ക്രിക്കറ്റ് ലോകം കണ്ട മഹാനായ താരമാണ് സച്ചിന്‍- ലാറ

Wednesday 13 November 2013 4:05 pm IST

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ. ക്രിക്കറ്റ ചരിത്രത്തില്‍ സച്ചിന്‍ ഓര്‍മിക്കപ്പെടുക ഇങ്ങനെയാകണമെന്നും ലാറ. നാളെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം. വെസ്റ്റിന്‍ഡീസിനെതിരേ വാംങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം സച്ചിന്റെ 200ാം ടെസ്റ്റ് മത്സരം കൂടിയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്ററെന്ന ചരിത്രവും ഇതോടെ സച്ചിന്റെ പേരിലാകും. ലോക ക്രിക്കറ്റില്‍ എപ്പോഴും താരമത്യങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങളാണ് സച്ചിനും ലാറയും. ഇവരില്‍ ആരാണ് മികച്ചവനെന്ന വാദങ്ങള്‍ പലപ്പോഴും ആരാധകരെ രണ്ട് തട്ടിലാക്കിയിരുന്നു. 199 ടെസ്റ്റുകളില്‍ നിന്നായി 15847 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും നേടിയിട്ടുണ്ട് സച്ചിന്‍. 131 ടെസ്റ്റുകള്‍ക്കിറങ്ങിയ ലാറ നേടിയത് 11953 റണ്‍സും. ക്രിക്കറ്റ് കളിച്ച മറ്റേതൊരു താരത്തേക്കാളും മികച്ച കരിയറാണ് സച്ചിനുള്ളത്, ക്രിക്കറ്റിലും ഇന്ത്യയിലും ലോകത്തെമ്പാടും സച്ചിനുള്ള സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ലാറ പറഞ്ഞു. 1989 നവംബറില്‍ 16ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ മാത്രമാണ് 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ കുറിച്ച ഏക താരവും. സച്ചിന്റെ റെക്കോഡുകള്‍ ആ മഹത്വത്തെ സൂചിപ്പിക്കുന്നു. 16ാം വയസില്‍ അരങ്ങേറി 40ാം വയസില്‍ ഇത്രയധികം നേട്ടത്തോടെ വിടപറയാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ലെന്നും ലാറ. ക്രിക്കറ്റിലെ മുഹമ്മദ് അലിയോ മൈക്കിള്‍ ജോര്‍ദാനോ ഒക്കെയാണ് സച്ചിന്‍. ബോക്‌സിങ്ങിനെക്കുറിച്ചോ ബാസ്‌കറ്റ്‌ബോളിനെക്കുറിച്ചോ പറയുമ്പോള്‍ ഇവരുടെ പേരുകളാണ് പറയുക. ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോള്‍ സച്ചിന്റെ പേരും. ലാറ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.