ബ്രോയിലര്‍ കുട്ടികള്‍

Monday 11 November 2013 8:30 pm IST

കാലം കടന്നുപോകുന്നത്‌ ശീഘ്രം. ഇന്നത്തെ തലമുറയ്ക്ക്‌ ന്യൂ ജനറേഷന്‍ എന്ന ആംഗലേയ നാമവും നമ്മള്‍ നല്‍കി. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി സംസാരിക്കുന്ന ഇവരോടൊപ്പം അതിശീഘ്രം ഓടിയെത്തിയത്‌ ന്യൂജനറേഷന്‍ ഭക്ഷണശാലാ ശൃംഖലകളും ന്യൂജനറേഷന്‍ വാഹനങ്ങളും ഇലക്ട്രോണിക്‌ ഉപകരണങ്ങളുമാണ്‌.
ഇവയെല്ലാം ഇന്ന്‌ സമൂഹ വിപത്തായിത്തീരുകയാണ്‌. കമ്പ്യൂട്ടറില്‍ ഒരക്ഷരം അമര്‍ത്തുമ്പോള്‍ തന്നെ പ്രകൃതിയിലേക്ക്‌ കാര്‍ബണ്‍ഡയോക്സൈഡ്‌ തള്ളുന്നുവെന്ന്‌ ശാസ്ത്രജ്ഞന്‍ തെളിയിച്ചിരിക്കുന്നു. വാഹനങ്ങള്‍ തള്ളുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്‌ മാലിന്യങ്ങള്‍ വേറെയും. ഇതിനിടയിലാണ്‌ യുവാക്കളേയും കുട്ടികളേയും ആകര്‍ഷിക്കുന്ന ഭക്ഷണശാലകള്‍.
നാടന്‍ രുചിയെന്ന്‌ പറഞ്ഞ്‌ അമ്മമാര്‍ നല്‍കിയ ഭക്ഷണങ്ങളാണ്‌ ഇവരുടെ അച്ഛന്റെയും മുത്തച്ഛന്റെയും ആരോഗ്യരഹസ്യം എന്ന്‌ അവര്‍ വിശ്വസിക്കുന്നു. അമ്മമാരുടെ പഴയ പാചകമായ മീന്‍ മുട്ട തോരനും പരിഞ്ഞല്‍ വറ്റിച്ചതുമെല്ലാം അവരുടെ വലിയ ആകര്‍ഷണമാണിന്ന്‌. അക്കാലത്തെ ഭക്ഷണത്തിന്റെ കഥകള്‍ കേട്ട്‌ കുട്ടികള്‍ കോള്‍മയിര്‍കൊണ്ട്‌ ഉടന്‍ നാടന്‍ രുചിയുള്ള തട്ടുകടയിലേക്ക്‌ കയറുകയാണ്‌ ചെയ്യുന്നത്‌. പിതാവിന്‌ ദോശയ്ക്ക്‌ തേങ്ങാ ചട്ണി നല്‍കിയതും ചുവന്ന മുളക്‌ എണ്ണയില്‍ ചാലിച്ച്‌ നല്‍കിയതും മാതാജി പറഞ്ഞത്‌ കേട്ട്‌ ന്യൂ ജനറേഷന്‍ സ്തബ്ദരാവുന്നില്ല. ഉടന്‍ സ്റ്റാര്‍ ഹോട്ടലിന്റെ തട്ടുകടയില്‍നിന്ന്‌ ദോശയും മുളക്‌ ചാലിച്ചതും 125 രൂപയ്ക്ക്‌ വാങ്ങി കഴിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.
