍സിങ്‌ 'ജന്മഭൂമി'ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദീപാവലി ദിനാഘോഷത്തിന്റെ തുടര്‍ച്ചയായി സ്വന്തം മണ്ഡലമായ രാജ്നന്ദ്ഗാവില്‍ നടന്ന ഗോവര്‍ദ്ധന്‍ പൂജയില്‍ പങ്കെടുത്ത ശേഷം വസതിയില്‍ അനുവദിച്ച അഭിമുഖത്തില്‍ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി മനസ്സുതുറന്നു. ഭരണത്തുടര്‍ച്ചയുടെ പത്തു വര്‍ഷങ്ങളേപ്പറ്റിയും സ്വന്തം സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളേപ്പറ്റിയും അദ്ദേഹം 'ജന്മഭൂമി'യോട്‌ പങ്കുവെച്ചു. 2003ല്‍ ഭരണം ലഭിച്ചതുമുതലുള്ള പത്തു വര്‍ഷങ്ങളെക്കുറിച്ചു സ്വയം വിലയിരുത്തിയാല്‍?
ജനസംഖ്യയിലെ ഭൂരിപക്ഷവും രാദിദ്ര്യരേഖയ്ക്കു താഴെയുള്ള പ്രദേശമായാണ്‌ 2000ല്‍ ഇന്ത്യയിലെ 26-ാ‍മത്‌ സംസ്ഥാനമായി ഛത്തീസ്ഗഢ്‌ രൂപീകൃതമാകുന്നത്‌. തുടര്‍ന്ന്‌ പഴയ മധ്യപ്രദേശിലെ കിഴക്കന്‍ മേഖലയില്‍ നിലവിലുണ്ടായിരുന്ന ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ 2003 വരെ കോണ്‍ഗ്രസാണ്‌ ഭരണം നിര്‍വഹിച്ചത്‌. മധ്യപ്രദേശിന്റെ ഭാഗമായിരുന്ന കാലത്ത്‌ ഉണ്ടായിരുന്ന എല്ലാ അവഗണനയും പുതിയ സംസ്ഥാനം രൂപീകൃതമായതിനു ശേഷവും തുടര്‍ന്നതോടെ ജനങ്ങള്‍ മാറി ചിന്തിച്ചതിന്റെ ഫലമായാണ്‌ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയത്‌. സംസ്ഥാന ഭരണം ഏറ്റെടുത്തതു മുതല്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക്‌ വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ ജനങ്ങള്‍ക്ക്‌ കാണാനാവുന്ന തരത്തിലുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായി. അതുകൊണ്ടു തന്നെ തികഞ്ഞ സംതൃപ്തിയോടെയും ആത്മവിശ്വാസത്തോടെയുമാണ്‌ മൂന്നാംവട്ടവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍? ജനങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമായിരുന്നു സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യം. ഭരണത്തിന്റെ പ്രയോജനം സംസ്ഥാനത്തെ 26 മില്യണ്‍ ജനങ്ങള്‍ക്കും എത്തണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ്‌ ആവിഷ്ക്കരിച്ചത്‌. പഞ്ചവത്സര പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ വളര്‍ച്ചാ ശരാശരി വര്‍ദ്ധിപ്പിക്കാനായി. സംസ്ഥാനത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക്‌ രണ്ടിരട്ടിയായി ഉയര്‍ന്നത്‌ ഇതിന്റെ ഫലമായാണ്‌. വൈദ്യുതപദ്ധതികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതോടെ മിച്ചവൈദ്യുതി സംസ്ഥാനമായി ഛത്തീസ്ഗഢ്‌ മാറി. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി വില്‍പ്പന പോലും നല്ല വില ലഭിക്കാത്തതിനാല്‍ നടക്കുന്നില്ല. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി എത്തുന്നവര്‍ക്ക്‌ വേണ്ട എല്ലാ അടിസ്ഥാന സൗകരങ്ങളും ചെയ്തു നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ട്‌. പൊതു വിതരണ സമ്പ്രദായത്തില്‍ വരുത്തിയ സമഗ്രമായ അഴിച്ചുപണിയാണ്‌ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണനേട്ടമായി എടുത്തു പറയാനുള്ളത്‌. ലോകത്തിനു തന്നെ മാതൃകയായ രീതിയില്‍ പിഡിഎസ്‌ സംവിധാനത്തെ പരിഷ്ക്കരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു.
