കുമ്പളം ടോള്‍ പ്ലാസയ്ക്ക്‌ മുന്നില്‍ സമരപരമ്പര

Friday 15 November 2013 9:49 pm IST

മരട്‌: പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാതെയും റോഡ്‌ അറ്റകുറ്റപ്പണി നടത്താതെയും ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.
രണ്ടുവര്‍ഷം മുമ്പ്‌ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുത്ത പഴയപാലം ആറുമാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്‌. കൂടാതെ ഇടപ്പള്ളി മുതല്‍ കുമ്പളം വരെയുള്ള ഭാഗങ്ങളില്‍ പലേടത്തും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്‌. ഇവയൊന്നും പരിഹരിക്കാതെ ടോള്‍ പിരിവ്‌ നിര്‍ബാധം തുടരുന്നതില്‍ പ്രതിഷേധിച്ചാണ്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും പ്രതിഷേധ സമരങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്‌.
ഇതിനിടെ 2011ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മറയാക്കി വീണ്ടും ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കുവാനും നീക്കമുണ്ടെന്ന്‌ അഭ്യൂഹമുണ്ട്‌. മൊത്തവ്യാപാര വിലനിലവാര സൂചികക്ക്‌ അനുസരിച്ച്‌ ഏപ്രിലില്‍ മാത്രമാണ്‌ നിരക്ക്‌ പുതുക്കി നിശ്ചയിക്കാന്‍ എന്‍എച്ച്‌ഐക്ക്‌ അധികാരമുള്ളത്‌. ഓരോതരം വാഹനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന നിരക്കിനെ ആശ്രയിച്ചാണ്‌ ഇത്‌ കണക്കാക്കേണ്ടത്‌. കൂടാതെ ടോള്‍പ്ലാസയ്ക്ക്‌ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്കും 20 കി.മീറ്റര്‍ പരിധിക്കുള്ളിലുള്ള വാഹനങ്ങള്‍ക്കും ചുരുങ്ങിയ നിരക്ക്‌ മാത്രമേ ഈടാക്കുവാന്‍ പാടുള്ളൂ. എന്നാല്‍ നിലവില്‍ ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ചെറുതും വലുമായ ചരക്കുവാഹനങ്ങള്‍ക്കും 20 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ നിരക്കാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ലോറികള്‍ക്കും മറ്റും 25 രൂപയും ചെറിയ വാഹനങ്ങള്‍ക്ക്‌ 15 രൂപയുമാണ്‌ നിരക്ക്‌. നിലവില്‍ ഇത്തരം നിയമാനുസൃതമായ ഇളവുകളൊന്നും നല്‍കുന്നില്ല. കൂടാതെ തകര്‍ന്ന റോഡും പാലങ്ങളും അറ്റകുറ്റപ്പണി നടത്തുവാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്‌. ഇന്നലെ ടോള്‍പ്ലാസയ്ക്ക്‌ മുന്നില്‍ ഉപരോധസമരം നടത്തി. നാളെ ബിജെപിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.