രൂപയുടെ മൂല്യത്തില്‍ ഇടിവ്

Monday 11 November 2013 2:39 pm IST

മുംബൈ: രൂപയുടെ മൂല്യം എട്ട് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിനെതിരെ 60 പൈസ ഇടിഞ്ഞ് 63.07 രൂപ എന്ന നിലയിലെത്തി. വിപണിയില്‍ ഡോളറിനുള്ള ആവശ്യകത വര്‍ദ്ധിച്ചതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. ഡോളറൊന്നിന് 62.47 രൂപ എന്ന നിലയിലായിരുന്നു ഇന്നലത്തെ മൂല്യം. ആഗസ്റ്റില്‍ ഒരവസരത്തില്‍ 69 നിലവാരത്തിലേക്ക് കൂപ്പുകുത്തി റെക്കോഡിട്ട ഇന്ത്യന്‍ കറന്‍സി. പിന്നീട് റിസര്‍വ് ബാങ്കിന്റെ ഇടപെടലിന്റെ ഫലമായി തിരിച്ചുകയറി സ്ഥിരത കൈവരിച്ചിരുന്നു. ആ നിലയില്‍ നിന്നാണ് വീണ്ടും താഴേക്ക് പോകുന്നത്. അമേരിക്കയിലെ തൊഴില്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രകാരം തൊഴില്‍ മേഖലയില്‍ അമേരിക്ക കൂടുതല്‍ ശക്തിയാര്‍ജിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ വിദേശ നാണയ വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടാനിടയാക്കിയതാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണം. ഇത് സാമ്പത്തിക ഉത്തേജന പാക്കേജ് പിന്‍വലിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചേക്കുമെന്നതും വിപണിയില്‍ ആശങ്കയ്ക്കിടയാക്കി. കൂടാതെ വിപണിയില്‍ നിന്നും മൂലധന ഒഴുക്ക് വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം കുറയാനിടയാക്കി. ഇന്ത്യന്‍ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്സ് 183 പോയിന്റ് താഴ്ന്ന് 20,​482ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70 പോയിന്റ് താഴ്ന്ന 6070ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.