ജമ്മുകാശ്മീരിലെ സിഖ്‌ മതാരംഭം

Saturday 16 November 2013 8:37 pm IST

ഇന്ന്‌ ശ്രീ ഗുരുനാനാക്‌ ജയന്തി
സിഖ്‌ മതസ്ഥാപകനായ ഗുരുനാനാക്‌ തന്റെ മൂന്നാം ആദ്ധ്യാത്മിക പര്യടന(1516-1518) സമയത്താണ്‌ കാശ്മീര്‍ സന്ദര്‍ശിക്കുന്നത്‌. മത പ്രചരണാര്‍ത്ഥം ഉത്തരാഖണ്ഡിലെയും അവിടെനിന്ന്‌ പഞ്ചാബിലെയും യാത്രയ്ക്കുശേഷം മിര്‍പൂര്‍, കോട്ലി, പൂഞ്ച്‌, രാംകുണ്ട്‌, ചന്ദക്‌, മാണ്ടി, ബുദ്ധാ അമര്‍നാഥ്‌, നാരായണ കോടി, ഭേരിംഗാലയിലൂടെ തോഷി മൈതാനം വഴി കാശ്മീരത്തിലെത്തി. ശ്രീനഗരമായിരുന്നു ലക്ഷ്യം. കാശ്മീരി പണ്ഡിറ്റുകളുടെ ശക്തമായ സാന്നിദ്ധ്യത്താല്‍ ഹൈന്ദവ തത്വങ്ങള്‍ അടിയുറച്ച പ്രദേശം. അവിടെ വെച്ച്‌ ഗുരുനാനാക്‌ പാണ്ഡിത്യവും സ്വാധീനവുമുള്ള കാശ്മീരി പണ്ഡിറ്റ്‌ ബ്രഹ്മദാസുമായി നിരവധി മത, ആദ്ധ്യാത്മിക, ആത്മീയ, ശൂന്യാകാശ-ഗോളശാസ്ത്ര വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. അതി ഗഹനമായ പാണ്ഡിത്യത്തില്‍ ആകൃഷ്ടനായ ബ്രഹ്മദാസ്‌ തുടര്‍ന്ന്‌ സിഖ്‌ മതാനുയായി മാറി.
അനന്തനാഗിലേയ്ക്ക്‌ ഗുരുനാനാക്ക്‌ ചെന്നതോടെ അവിടെയും കാശ്മീരി പണ്ഡിറ്റുകള്‍ സിഖ്‌ മതത്തിന്റെ സന്ദേശവാഹകരായി. തുടര്‍ന്ന്‌ ബദര്‍വ, കിഷ്ഠ്വര്‍, അമര്‍നാഥ്‌, ലേ, ലഡാക്ക്‌ വഴി തിരിച്ച്‌ ജമ്മു നഗരത്തില്‍ പ്രവേശിച്ചു. മാതാ വൈഷ്ണവീ ദേവി സന്ദര്‍ശനം നടത്തി പഞ്ചാബിലേക്ക്‌ മടങ്ങി. ഈ യാത്രയെത്തുടര്‍ന്ന്‌ ഭാരതത്തിന്‌ പുറത്ത്‌ ചൈന, ടിബറ്റ്‌, അറബി രാജ്യങ്ങള്‍, ജപ്പാന്‍, ശ്രീലങ്ക, റഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്കും ഗുരുനാനാക്‌ കടന്നുചെന്നു.
ജമ്മുകാശ്മീരില്‍ ഗുരു അമര്‍ദാസ്ജിയും തുടര്‍ന്ന്‌ ഭായീ ഫേരാജിയും കതാര്‍ജിയും ജമ്മുകാശ്മീര്‍ താഴ്‌വരയില്‍ സിഖ്‌ മന്ത്രം മുഴക്കി സാധന തുടര്‍ന്നു. പിന്നീട്‌ ഗുരു അര്‍ജ്ജുന്‍ ദേവിന്റെ സാന്നിദ്ധ്യവും കാശ്മീരത്തിന്‌ ശക്തി നല്‍കി.
1699 എഡിയില്‍ വൈശാഖ പൗര്‍ണമി നാളില്‍ ഖല്‍സാപന്ഥ്‌ സ്ഥാപിച്ച്‌ ഗുരു ഗോവിന്ദസിംഹന്‍ കാശ്മീരത്തിലും ഭാരതത്തിന്റെ മിക്കപ്രദേശങ്ങളിലേക്കും അതിശക്തമായ ആത്മീയ ചൈതന്യവും ആയോധനപാടവവും തികഞ്ഞ ദേശഭക്തിയും നിറച്ച യൗവ്വനത്തിന്റെ തീക്ഷ്ണ സാന്നിദ്ധ്യങ്ങളായ സിഖ്‌ അനുയായികളെ വ്യാപിപ്പിച്ചു. കാശ്മീരത്തില്‍ ഭായീ ഫേരു സിംഗ്ജിയെ ഖല്‍സാ പന്ഥിന്റെ മുഖ്യപ്രചാരകനാക്കിയതോടെ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സിഖ്‌ മതം അതിന്റെ വരവറിയിച്ചു. കാബൂളിലും കാണ്ഡഹാറിലും പടിഞ്ഞാറന്‍ പാക്കിസ്ഥാനിലും മുസഫര്‍ബാദിലും പൂഞ്ചിലും സിഖ്‌ മതം വിജയപതാക ഉയര്‍ത്തി.
ഡോ. ജഗജിത്‌ സിംഗ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.