പാര്‍ട്ടിയില്‍ ജീര്‍ണ്ണതയെന്നും നേതാക്കള്‍ തെറ്റായ വഴിയിലെന്നും സിപിഎം

Saturday 16 November 2013 10:48 pm IST

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ജീര്‍ണ്ണത നിലനില്‍ക്കുന്നെന്നും നേതാക്കള്‍ പലരും തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നെന്നും സിപിഎം സംഘടനാ റിപ്പോര്‍ട്ട്‌. പാലക്കാട്ട്‌ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള കരട്‌ സംഘടനാ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. വിഭാഗീയതയ്ക്ക്‌ അല്‍പ്പം അയവുവന്നെങ്കിലും ജീര്‍ണത ബാധിച്ച നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്‌. പാര്‍ട്ടിയുടെ സ്വാധീന മേഖലകളില്‍ പോലും ഇത്‌ പ്രകടമാണ്‌. നേതാക്കളില്‍ പലരും തെറ്റായ പ്രവണതകളുമായാണ്‌ മുന്നോട്ടു പോകുന്നത്‌. ഇത്‌ തിരുത്തിയേ തീരൂ എന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
സംഘടനാ വീഴ്ചകളും സംവിധാനത്തിലെ പിഴവുകളുമെല്ലാം ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരായ കുറ്റപ്പെടുത്തലുകളുമുണ്ട്‌. സംഘടനാ ദൗര്‍ബല്യം പരിശോധിക്കുന്നതിനായി കീഴ്ഘടകങ്ങള്‍ക്ക്‌ സംസ്ഥാന നേതൃത്വം നല്‍കിയ ചോദ്യാവലിയുടെ മറുപടിയും ചര്‍ച്ചയ്ക്ക്‌ വന്നു. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ ചര്‍ച്ച ചെയ്തത്‌.
പാര്‍ട്ടി ഏറ്റവും കടുത്ത സംഘടനാ പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ താഴേത്തട്ടില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യമുണ്ടെന്ന്‌ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയുടെ നിലവിലെ സംഘടനാ ശക്തി, പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കുള്ള ഇമേജ്‌ തുടങ്ങിയവയെക്കുറിച്ച്‌ ജില്ലാ-ഏരിയാ കമ്മിറ്റികളില്‍ നിന്ന്‌ ഗൗരവമായ അഭിപ്രായങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്‌. ഓരോ ജില്ല-ഏരിയ കമ്മിറ്റികള്‍ക്ക്‌ കീഴിലെയും സംഘടനാ പ്രവര്‍ത്തനങ്ങളും വീഴ്ചകളും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി.
32വര്‍ഷത്തിന്‌ ശേഷം നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റ്‌ അംഗീകരിച്ച കരട്‌ റിപ്പോര്‍ട്ടാണ്‌ ചര്‍ച്ചയാകുന്നത്‌. ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്‌ ശേഷം പൊതുസമൂഹം സിപിഎമ്മിനെ ഏതുതരത്തില്‍ വിലയിരുത്തുന്നുവെന്നും ഉള്‍പാര്‍ട്ടി സംഘര്‍ഷങ്ങള്‍ താഴേത്തട്ടില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണെന്നും കീഴ്കമ്മിറ്റികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളിലും നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നതാണ്‌ കരട്‌ റിപ്പോര്‍ട്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.