ആം ആദ്മി പാര്‍ട്ടി വിഷമവൃത്തത്തില്‍

Saturday 9 November 2013 9:26 pm IST

ന്യൂദല്‍ഹി: നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തത പൂലര്‍ത്തുമെന്ന്‌ കൊട്ടിഘോഷിച്ച്‌ രൂപീകരിച്ച ആംആദ്മി പാര്‍ട്ടിയും ന്യൂനപക്ഷ മതപ്രീണന നീക്കങ്ങളുമായി മുന്നോട്ടു നീങ്ങിയതോടെ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ്‌ അന്തരീക്ഷം ബിജെപിക്ക്‌ കൂടുതല്‍ അനുകൂലമായി മാറുന്നു. എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ ചില മുസ്ലീം സംഘടനകളുമായും മുസ്ലീം പുരോഹിതന്‍മാരുമായും സന്ദര്‍ശനം നടത്തുന്നതാണ്‌ എഎപിയെ പൊതുസമൂഹ മധ്യത്തില്‍ വെട്ടിലാക്കിയിരിക്കുന്നത്‌.
ദല്‍ഹിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരായ സാധാരണക്കാരുടെ ശബ്ദമെന്ന നിലയില്‍ രൂപീകൃതമായ പാര്‍ട്ടി കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ കാര്യമായ പ്രചാരണം നടത്താതിരിക്കുന്നതും സംശയകരമായി മാറിയിട്ടുണ്ട്‌. ഇതോടെ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖമാണ്‌ എഎപിയെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തിയതിനെ പ്രതിരോധിക്കാനാവാതെ വിഷമിക്കുകയാണ്‌ എഎപി നേതൃത്വം.
ബാരേല്‍വി പുരോഹിതനായ താഖിര്‍ റാസാ ഖാനുമായി കേജ്‌രിവാള്‍ നടത്തിയ കൂടിക്കാഴ്ചയാണ്‌ എഎപിയുടെ മതേതര നിലപാടുകള്‍ വ്യാജമാണെന്ന്‌ തെളിയിച്ചിരിക്കുന്നത്‌. ദല്‍ഹിയിലെ വൈദ്യുതി,സുരക്ഷാ പ്രശ്നങ്ങള്‍ മാത്രം മുന്നോട്ടു വെച്ചുകൊണ്ട്‌ പാര്‍ട്ടി രൂപീകരിച്ച കേജ്‌രിവാളും കൂട്ടരും മുസ്ലീം മതപുരോഹിതനെ സന്ദര്‍ശിച്ചതു വ്യക്തമായി വിശദീകരിക്കാനാവാത്ത നിലയിലാണ്‌. തസ്ലീമ നസ്രീനെതിരെ ഫത്വ പുറപ്പെടുവിച്ച വ്യക്തിയാണ്‌ താഖിര്‍ റാസ ഖാന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരായി നിലപാടു സ്വീകരിക്കുമെന്നും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി പോരാടുമെന്നും പറയുന്ന എഎപി നേതൃത്വം മതനേതാക്കളെ കണ്ട്‌ സഹായമഭ്യര്‍ത്ഥിക്കുന്ന പുതിയ സാഹചര്യം ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പരമാവധി ഉപയോഗിക്കുന്നുണ്ട്‌.
ഷീലാദീക്ഷിത്‌ സര്‍ക്കാരിനെതിരായി നടത്തിക്കൊണ്ടിരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എഎപി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. എഎപിയുടെ വിദേശ ഫണ്ടു സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ്‌ കോണ്‍ഗ്രസിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നത്‌. സിംഗപ്പൂരില്‍ നിന്നുള്‍പ്പെടെ കോടിക്കണക്കിനു രൂപ വിദേശ സഹായം ആംആദ്മി(സാധാരണക്കാരുടെ) പാര്‍ട്ടിയിലേക്ക്‌ ഒഴുകിയത്‌ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പുറമേ എഎപി നേതാക്കളുടെ കോണ്‍ഗ്രസ്‌ ബന്ധവും വിവാദമായിട്ടുണ്ട്‌. ഷീലാദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ്‌ എംപിയുമായ സന്ദീപ്‌ ദീക്ഷിതിന്‌ എഎപിയിലുള്ള സ്വാധീനം ഇതുവരെയും പൊതു സമൂഹത്തോട്‌ വിശദീകരിക്കാന്‍ എഎപിക്കു കഴിഞ്ഞിട്ടില്ല. എഎപി യുടെ ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടം കോണ്‍ഗ്രസ്‌ നേതാവ്‌ നല്‍കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.
ഇതിനു പുറമേ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും കുറ്റം പറയുന്നു എന്നതല്ലാതെ ബദല്‍ സംവിധാനങ്ങള്‍ എങ്ങനെ നിര്‍വഹിക്കുമെന്നും നിലപാടുകളെന്തായിരിക്കുമെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ പത്രസമ്മേളനങ്ങളില്‍ മറുപടി പറയാനാവാത്ത നിലയിലാണ്‌ എഎപി നേതൃത്വം. ഇന്‍കം ടാക്സ്‌ വകുപ്പില്‍ പ്രവര്‍ത്തിച്ച കാലത്ത്‌ എന്തു പ്രവര്‍ത്തനമാണ്‌ എടുത്തുപറയത്തക്ക നിലയില്‍ നടത്തിയതെന്ന ചോദ്യങ്ങള്‍ക്ക്‌ അരവിന്ദ്‌ കേജ്‌രിവാളിനും മറുപടിയില്ല.
ദല്‍ഹിയിലെ 70 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ 4നാണ്‌ നടക്കുന്നത്‌. പകുതിയോളം മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാകുമെന്ന്‌ ചില മാധ്യമങ്ങള്‍ പ്രവചിച്ച എഎപിയ്ക്ക്‌ തുടക്കത്തില്‍ ലഭിച്ച ജനപിന്തുണ കുറഞ്ഞുവരുന്നതിന്റെ സൂചനകളാണ്‌ ലഭ്യമാകുന്നത്‌. ഭരണ വിരുദ്ധ വോട്ടുകള്‍ വിഭജിപ്പിച്ച്‌ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിനായി എഎപിയെ കോണ്‍ഗ്രസ്‌ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സൂചനകള്‍ പുറത്തുവന്നതോടെ എഎപി പരിപാടികളിലെ പൊതുജനപങ്കാളിത്തത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്‌.
എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.