കരിമണല്‍: സിബിഐ അന്വേഷണം വേണം-സുധീരന്‍

Saturday 9 November 2013 11:52 am IST

തിരുവനന്തപുരം: കരിമണല്‍ കള്ളക്കടത്തിനെ കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന്‌ മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍. മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലത്തെ ക്രമക്കേടുകളെ കുറിച്ച്‌ സിബിഐ അന്വേഷിക്കണം. കരിമണല്‍ ഖാനനം സ്വകാര്യ മേഖലയ്ക്ക്‌ കൈമാറരുത്‌. ജനവികാരം മാനിക്കാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം നടത്തിയെടുക്കാമെന്ന്‌ കരുതി പലരും മുന്നോട്ട്‌ വരുന്നുണ്ട്‌. പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം ഐആര്‍ഇയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്ന്‌ തന്നെ ഉണ്ടാകുന്നുവെന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. കേരളത്തിന്‌ പുറത്തുള്ള ഐആര്‍ഇയുടെ മാനേജ്മെന്റ്‌ സ്ഥാപനത്തെ നശിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ അതുകൂടി സിബിഐ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഐആര്‍ഇയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണല്‍ കള്ളക്കടത്ത്‌ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ്‌ ഇപ്പോഴും കരിമണല്‍ കള്ളക്കടത്ത്‌ നടക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.
കരിമണല്‍ ഖാനനവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ആലപ്പുഴയിലെ തീരങ്ങളിലെ കരിമണല്‍ ഖാനനം ലക്ഷ്യമിട്ടുള്ള സ്വകാര്യ ലോബിയുടെ നീക്കത്തിന്റെ ഭാഗമാണ്‌. ആലപ്പുഴ തീരമേഖലയില്‍ കരിമണല്‍ ഖാനനം നടത്തുന്നത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസും യുഡിഎഫ്‌ സര്‍ക്കാരും നേരത്തെ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രദേശത്തെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത്‌ ആലപ്പുഴയില്‍ കരിമണല്‍ ഖാനനത്തിന്‌ അനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇത്‌ പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ല. കരിമണല്‍ ഖാനനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ ലോബിയും കേരളലോബിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. കള്ളക്കടത്ത്‌ നടക്കുന്നത്‌ സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ്‌. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരൊറ്റ ദിവസം കൊണ്ട്‌ കള്ളക്കടത്ത്‌ തടയാനാകും. പോലീസ്‌, റവന്യൂ, മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പുകളെ ഇതിനായി ഉപയോഗിക്കാം. കള്ളക്കടത്തില്‍ തമിഴ്‌നാട്‌ കമ്പനികളുടെ പങ്കും അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.