ആചാരപ്പെരുമയില്‍ ചേനപ്പാടിക്കാര്‍ ആറന്‍മുളയില്‍ പാളത്തൈര്‌ സമര്‍പ്പണം നടത്തി

Friday 19 August 2011 11:47 pm IST

പൊന്‍കുന്നം: ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി നാളില്‍ നടത്തുന്ന വള്ളസദ്യയ്ക്ക്‌ വിളമ്പുന്നതിനുള്ള ആയിരം ലിറ്റര്‍ പാളത്തൈര്‌ ആചാര പെരുമയോടെ ചേനപ്പാടി കരക്കാര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ആറന്‍മുളക്ഷേത്രത്തില്‍ അഷ്ടമിരോഹിണി നാളില്‍ നടന്നുവരുന്ന വള്ളസദ്യയ്ക്ക്‌ ആവശ്യമായ തൈര്‌ പാളയിലാക്കി പണ്ട്കാലം മുതലെ സമര്‍പ്പിച്ചിരുന്നത്‌ ചേനപ്പാടികരക്കാരായിരുന്നു. ഇന്നലെ രാവിലെ കിഴക്കേക്കര ജംഗ്ഷനില്‍ നിന്നുമാണ്‌ തൈര്‌ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്‌. ഘോഷയാത്രയില്‍ നൂറ്‌ കണക്കിന്‌ ഭക്തര്‍ പങ്കെടുത്തു. പണ്ട്കാലത്ത്‌ വീടുകളില്‍നിന്ന്‌ ശേഖരിച്ചിരുന്ന തൈര്‌ പാളയിലാക്കി ജലമാര്‍ഗ്ഗം കെട്ടുവള്ളത്തിലാണ്‌. ആറന്‍മുളയില്‍ എത്തിച്ചിരുന്നത്‌. ചേനപ്പാടിക്കരക്കാരുടെ പാളത്തൈര്‌ സമര്‍പ്പണം വള്ളപ്പാട്ടുകളില്‍പോലും ഇടം നേടിയിട്ടുണ്ട്‌. സമര്‍പ്പണം ഇടക്കാലത്ത്‌ നിലച്ചുവെങ്കിലും നാല്‌ വര്‍ഷം മുമ്പ്‌ പുനരരംഭിക്കുകയായിരുന്നു. ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രം, ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, കണ്ണമ്പള്ളില്‍ ഭഗവതി ക്ഷേത്രം, ഇടയാറ്റ്‌ കാവ്‌ ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം, എസ്‌എന്‍ഡിപി ഗുരുമന്ദിരം, ഇളങ്കാവ്‌ ഭഗവതിക്ഷേത്രം, പരുന്തന്‍മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട്‌ ഭക്തജനസമതി എന്നിവയുടം സഹകരണത്തോടെ പാര്‍ത്ഥ സാരഥി തൈരു സമര്‍പ്പണ സമിതിയാണ്‌ ഘോഷയാത്രയൊരുക്കിയത്‌. പ്രസിഡണ്റ്റ്‌ ഹരി ഇളവുമഠം, സെക്രട്ടറി ജയകൃഷ്ണന്‍ കുറ്റിക്കാട്ട്‌ ഖജാന്‍ജി അഭിലാഷ്‌ പടത്തിയാനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.