2014-15 വര്‍ഷത്തേക്കുള്ള ബജറ്റ് ജനുവരി 17ന് അവതരിപ്പിക്കും

Wednesday 13 November 2013 2:30 pm IST

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ 2014-15 വര്‍ഷത്തേക്കുള്ള ബജറ്റ് ജനുവരി 17ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റാകും അവതരിപ്പിക്കുക. ജനുവരി മൂന്നിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. ലോക്‌സസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ബജറ്റ് നേരത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത 10 ശതമാനം ഉയര്‍ത്തുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കഴിഞ്ഞ ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്. ഇതിലൂടെ ഒരു വര്‍ഷം 1600 കോടി രൂപയുടെ അധികബാദ്ധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. നിയമസഭ സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കും. സര്‍വ്വകലാശാല, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം തുല്യപ്പെടുത്തുന്ന തീരുമാനം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വോട്ട് ഓണ്‍ അക്കൌണ്ടിന് പകരം പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ചിന് മുമ്പ് പാസാക്കുന്ന തരത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. അതേസമയം അതിന് മുമ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കാനാവില്ല. അതിനാല്‍ മുമ്പ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഡിസംബറില്‍ സഭ ചേരണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജുലൈയില്‍ പാസാക്കുന്ന തരത്തില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ പണമെല്ലാം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തിരക്കിട്ട് ചെലവഴിക്കേണ്ടതായി വരുമെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ജനുവരിയില്‍തന്നെ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കുന്നത്. മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസാക്കണമെങ്കില്‍ ജനുവരി പതിനേഴിനെങ്കിലും അവതരിപ്പിക്കണമെന്നും ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.