നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ ജലപാത: പ്രഖ്യാപനത്തില്‍ ഒതുങ്ങി

Saturday 20 August 2011 10:22 pm IST

നെടുമ്പാശ്ശേരി: കൊച്ചി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ ജലപാതക്കെതിരെ പരിസ്ഥിതിവാദികള്‍ തടസ്സമുയര്‍ത്തുമ്പോള്‍ പതിനെട്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന ജലവിഭവ മന്ത്രി പി. ജെ. ജോസഫിന്റെ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങിയരിരിക്കുകയാണ്‌. ജലപാത പദ്ധതി അനേകായിരങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുന്ന പെരിയാറിനെ മലീമസമാക്കുമെന്നാണ്‌ പരിസ്ഥിതി സംഘത്തിന്റെ വാദം. പുഴയിലൂടെ ജലപാത വന്നാല്‍ പരിസ്ഥിതിയേയും ജനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന്‌ പരിസ്ഥിതി സംരക്ഷണ സെക്രട്ടറി പ്രൊഫ. സീതാരാമന്‍ ചൂണ്ടികാട്ടി. ജലപാതയ്ക്കുവേണ്ടി പുഴ ഇനിയും താഴ്‌ന്നാല്‍ ഇപ്പോള്‍ തന്നെ ഉപ്പുവെള്ള ഭീഷണിയില്‍ നിലനില്‍ക്കുന്ന നദിയുടെ സ്ഥിതി കൂടുതല്‍ വഷളാകും. പുഴയുടെ അടിത്തട്ടില്‍ ചെളി അടിഞ്ഞുകൂടുമെന്നതിനാല്‍ മാലിന്യങ്ങളും പുഴുക്കളും ഇവിടെയുണ്ടാകും. നദിയിലെ ജൈവവൈവിദ്ധ്യം നശിക്കുവാന്‍ ഇത്‌ കാരണമാകും. ജനസവാരി ആരംഭിക്കുന്നതോടെ ബോട്ടിംഗ്‌ നിന്നുള്ള ഗ്രീസും ഓയിലും കലര്‍ന്ന്‌ പുഴ കൂടുതല്‍ മാലിന്യമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനിടെ ആലുവയില്‍നിന്ന്‌ ചൊവ്വര -കാഞ്ഞൂര്‍ വഴി ചെങ്ങല്‍ തോട്ടിലൂടെയുള്ള ജലപാത പ്രോജക്ട്‌ പെരിയാറിന്റെ കൈവഴികള്‍ ഉപയോഗപ്പെടുത്തി വികസിപ്പിക്കാനുള്ള പഠനങ്ങള്‍ നടന്നുവരുന്നതായി ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉപ്പുവെള്ളം കയറാതിരിക്കുവാന്‍വേണ്ടി പാതാളം ബണ്ട്‌ അടിക്കുന്നതുമൂലം നിലവിലുള്ള റൂട്ട്‌ നിലനിന്നാല്‍ വേനല്‍ക്കാലത്തേയ്ക്കു മാത്രമായി പുതിയ റൂട്ട്‌ ഉണ്ടാക്കേണ്ടി വരും. ഓണിത്തോടു വഴി പുതിയ റൂട്ട്‌ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ അഭിപ്രായം ഉയര്‍ന്നെങ്കിലും ഈ തോടിന്‌ കുറുകെ ആറ്‌ പാലങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നതുമൂലം വന്‍തുക ഈ റൂട്ടിനായി ചെലവഴിക്കേണ്ടി വരും. ഇതും പുതിയ റൂട്ടിനെക്കുറിച്ച്‌ ആലോചിക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌. ചെങ്ങല്‍തോടിന്റെ തെക്കുഭാഗത്തുനിന്നും ജലപാത ആരംഭിക്കുമെന്നാണ്‌ പുതിയ റൂട്ട പരിഗണിക്കുന്നത്‌. പെരിയാറില്‍നിന്നും ചെങ്ങല്‍തോട്ടിലേക്ക്‌ ബൈപാസ്‌ കനാല്‍ നിര്‍മിക്കും. തുടര്‍ന്ന്‌ വിമാനത്താവള പരിസരം മുതല്‍ ചെങ്ങമനാട്‌ വരെയുള്ള ചെങ്ങല്‍തോട്‌ താഴ്ത്തി വീതിക്കൂട്ടി വികസിപ്പിക്കും. ചെങ്ങമനാട്‌ പഞ്ചായത്തിലൂടെ ഒഴുകുന്ന പെരിയാറിലേക്കാണ്‌ ചെങ്ങല്‍ തോട്‌ എത്തിച്ചേരുന്നത്‌. തുടര്‍ന്ന്‌ വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത്‌ നിന്ന്‌ ആരംഭിക്കുന്ന ജലപാത നെടുവന്നൂര്‍, കപ്രശ്ശേരി, മഠത്തിമൂല, പറമ്പയം, ദേശം, ചെങ്ങമനാട്‌ വഴിയാണ്‌ പെരിയാറില്‍ എത്തിചേരുന്നത്‌. ചെങ്ങമനാട്ടില്‍ നിന്നും പെരിയാര്‍ ഒഴുകിയെത്തുന്നത്‌ മാഞ്ഞാലി കായലിലേക്കാണ്‌.
മാഞ്ഞാലിയില്‍നിന്ന്‌ പുറപ്പിള്ളിക്കാവ്‌ ബണ്ട്‌, പറവൂര്‍ വഴി കോട്ടയില്‍ കോവിലത്ത്‌ എത്തിച്ചേരും. അവിടെയെത്തുമ്പോള്‍ രണ്ടായി തിരിയുന്ന ജലപാതയും പ്രധാന പാത വൈപ്പിന്‍ വഴി കൊച്ചിയിലെത്തുമ്പോള്‍ മറ്റൊന്ന്‌ കൊടുങ്ങലൂരില്‍ എത്തിച്ചേരും. പുതിയ റൂട്ട്‌ താരതമേന്യ ലാഭകരവും യാത്രക്കാര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. ലാഭകരവും വിനോദസഞ്ചാരികളടക്കമുള്ള യാത്രാകാര്‍ക്ക്‌ നവ്യാനുഭവമുള്ള റൂട്ട്‌ ആയിരിക്കണമെന്ന്‌ അധികൃതര്‍ ആലോചിക്കുന്നുണ്ട്‌. അങ്ങനെയുള്ള റൂട്ട്‌ വന്നാല്‍ റോഡ്‌ മാര്‍ഗമുള്ള യാത്ര കുറയ്ക്കുവാന്‍ കഴിയുമെന്നാണ്‌ അധികൃതര്‍ ചിന്തിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.