ശക്തമായ ലോക് പാല്‍ ബില്ല് അനിവാര്യം - പ്രധാനമന്ത്രി

Saturday 20 August 2011 4:13 pm IST

ന്യൂദല്‍ഹി: ശക്തവും ഫലപ്രദവുമായ ലോക്പാല്‍ അനിവാര്യമാണെന്നും ഇതിനാണ്‌ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലോക്പാല്‍ ബില്‍ പാസാക്കുന്നതിന്‌ ദേശീയ സമവായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്മേലുള്ള ഭേദഗതിയുടെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുധാരണയിലെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ നിയമമാകുന്നതിന്‌ അതിന്റേതായ സമയമെടുക്കും. ഈ മാസം 30നകം ബില്‍ പാസാക്കിയെടുക്കുക പ്രയാസമായിരിക്കും. ലോക്പാല്‍ വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം ഒമ്പതു ശതമാനം വളര്‍ച്ച കൈവരിക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതും, ആഭ്യന്തര വളര്‍ച്ച ലക്ഷ്യമിടുന്നതുമായ പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കേണ്ടതും ആവശ്യമാണെന്നും ആസൂത്രണ കമ്മീഷന്റെ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്‌. കാര്‍ഷിക രംഗത്തെ വളര്‍ച്ചാ നിരക്ക്‌ അടിയന്തരമായി നാലു ശതമാനത്തിലെത്തിക്കേണ്ടതാണ്‌. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 14-15 ശതമാനം വരെ കാര്‍ഷിക മേഖലയുടെ സംഭാവനയാണ്‌. അതുകൊണ്ട്‌ തന്നെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച നാലു ശതമാനമാക്കിയേ മതിയാവൂ. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തേണ്ടത്‌ ആവശ്യമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.