വീട്ടില്‍നിന്നും കഞ്ചാവ് കണ്ടെടുത്തു; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Wednesday 13 November 2013 9:44 pm IST

എരുമേലി: ശബരിമല സീസണില്‍ വില്‍ക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലപതാകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആളെ കോടതിക്ക് സമീപത്തുവച്ച് എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മണിപ്പുഴ സ്വദേശിയായ ജോയി എന്നു വിളിക്കുന്ന മൂര്‍ഖന്‍ ജോയിയെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കനക്കപ്പലത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചുവച്ച ഒന്നേകാല്‍കിലോ കഞ്ചാവ് കണ്ടെടുത്തുത്. ഇതുമായി ബന്ധപ്പെട്ട് കനകപ്പലം ശ്രീനിപുരം സ്വദേശി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമിദി (കുതിര ഷാഹുല്‍-53) നെയാണ് കാഞ്ഞിരപ്പള്ളി കോടതിക്കു സമീപത്തുവച്ച് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്. എരുമേലി കൊരട്ടി ക്ഷേത്രോത്സവത്തിനിടെ പൊലിസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഷാഹുല്‍ പുറത്തിറങ്ങിയത്. കഞ്ചാവ് വില്പന, അക്രമം തുടങ്ങിയ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഇടുക്കി മേഖലയില്‍നിന്നും കൊണ്ടുവന്ന ഒന്നേകാല്‍കിലോ കഞ്ചാവിന് ഏകദേശം 40000 രൂപ വിലവെരുമെങ്കിലും ഇവര്‍ വില്‍ക്കുന്ന കണക്കനുസരിച്ച് 75000 രൂപയോളം വരും. അഞ്ച് ഗ്രാം പൊതിയാക്കിയ കഞ്ചാവുകള്‍ 100 മുതല്‍ 200 വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. കേസുകളില്‍നിന്നും രക്ഷപെടാറുള്ള ഷാഹുല്‍ ഹമീദ് കൊലപാതക കേസിലാണ് ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. എരുമേലിയില്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയതിനുശേഷം ആദ്യമായാണ് എന്‍ഡിപിസി വകുപ്പ് കേസെടുക്കുന്നതെന്നും എക്‌സൈസ് പറഞ്ഞു. ഷാഹുല്‍ ഹമീദിനെ സാഹസികമായാണ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കടന്നാക്രമിച്ച ഷാഹുല്‍ ഹമീദിനെ എരുമേലിയിലെത്തിക്കുന്നതുപോലും സാഹസികമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. എക്‌സൈസ് എരുമേലി ഇന്‍സ്‌പെക്ടര്‍ പ്രസാദ് എം.പി., പ്രിവന്റീവ് ഓഫീസര്‍ ടി. സബിന്‍, സിഇഒ ഓഫീസര്‍മാരായ മാമന്‍ സാമുവല്‍, വി.പി. അഭിലാഷ്, ടി.എസ്. ഷമീര്‍, ഷഫീസ്, വി.ആര്‍. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.