സ്വകാര്യ വ്യക്തികളുടെ കയ്യിലായിരുന്ന റേഷന്‍ കടകളെല്ലാം ഗ്രാമപഞ്ചായത്തുകളുടേയും ഗ്രാമസഭകളുടേയും മേല്‍നോട്ടത്തിലാക്കി. ഭക്ഷ്യ വിതരണ സമ്പ്രദായം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതോടെ സാധനങ്ങളുടെ അളിവില്‍ കൃത്യത പാലിക്കേണ്ട അവസ്ഥ കടയുടമകള്‍ക്കുണ്ടായി. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയാല്‍ മൊബെയിലില്‍ അറിയിപ്പ്‌ എത്തുന്ന സംവിധാനവും സ്ഥാപിച്ചു. ഇതോടെ ശരിയായ അളവിലുള്ള ഭക്ഷ്യധാന്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു ലഭ്യമായിത്തുടങ്ങുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കി ജനസംഖ്യയുടെ 90 ശതമാനത്തിനും ഭക്ഷണം അവകാശമാക്കി മാറ്റിയതോടെ സദ്ഭരണത്തിന്റെ പ്രയോജനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവിക്കാനായി.
റായ്പൂരെന്ന നഗരത്തിനു തലസ്ഥാന നഗരിയുടെ വികസനാവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനായതോടെ നയാ റായ്പൂരെന്ന പുതിയ നഗരം സ്ഥാപിച്ചതും ബിജെപി സര്‍ക്കാരിന്റെ നേട്ടമാണ്‌. ലോകത്തിലെ ഏതു നഗരത്തോടും കിടപിടിക്കുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ നഗരമായി നയാ റായ്പൂരിനെ മാറ്റുകയാണ്‌ ലക്ഷ്യം. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ നയാറായ്പൂരിലുണ്ടാകും.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത്‌ പ്രതിഫലിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ വാദിക്കുന്നുണ്ടല്ലോ. അതെക്കുറിച്ചുള്ള പ്രതികരണം? സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ യാതൊരു വിധത്തിലുമുള്ള ഭരണവിരുദ്ധ വികാരവുമില്ല. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടായിരത്തോളം കിലോമീറ്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. ആയിരക്കണക്കിനു ഗ്രാമീണരുമായി നേരില്‍ സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്‌. എല്ലാ സ്ഥലങ്ങളിലും തടിച്ചു കൂടുന്ന ജനങ്ങളുടെ എണ്ണം തന്നെയാണ്‌ ബിജെപി സര്‍ക്കാരിനെ അവര്‍ അംഗീകരിക്കുന്നു എന്നതിന്റെ തെളിവ്‌. ജനങ്ങളുടെ പ്രതികരണം വളരെ പോസിറ്റീവായിട്ടുള്ളതായാണ്‌ അനുഭവപ്പെടുന്നത്‌. എന്നാല്‍ അതേ സമയം തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സില്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അതിശക്തമാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താകും ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ്‌. 2014 മെയ്‌ മാസം ലോക്സഭയിലേക്കു നടക്കുന്ന ഫൈനലിനു മുമ്പുള്ള സെമിഫൈനല്‍ ആണ്‌ ഛത്തീസ്ഗഢില്‍ നടക്കുന്നത്‌. സെമിഫൈനലിലെ മികച്ച വിജയത്തോടെ ഫൈനലിനെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ബിജെപി പ്രവര്‍ത്തകരും സംസ്ഥാനത്തെ ജനങ്ങളും.
ഈ വര്‍ഷം മെയ്‌ 25ന്‌ ബസ്തറിലെ ദര്‍ബഗഢില്‍ കോണ്‍ഗ്രസ്‌ പരിവര്‍ത്തന്‍ യാത്രയ്ക്കു നേരെയുണ്ടായ മാവോയിസ്റ്റ്‌ ആക്രമണം തടയാന്‍ കഴിയാതിരുന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന കോണ്‍ഗ്രസ്‌ ആരോപണത്തേപ്പറ്റിയുള്ള അഭിപ്രായം എന്താണ്‌?
ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്‌ ബസ്തറില്‍ ഉണ്ടായത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ അശ്രദ്ധയാണ്‌ ഇത്രയും വലിയ ദുരന്തത്തിലേക്ക്‌ വഴിതെളിച്ചത്‌. മാവോയിസ്റ്റുകളുടെ ശക്തമായ സ്വാധീനമുള്ള മേഖലയില്‍ ഞാന്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കാറില്ല. ഹെലികോപ്റ്റര്‍ വഴിയുള്ള യാത്രകള്‍ മാത്രമാണ്‌ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ സുരക്ഷിതം. വലിയ ലക്ഷ്യവുമായാണ്‌ മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ്‌ നേതാക്കളെ ആക്രമിച്ചത്‌. മെയ്‌ 22ന്‌ നടത്താനിരുന്ന പരിവര്‍ത്തന്‍ യാത്രയുടെ തീയതി 25ലേക്ക്‌ മാറ്റിയത്‌ സംബന്ധിച്ച്‌ കൃത്യമായ രീതിയില്‍ പോലീസിനു വിവരങ്ങള്‍ കൈമാറിയിരുന്നില്ല. ഇത്തരത്തിലുള്ള നിരവധി പാളിച്ചകളുണ്ടായതിനേപ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം ആവശ്യമാണ്‌. എന്‍ഐഎ സംഘം ഹൈക്കോടതി ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്‌. മാവോയിസ്റ്റുകള്‍ക്കെരിതെ ഛത്തീസ്ഗഢ്‌ സര്‍ക്കാര്‍ മൃദു സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന വാദം തെറ്റാണ്‌. കഴിഞ്ഞ കുറേ നാളുകളായി ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചതു തന്നെ ഇതു വ്യക്തമാക്കുന്നു. മാവോയിസ്റ്റുകള്‍ നടതത്തുന്ന സ്ഫോടനങ്ങളുടെ എണ്ണവും വളരെയധികം കുറഞ്ഞിട്ടുണ്ട്‌. സുരക്ഷാ സൈനികരുടേയും സാധാരണക്കാരുടേയും ജീവനുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങളും വളരെയധികം കുറഞ്ഞു കഴിഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമകരമായ ഭക്ഷ്യസുരക്ഷാ നിയമം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ തടയുന്നതില്‍ മാവോയിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്‌. വനമേഖലയില്‍ സാധാരണക്കാര്‍ക്ക്‌ ഭക്ഷ്യധാന്യങ്ങളെത്തിത്തുടങ്ങിയതോടെ മാവോയിസത്തില്‍ നിന്നുള്ള ജനങ്ങളുടെ താല്‍പ്പര്യങ്ങളും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ബസ്തര്‍ മേഖലയിലെ ജില്ലകളില്‍ ഇനിയും നിരവധിയായ വികസന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്‌. ഇതിനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരും. ബ്സ്തറിലെ 40000 ഗ്രാമങ്ങളിലും സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ നടത്തുന്നത്‌. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന അവരുടെ സ്വത്തുവിവരത്തില്‍ അസാധാരണമായ വര്‍ദ്ധനവുള്ളതായി വാര്‍ത്തകളുണ്ടല്ലോ? എന്താണിതിന്‌ അടിസ്ഥാനം? സ്ഥാനാര്‍ത്ഥികളുടെ ആസ്തിയിലുള്ള വര്‍ദ്ധനവ്‌ സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായുണ്ടായതാണ്‌. ഭൂമി വിലയിലുണ്ടായ വലിയ ഉയര്‍ച്ചയാണ്‌ ആസ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. അല്ലാതെ അഴിമതി നടത്തി ആരും പണം സമ്പാദിച്ചിട്ടില്ല. എല്ലാവര്‍ഷവും ഭൂമി സംബന്ധിച്ച കണക്കുകള്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാണ്‌. സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഇക്കാര്യങ്ങള്‍ ബോധ്യമാണ്‌.
ഡോ.രമണ്‍സിങ്ങിന്റെ ദേശീയ നേതൃത്വത്തിലേക്കുള്ള വളര്‍ച്ച എങ്ങനെയാവും? നിലവില്‍ സംസ്ഥാന തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ വിജയമാണ്‌ ലക്ഷ്യം. ഛത്തീസ്ഗഢിന്റെ വിജയത്തിനായാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ആ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്‌. മൂന്നാം തവണയും ജനവിധി തേടുന്നത്‌ സംസ്ഥാനത്തെ ജനങ്ങളില്‍ ബിജെപി ഭരണത്തിന്‍ കീഴിലുള്ള വികസനപദ്ധതികളുടെ തുടര്‍ച്ച ലഭ്യമാക്കുന്നതിനായാണ്‌. ദിലീപ്‌ സിങ്‌ ജുദേവിനേപ്പോലുള്ള നിരവധി മുന്‍നേതാക്കള്‍ സൃഷ്ടിച്ച ശക്തമായ പ്രവര്‍ത്തന സംവിധാനം ഛത്തീസ്ഗഢില്‍ ബിജെപിക്കുണ്ട്‌. ആ സംവിധാനത്തെ ഉപയോഗിച്ച്‌ വലിയ വിജയം തെരഞ്ഞെടുപ്പില്‍ നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.