ടാറിംഗിനു പിന്നാലെ വാട്ടര്‍ അതോറിട്ടി റോഡ് വെട്ടിപ്പൊളിച്ചു

Monday 11 November 2013 10:07 pm IST

എരുമേലി: വാട്ടര്‍ അതോറിട്ടിയുടെ പതിവു പരിപാടികള്‍ക്ക് മുടക്കമില്ല. ടാറിംഗിനു തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു. എരുമേലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. എരുമേലി- റാന്നി സംസ്ഥാന പാതയുടെ ഹെവിമെയിന്റനന്‍സ് അടക്കമുളള നടപടികള്‍ ഉണ്ടാകുന്നതിനാല്‍ പൈപ്പുകളുടെ ലീക്കും മറ്റു പണികളും ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് മരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് വാട്ടര്‍ അതോറിട്ടി മുക്കിയത്. കഴിഞ്ഞദിവസം രാത്രിയില്‍ കുഴിക്കാനെത്തിയ പണിക്കാരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് റോഡ് വെട്ടിപ്പൊളിക്കുന്ന വിവരം മരാമത്ത് വകുപ്പുപോലും അറിയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ രാത്രിയില്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദംചോദിക്കാനുള്ള വാട്ടര്‍ അതോറിട്ടിയുടെ ശ്രമവും മരാമത്ത് വകുപ്പ് തള്ളി. ഇതോടെ വാട്ടര്‍ അതോറിട്ടിക്കെതിരെ പ്രതിഷേധം ശക്തമായി. എരുമേലി റോഡില്‍ കരിങ്കല്ലുമൂഴിയില്‍ പൈപ്പ് പൊട്ടിയതുമൂലം ടാറിംഗ് ഒഴിവാക്കിയ ഭാഗവും പൊപ്പ് പൊട്ടി ടാറിംഗ് തകര്‍ന്ന ഭാഗവും നന്നാക്കാതെയാണ് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചത്. മൂക്കന്‍പെട്ടി റോഡിലെ ഒരു പൈപ്പ് മാറാന്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദത്തിന്റെ മറവിലാണ് എരുമേലി റോഡില്‍ പണി പൂര്‍ത്തിയാക്കിയ റോഡ് വെട്ടിപ്പൊളിച്ചതെന്നും മരാമത്ത് എ.ഇ.മോളമ്മ പറഞ്ഞു. റോഡിലെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്ന സംഭവം കഴിഞ്ഞദിവസവും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ''പണി'' യുമായി രംഗത്തിറങ്ങിയ വാട്ടര്‍ അതോറിട്ടിയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല റോഡുകളുടെ നിര്‍മ്മാണം വിലയിരുത്താന്‍ വകുപ്പുമന്ത്രി അബ്ദുറബ്ബ് ഇന്ന് എരുമേലിയില്‍ എത്തുമെന്നും വാട്ടര്‍ അതോറിട്ടിയുടെ പതിവുപരിപാടി ശ്രദ്ധയില്‍പ്പെടുത്തുമെന്നും എ.ഇ.പറഞ്ഞു. അന്യസംസ്ഥാന പൊലീസ് സേവനം: പ്രഖ്യാപനം പാഴ്‌വാക്കായി എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉണ്ടാകുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനമാണ് പാഴ്‌വാക്കായത്. സംസ്ഥാന എഡിജിപിയായിരുന്ന ചന്ദ്രശേഖരന്‍ എരുമേലിയിലെത്തി പ്രഖ്യാപിച്ചതാണ് അന്യസംസ്ഥാന പൊലീസ് സേവനം. എന്നാല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി വെറും പ്രഖ്യാപനത്തിലൊതുക്കി. സീസണിലെ അമിതവില തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്‌പ്പെടുത്തുന്നതിലെ ആശയവിനിമയം, അപകടസമയങ്ങളിലെ സഹായങ്ങള്‍, തീര്‍ത്ഥാടന നിര്‍ദ്ദേശങ്ങള്‍, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്കായി അന്യസംസ്ഥാന പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസിന്റെ പ്രഖ്യാപനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായി തീര്‍ത്ഥാടകര്‍ എത്തുന്നത്. അന്യസംസ്ഥാനത്തെ തീര്‍ത്ഥാടകരുമായി ആശയവിനിമയം നടത്താന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് ഹൈന്ദവസംഘടനകളും ദേവസ്വം ബോര്‍ഡും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനത്തെ നാട്ടുകാര്‍ ഏറെ സ്വാഗതം ചെയ്തുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ്. ശബരിമല ക്ഷേത്രമുള്‍പ്പെടെ കനത്ത സുരക്ഷയുടെ ഭാഗമായി ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും എരുമേലിയെ മാത്രം ഒഴിവാക്കിയ നടപടി കടുത്ത അവഗണനയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലിയുടെ സുരക്ഷാ കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.