ഐസ്‌ക്രീം കേസ് ഒതുക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചു - റൌഫ്

Saturday 20 August 2011 4:03 pm IST

കോഴിക്കോട്: ഐസ്ക്രീം കേസില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ലീഗ്‌ നേതാക്കള്‍ തന്നെ പലതവണ വന്നു കണ്ടതായി കെ.എ റൗഫ്‌ വെളിപ്പെടുത്തി. മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ എറണാകുളത്ത്‌ ഹോട്ടലില്‍ വന്ന്‌ കേസില്‍ നിന്ന്‌ പിന്‍വാങ്ങണമെന്ന്‌ തന്നോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും റൌഫ് അവകാശപ്പെട്ടു‌. ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം സി.വി.എം വാണിമേല്‍ കേസില്‍ നിന്നും പിന്‍‌വാങ്ങണമെന്ന ആവശ്യം ഉന്നയിച്ച്‌ പത്ത്‌ തവണയെങ്കിലും തന്നെ വന്ന് കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി വലിയ സങ്കടത്തിലാണെന്നും എന്ത്‌ ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മനോരമ ചാനലിന്റെ കോഴിക്കോട്ടെ ഉന്നതന്‍ ഇതിന്‌ സാക്ഷിയാണെന്നും റൗഫ്‌ പറഞ്ഞു. മന്ത്രി എം.കെ മുനീറിനെ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ ഉന്നതനെ സമീപിച്ചുവെന്ന ആരോപണം റൗഫ്‌ ആവര്‍ത്തിച്ചു. ഈ സി.പി.എം ഉന്നതന്‍ തന്നെ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിലെ രണ്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ വിവരം പറഞ്ഞിട്ടുണെന്നും റൗഫ്‌ പറഞ്ഞു. ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണ്‌. ഒരു നിസാരക്കാരനോട്‌ നിസാരമായി സംസാരിക്കുന്നതിനെ വലിയ വാര്‍ത്തയായി സംപ്രേഷണം ചെയ്യുകയാണെന്നും റൗഫ്‌ പറഞ്ഞു. മധ്യസ്ഥനുമായി സംസാരിക്കുന്നത്‌ റെക്കോര്‍ഡ്‌ ചെയ്യുന്ന കാര്യം തനിക്ക്‌ അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എസിനെ താന്‍ കണ്ടത്‌ സി.പി.എമ്മിലെ വിഭാഗീയതയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്‌ പി.കെ കുഞ്ഞാലിക്കുട്ടിയാണ്‌. ഇതിനുവേണ്ടി ഒരു ചാനലിന്റെ സഹായവും കുഞ്ഞാലിക്കുട്ടിക്കുണ്ട്‌. വി.എസിന് ആദ്യമായി കാണുന്നതിന്‌ മുമ്പ്‌ പല സി.പി.എം ഉന്നതരെയും ഇതേ ആവശ്യം ഉന്നയിച്ച്‌ താന്‍ സമീപിച്ചിട്ടുണ്ടെന്നും റൗഫ്‌ വെളിപ്പെടുത്തി. പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി റൗഫ്‌ പറഞ്ഞു.