മുംബൈയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സ്‌റ്റേ

Wednesday 13 November 2013 1:29 pm IST

മുംബൈ: മുംബൈ കാംപകോളയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനെ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2014 മെയ് 31 വരെയാണ് സ്‌റ്റേ. രാവിലെ താമസക്കാരുടെ കടുത്ത പ്രതിഷേധം അവഗണിച്ച് ഫഌറ്റുകള്‍ പൊളിക്കാന്‍ കോര്‍പ്പറേഷന്‍ രാവിലെ നടപടികള്‍ തുടങ്ങുന്നതിനിടെയാണ് താമസക്കാര്‍ക്ക് ആശ്വാസമായി വിധി വന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച തന്നെ അധികൃതര്‍ ഇവിടേക്കുള്ള വെളളവും വൈദ്യുതിയും പാചക വാതകവും വിതരണം ചെയ്യുന്നത് നിര്‍ത്തി വച്ചിരുന്നു.  ഇന്നു രാവിലെ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസറുകളുമായി മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന് എത്തി. എന്നാല്‍ ഫ്‌ളാറ്റിലേക്ക് കടക്കുന്ന ഗേറ്റിനു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത് ഫ്‌ളാറ്റ് നിവാസികള്‍ തടസം സൃഷ്ടിച്ചു. നവംബര്‍ 11ന് മുമ്പായി 102 അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചത്. അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ പണിതതു കൊണ്ടാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയായാണ് കോടതി നടപടി സ്‌റ്റേ ചെയ്തത്. 1981നും 89നും ഇടയിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത്. അതേസമയം ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ തങ്ങളെ കബളിപ്പിച്ചതാണെന്നും ഫ്‌ളാറ്റ് പൊളിച്ചു നീക്കിയാല്‍ പോകാന്‍ വേറെ ഇടമില്ലെന്നും താമസക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.