സിബിഐക്കെതിരായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

Saturday 9 November 2013 10:03 pm IST

ന്യൂദല്‍ഹി: സിബിഐക്കും കേന്ദ്രസര്‍ക്കാരിനും ആശ്വാസമായി സിബഐ രൂപീകരണത്തിനെതിരായ ഗുവാഹതി ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ്‌ വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 6വരെയാണ്‌ സ്റ്റേ. സിബിഐക്ക്‌ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവവും ജസ്റ്റിസ്‌ രഞ്ജന പ്രകാശ്‌ ദേശായിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ അനുവദിച്ചുകൊണ്ട്‌ പറഞ്ഞു.
കോടതി അവധിയായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര സ്വഭാവമുള്ള ഹര്‍ജി ചീഫ്‌ ജസ്റ്റിസിന്റെ വസതിയില്‍ വെച്ച്‌ ഇന്നലെ വൈകിട്ടാണ്‌ പരിഗണിച്ചത്‌. അതീവ പ്രധാന്യമുള്ള ഹര്‍ജിയാണെന്നും ഗുവാഹതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്‌ ആധാരമായ പരാതി നല്‍കിയ കക്ഷികള്‍ക്ക്‌ സുപ്രീംകോടതി നോട്ടീസ്‌ നല്‍കുകയയും ചെയ്തു. ഡിസംബര്‍ 6ന്‌ കേസില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കുമെന്ന്‌ അറിയിച്ചതോടെ 50 വര്‍ഷം പഴകിയ സിബിഐ രൂപീകരണ ഉത്തരവ്‌ പുനപരിശോധിക്കപ്പെടുമെന്ന്‌ ഉറപ്പായി.
നവെബര്‍ 6നാണ്‌ സിബിഐ രൂപീകരണം ഭരണഘടനാ വിരുദ്ധമായാണ്‌ നടന്നതെന്നു വ്യക്തമാക്കിക്കൊണ്ട്‌ ഗുവാഹതി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. 1963ല്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന വി.വിശ്വനാഥന്റെ ഒപ്പോടു കൂടി രൂപീകൃതമായ സിബിഐക്ക്‌ നിയമസാധുതയില്ലെന്നും ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കേണ്ട ഏജന്‍സിയെ കേവലമൊരു ഉത്തരവിലൂടെ രൂപീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. ആസാമിലെ ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥന്റെ ഹര്‍ജിയിലായിരുന്നു ഗുരുതര സ്വഭാവമുള്ള വിധി ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ്‌ അന്‍സാരി, ഇന്ദിര ഷാ എന്നിവര്‍ പുറപ്പെടുവിച്ചത്‌.
ഗുവാഹതി ഹൈക്കോടതി വിധിക്കെതിരായി സര്‍ക്കാര്‍ എത്രയും പെട്ടെന്ന്‌ അപ്പീല്‍ സമര്‍പ്പിക്കണമെന്ന്‌ സിബിഐ ഡയറക്ടര്‍ രഞ്ജിത്‌ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. 2ജി സ്പെക്ട്രം,കല്‍ക്കരി അഴിമതി കേസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്ന വിധിക്കെതിരെ എത്രയും പെട്ടെന്ന്‌ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ്‌ വാങ്ങിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. 2ജി കേസിലെ എ.രാജ അടക്കമുള്ള പ്രതികള്‍ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സിബിഐ വാദം അംഗീകരിച്ചതിനെ തുടര്‍ന്ന്‌ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന്‌ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി ഇന്നലെ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യമെങ്ങും നടക്കുന്ന 9000 കേസുകളിലെ വിചാരണയേയും ആയിരക്കണക്കിനു ക്രിമിനല്‍ കേസുകളേയും വിധി ബാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ അപ്പീലില്‍ വ്യക്തമാക്കി. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ നിയമസംവിധാനത്തെ മുഴുവന്‍ മരവിപ്പിക്കുമെന്നും നിയമനടപടികളുടെ ഇരട്ടിപ്പിനു വഴിവെയ്ക്കുമെന്നും എ.ജി പറഞ്ഞു. 6000ത്തിലധികം ജീവനക്കാരുമായി സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സിബിഐയുടെ നിലനില്‍പ്പ്‌ ഇല്ലാതാക്കുന്നതാണ്‌ വിധിയെന്നും വഹന്‍വതി സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ്‌ സ്റ്റേ അനുവദിച്ച്‌ ഉത്തരവായത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.