യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുന്നു: രാജുനാരായണസ്വാമി

Friday 19 August 2011 11:29 pm IST

കൊച്ചി: യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുകയാണെന്ന്‌ സംസ്ഥാന യൂത്ത്‌ അഫയേഴ്സ്‌ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്‌. ആത്മീയതയില്‍ അധിഷ്ഠിതമായ ഒരു ജീവിത സാഹചര്യം നിലനില്‍ക്കാത്തിടത്തോളം കാലം ഇത്‌ തുടരും. ബാലഗോകുലം സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ സര്‍ഗ്ഗശക്തി വളര്‍ത്തിയെടുത്ത്‌ അത്‌ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണം. യുവതലമുറയെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ബാലഗോകുലം നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ പാടിപ്പുകഴ്ത്താന്‍ വാക്കുകളില്ല. ബാലഗോകുലം കേരളീയ സമൂഹത്തിന്‌ പുതിയ വെളിച്ചം പകര്‍ന്നുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരാശാബോധമാണ്‌ ഇന്ന്‌ യുവതലമുറയെ നയിക്കുന്നത്‌. സ്നേഹത്തിന്റെ ഭാഷയിലൂടെ സത്യത്തിന്റെ പാതയിലൂടെയും അവരെ നേരായ വഴിക്ക്‌ നയിക്കാന്‍ കഴിയണം, മൂല്യങ്ങളിലേക്ക്‌ മടങ്ങാന്‍ അവരെ പ്രേരിപ്പിക്കണം. കറയറ്റ ഭാരത സംസ്കാരത്തിന്റെ അന്തഃസത്ത സ്നേഹമാണെന്ന്‌ യുവതലമുറ തിരിച്ചറിയണം. തെറ്റുകള്‍ വിളിച്ച്‌ പറയാനും, സത്യത്തിന്‌ വേണ്ടി ആത്മാഹുതി ചെയ്യാനും തയ്യാറുള്ള യുവതലമുറയെയാണ്‌ നാടിന്‌ ആവശ്യം. ലക്ഷ്യബോധവും നാടിനോട്‌ പ്രതിബദ്ധതയും ഉള്ള പുതിയ തലമുറ രൂപപ്പെടണം. സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി തലതല്ലുന്ന തലമുറ അവസാനിക്കണം. സംസ്കാരത്തോട്‌ ബഹുമാനം ഉണ്ടായാല്‍ ഇത്‌ വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുമെന്നും രാജുനാരായണസ്വാമി പറഞ്ഞു. കുടുംബങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാക്കണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കുടുംബ ധര്‍മ്മത്തെ നിലനിര്‍ത്തിക്കൊണ്ട്‌ മക്കളെ തലമുറയെക്കുറിച്ച്‌ ബോധവാന്മാരാക്കണം. കുടുംബ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കേണ്ട ബാധ്യതയാണ്‌ ബാലഗോകുലത്തിന്‌ നിര്‍വ്വഹിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു. ആഡംബരങ്ങള്‍ക്ക്‌ പുറകെപോയി നശിക്കുന്ന സമൂഹമായി ഹിന്ദുക്കള്‍ മാറരുത്‌. വ്യവസ്ഥിതിയല്ല മനഃസ്ഥിതിയാണ്‌ മാറേണ്ടത്‌. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവി എസ്‌. രമേശന്‍നായര്‍, ജി. സന്തോഷ്കുമാര്‍, സി.ജി. രാജഗോപാല്‍, മേലേത്ത്‌ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.