ഇങ്ങനെ ഇവരെ ആകര്‍ഷിക്കാന്‍ ഹോട്ടലുകളില്‍ ആടുകറി, മാട്‌ കറി, ലിവര്‍, കേത്തല്‍സ്‌ ചിക്കന്‍, ഷവര്‍മ, പ്രാണ്‍ ഫ്രൈ, അഷ്ടമുടി കായല്‍ കരിമീന്‍ കറി, ശാസ്താംകോട്ട പരല്‍ മീന്‍ കറി, നാടന്‍ കൊഴുവ, കണവ കറി, മുള്ളന്‍ വറ്റിച്ചത്‌, പാമ്പാട ഫ്രൈ എന്നൊക്കെ എഴുതിയ ബോര്‍ഡ്‌ പ്രദര്‍ശിപ്പിച്ച്‌ കൊതിപ്പിക്കും. ഇതെല്ലാം പഴയ ഹോട്ടല്‍ പരിവര്‍ത്തനം ചെയ്ത്‌ ന്യൂ ജനറേഷന്‍ നാമങ്ങള്‍ സ്വീകരിച്ചതാണ്‌. ഊട്ടുപുര, എരിവും പുളിയും, സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, കുടമ്പുളി, കുട്ടനാട്ട്‌, കെട്ടുവള്ളം, തുഴയെറിയും അരയന്‍, ഗോള്‍ഡന്‍ ഫോര്‍ക്ക്‌ ഇങ്ങനെ പോകുന്നു ആകര്‍ഷകമായ ഹോട്ടല്‍ നാമങ്ങള്‍.
ഇവിടെയെല്ലാം ഭക്ഷണപ്രിയരെ വഴിതെറ്റിക്കാന്‍ പ്ലകാര്‍ഡുമേന്തി സെക്യൂരിറ്റിക്കാരന്‍ വലിയ കുട ചൂടി റോഡരികില്‍ നില്‍പ്പാണ്‌. ഇരയെ ലഭിച്ചാല്‍ അവര്‍ക്ക്‌ കമ്മീഷന്‍ കിട്ടും. ശമ്പളം കുറവാണ്‌. കുശാലായ ഭക്ഷണം കഴിഞ്ഞാല്‍ തല ഒന്നിന്‌ 200 ന്‌ മുകളിലാണ്‌ ബില്ല്‌.
തരുന്നവന്‌ അറിയില്ലെങ്കിലും തിന്നുന്നവന്‍ അറിയണം. നമ്മുടെ ശരീരത്ത്‌ ആറരലിറ്റര്‍ രക്തം ഉണ്ട്‌. അത്‌ നിലനിര്‍ത്താന്‍ ശുദ്ധജലം കുടിച്ചാലും മതി. ശരീരത്തിന്റെ ചൂട്‌ 37 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. നമ്മള്‍ കഴിക്കുന്ന ഭക്ഷ്യ എണ്ണകള്‍ക്കെല്ലാം വേണ്ടത്‌ 45 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാണ്‌. കഴിച്ച ഭക്ഷ്യ എണ്ണകള്‍ ആവശ്യമായ ചൂട്‌ ശരീരം നല്‍കാത്തതിനാല്‍ കൊഴുപ്പ്‌ കൂട്ടുന്നു. ഇതാണ്‌ കൊളസ്ട്രോളിനും ബ്ലോക്കിനുമൊക്കെ കാരണമാകുന്നത്‌. ഇതാണ്‌ കുട്ടികളില്‍ അമിത വണ്ണം കാണാനാകുന്നത്‌. അതിനാലാണ്‌ അവരെ ബ്രോയിലര്‍ കുട്ടികളെന്ന്‌ കളിയാക്കി വിളിക്കുന്നത്‌. എന്നാല്‍ ഒമ്പത്‌ ഡി്ര‍ഗ്ര സെല്‍ഷ്യസില്‍ വേവുന്ന നല്ലെണ്ണ നമ്മള്‍ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌ കുറവാണ്‌. രുചിയും ഇഷ്ടപ്പെടുന്നില്ല. ഭക്ഷണ നിയന്ത്രണവും ഇക്കാര്യത്തില്‍ ആത്മനിയന്ത്രണവുമില്ലെങ്കില്‍ മരുന്നാവും ഇനി ഭക്ഷണമായി മാറുന്നത്‌.
ഏലൂര്‍ ഗോപിനാഥ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.