ഫിയാന്‍: മരണം 10000 കവിഞ്ഞു

Monday 11 November 2013 12:41 pm IST

ടാക്ലോബാന്‍ (ഫിലിപ്പീന്‍സ്‌): മധ്യ ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ മരണമടഞ്ഞവരുടെ എണ്ണം 10,000 കവിഞ്ഞു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ രൂപംകൊണ്ട കൂറ്റന്‍ തിരമാലകള്‍ തീരദേശഗ്രാമങ്ങളെ മുഴുവന്‍ കവര്‍ന്നെടുക്കുകയും പ്രധാന നഗരത്തെ കീഴ്മേല്‍ മറിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. അതേമസയം, മരണസംഖ്യ 12000 ആയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്‌. വന്‍ ചുഴലിക്കാറ്റായ ഫിയാന്‍ കടന്നുപോയ പ്രദേശങ്ങളില്‍ 70 മുതല്‍ 80 ശതമാനം വരെ നാശം വിതച്ചതായി പോലീസ്‌ സൂപ്രണ്ട്‌ എല്‍മര്‍ സോറിയ പറഞ്ഞു.
തകര്‍ന്ന തീരദേശ ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കൊല്ലപ്പെട്ടവര്‍ എത്രയെന്ന്‌ കണക്കാക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഭക്ഷണം തേടി നടക്കുന്ന ജീവച്ഛവങ്ങളായി ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന്‌ ദുരന്ത മേഖലയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജെന്നി ചു പറയുന്നു.
ജനങ്ങളിലേറെയും സുനാമിയെപ്പോലെ ഇരച്ചുകയറിയ തിരമാലകളില്‍ മുങ്ങിമരിക്കുകയായിരുന്നു. തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്ന്‌ വീടുകള്‍ നിലംപൊത്തി. ഇതുവരെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന്‌ സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടില്ല. ആദ്യം കണക്കാക്കിയതില്‍നിന്ന്‌ മരണസംഖ്യ വളരെയധികം ഉയര്‍ന്നിട്ടുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞദിവസം രാത്രി ഗവര്‍ണറുമായും മറ്റ്‌ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്നും 10,000 പേര്‍ മരിച്ചതായാണ്‌ അദ്ദേഹം പറഞ്ഞതെന്നും പോലീസ്‌ സൂപ്രണ്ട്‌ എല്‍മര്‍ സോറിയ വ്യക്തമാക്കി.
മണിക്കൂറില്‍ 313 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌ 330,900 പേരെ ഭവനരഹിതരാക്കിയെന്നും 4.3 ദശലക്ഷമാളുകളെ ദുരന്തം പ്രതികൂലമായി ബാധിച്ചുവെന്നും യുഎന്‍ ഏജന്‍സി പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കൊടുങ്കാറ്റ്‌ 36 പ്രവിശ്യകളെ ബാധിച്ചു.
തലസ്ഥാന നഗരമായ ടാക്ലോബാനിലെ റോഡുകള്‍ക്കിരുവശവും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമായി നൂറുകണക്കിന്‌ മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണെന്ന്‌ ദൃക്‌സാക്ഷികളും ഉദ്യോഗസ്ഥരും പറയുന്നു. "ഹെലികോപ്ടറിലിരുന്ന്‌ വീക്ഷിക്കുമ്പോള്‍ ദുരന്തത്തിന്റെ ആഴം മനസിലാക്കാനാവും. തീരദേശത്തുനിന്ന്‌ ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളൊന്നുമില്ല. ഇത്‌ ഒരു സുനാമിപോലെയായിരുന്നു," ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുന്നതിന്‌ മുമ്പ്‌ നഗരത്തിലുണ്ടായിരുന്ന ആഭ്യന്തര സെക്രട്ടറി മാനുവല്‍ റൊക്ലാസ്‌ പറഞ്ഞു. "ഭയാനകമാണിത്‌, എങ്ങനെ വിശദീകരിക്കണമെന്നറിയില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാശം വന്‍തോതിലാണെന്നും കാറുകളും മറ്റും കാറ്റില്‍ എടുത്തെറിയപ്പെടുകയും നിരത്തുകള്‍ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍കൊണ്ട്‌ നിറഞ്ഞിരിക്കുകയാണെന്നും ദുരന്തം വിലയിരുത്താനെത്തിയ യുഎന്‍ സംഘത്തിന്റെ തലവന്‍ സെബാസ്റ്റ്യന്‍ റോഡസ്‌ സ്റ്റാസ പറഞ്ഞു. 2004 ല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിക്കുശേഷമാണ്‌ താന്‍ ഇത്തരമൊരു കാഴ്ച കണ്ടതെന്നും സ്റ്റാസ അഭിപ്രായപ്പെട്ടു. ലെയ്റ്റെ നഗരത്തിന്‌ പുറത്തും മരണങ്ങളുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.
ദുരന്തത്തിനിരയായവര്‍ക്ക്‌ സഹായമെത്തിക്കാന്‍ വിവിധ ഏജന്‍സികളും സന്നദ്ധസംഘടനകളും സോഷ്യല്‍ മീഡിയ വഴിയും മറ്റു തരത്തിലും അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.