കിരീടം നൈജീരിയക്ക്‌

Saturday 9 November 2013 8:33 pm IST

അബുദാബി: ഫുട്ബോളിലെ ലോകകപ്പ്‌ കൗമാരകിരീടം ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയ്ക്ക്‌. വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്മാരായ മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ നൈജീരിയന്‍ കൗമാരതാരങ്ങള്‍ ലോകത്തിന്റെ നെറുകയിലെത്തിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ 6-1 ന്‌ മെക്സിക്കോയെ തകര്‍ത്ത നൈജീരിയ മെക്സിക്കന്‍ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്തായിരുന്നു ഗോളുകള്‍ നേടിയത്‌. നൈജീരിയയുടെ നാലാം ലോകകിരീടമാണ്‌. 2007ലാണ്‌ നൈജീരിയ ഇതിന്‌ മുമ്പ്‌ ലോകകപ്പ്‌ നേടിയത്‌.
മത്സരത്തിന്റെ തുടക്കത്തില്‍ മെക്സിക്കോ നൈജീരിയക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സാവധാനത്തില്‍ മത്സരത്തില്‍ പിടിമുറുക്കിയ നൈജീരിയ മെക്സിക്കോയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ്‌ നടത്തിയത്‌. കളിയുടെ ഒമ്പതാം മിനിറ്റില്‍ മൂസാ യാഹാഹായുടെ തകര്‍പ്പന്‍ ഷോട്ട്‌ മെക്സിക്കന്‍ പ്രതിരോധക്കാരന്‍ എറിക്‌ അഗ്വിറയുടെ ദേഹത്ത്‌ തട്ടി വലയില്‍ പതിച്ചതോടെ ആഫ്രിക്കന്‍ കരുത്തര്‍ ആദ്യഗോള്‍ സ്വന്തമാക്കി. പിന്നീട്‌ ആദ്യപകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ നൈജീരിയക്കും സമനില ഗോള്‍ നേടാന മെക്സിക്കോക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 56-ാ‍ം മിനിറ്റില്‍ മെക്സിക്കന്‍ ഗോളി റൗള്‍ ഗുഡീനോയുടെ പിഴവില്‍ നിന്നാണ്‌ നൈജീരിയ രണ്ടാം ഗോള്‍ നേടിയത്‌. മൂസാ മുഹമ്മദിന്റെ ഷോട്ട്‌ റൗള്‍ തട്ടിയിട്ടത്‌ സ്ട്രൈക്കര്‍ കെലേച്ചി ഇഹിയാനാക്കോയുടെ മുന്നിലേക്ക്‌. ഇഹിയാനാക്കോ പന്ത്‌ വലയിലേക്ക്‌ തട്ടിയിട്ട്‌ ടീമിന്റെ രണ്ടാം ഗോളും തന്റെ ആറാം ഗോളും കുറിച്ചു. മത്സരത്തിന്റെ 81-ാ‍ം മിനിറ്റില്‍ നൈജീരിയന്‍ ക്യാപ്റ്റന്‍ മൂസ മുഹമ്മദും ലക്ഷ്യം കണ്ടതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
രണ്ടാം പകുതിയില്‍ മെക്സിക്കന്‍ കോച്ച്‌ കളിക്കാരെ മാറിമാറി പരീക്ഷിച്ചെങ്കിലും നൈജീരിയന്‍ പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞില്ല. ലാറ്റിനേരിക്കന്‍ രാജ്യങ്ങളേയും യൂറോപ്യന്‍ രാജ്യങ്ങളേയും തകര്‍ത്താണ്‌ പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ നൈജീരിയയും മെക്സിക്കോയും ഫൈനലില്‍ എത്തിയിരുന്നത്‌. ഇത്‌ നാലാം തവണയാണ്‌ നൈജീരിയ അണ്ടര്‍ 17 കിരീടം സ്വന്തമാക്കുന്നത്‌. ഇതിനുമുമ്പ്‌ 1985,1993, 2007 വര്‍ഷങ്ങളിലാണ്‌ അവര്‍ കപ്പുയര്‍ത്തിയിരുന്നത്‌. അണ്ടര്‍ 17 ലോകകപ്പ്‌ ടൂര്‍ണമെന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും നൈജീരിയന്‍ ടീം സ്വന്തമാക്കി. ടൂര്‍ണമെന്റിലാകെ 26 ഗോളുകള്‍ നേടിയ ടീം 2011ല്‍ ജര്‍മ്മന്‍ ടീം കുറിച്ച റെക്കോര്‍ഡാണ്‌ പഴങ്കഥയാക്കിയത്‌.
ലോകകപ്പിലെ ഏറ്റവും നല്ല കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നൈജീരിയയുടെ കെലേച്ചി ഇഹിയാനാക്കോ കരസ്ഥമാക്കി. രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ ബോള്‍ ബ്രസീലിയന്‍ താരം നഥാന്‍ അല്ലനാണ്‌. ടോപ്‌ സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്‌ ഏഴ്‌ ഗോളുകള്‍ നേടിയ സ്വീഡന്റെ വാല്‍മിര്‍ ബെറീഷ്യ നേടി. സില്‍വര്‍ ബൂട്ട്‌ നൈജീരിയയുടെ കെലേച്ചി ഇഹിയാനാക്കോയ്ക്കാണ്‌. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗസ്‌ നൈജീരിയയുടെ ഡെലെ അലംപാസുവിനുലഭിച്ചപ്പോള്‍ ഫെയര്‍ പ്ലേ അവാര്‍ഡും നൈജീരിയ സ്വന്തമാക്കി.
ലൂസേഴ്സ്‌ ഫൈനലില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ സ്വീഡന്‍ മൂന്നാം സ്ഥാനം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.