നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

Thursday 14 November 2013 10:02 pm IST

കോഴിക്കോട്‌: ചലച്ചിത്രനടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.15 നായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക്‌ ശേഷം മൂന്നിന്‌ പാറോപ്പടി സെന്റ്‌ ആന്റണീസ്‌ പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും. ഭാര്യ:ഹാന്‍സി. യുവനടി ആന്‍ അഗസ്റ്റിനും ജീത്തുവുമാണ്‌ മക്കള്‍. മരുമകന്‍: കാമ്പല്‍. നൂറിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായി മാറിയ നടനാണ്‌ അഗസ്റ്റിന്‍. കുന്നുമ്പുറത്ത്‌ മാത്യുവിന്റെയും റോസിയുടെയും മകനായി കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരിയിലായിരുന്നു അഗസ്റ്റിന്റെ ജനനം. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ അഗസ്റ്റിന്‍ 35 വര്‍ഷത്തിനുള്ളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കലോപസന എന്ന സിനിമയിലൂടെയാണ്‌ അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല.
രഞ്ജിത്ത്‌ സംവിധാനം ചെയ്ത 'കടല്‍കടന്ന്‌ ഒരു മാത്തുക്കുട്ടി'യിലാണ്‌ അവസാനം വേഷമിട്ടത്‌. 'മിഴി രണ്ടിലും' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ അഗസ്റ്റിനാണ്‌. ദേവാസുരം, നരസിംഹം, രാവണപ്രഭു, ചന്ദ്രലേഖ, നീലഗിരി, സദയം, കമ്മീഷണര്‍, മിഴി രണ്ടിലും, ഒരു മറവത്തൂര്‍ കനവ്‌, അറബിക്കഥ, വേഷം, കഥപറയുമ്പോള്‍, ആറാം തമ്പുരാന്‍, കമ്മീഷണര്‍, സദയം, ചന്ദ്രോത്സവം, ചിന്താവിഷ്ടയായ ശ്യാമള, നന്ദനം, ഇന്ത്യന്‍ റുപ്പി, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. 2010ല്‍ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന്‌ കുറച്ചുകാലം അഭിനയ രംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നിട്‌ കരള്‍ രോഗം ബാധിച്ചപ്പോഴും ഏഴോളം സിനിമകളില്‍ അഭിനയിച്ചിരുന്നു.
അമ്മ സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ രഞ്ജിത്ത്‌, വി.എം വിനു, ജോയ്‌ മാത്യു, നടന്‍ സുരേഷ്‌ കൃഷ്ണ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കോഴിക്കോട്‌ ടൗണ്‍ഹാളിലും വീട്ടിലും പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ എം.കെ രാഘവന്‍ എം.പി, നടന്മാരായ സുരേഷ്‌ ഗോപി, നാദിര്‍ഷാ, പി.വി ഗംഗാധരന്‍, പി.വി ചന്ദ്രന്‍, പി.കെ ഗോപി, ഗ്രാമവികസനവകുപ്പ്‌ കമ്മീഷണര്‍ കെ.വി മോഹന്‍ കുമാര്‍, ജില്ലാ കലക്ടര്‍ സി.എ ലത എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌, താരങ്ങളായ മോഹന്‍ലാല്‍, സുരേഷ്ഗോപി, ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം(ഭചസ്സ്‌) സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശിധരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.