പള്ളുരുത്തിയില്‍ മയക്കുമരുന്നുവേട്ട; രണ്ടുപേര്‍ പിടിയില്‍

Saturday 20 August 2011 10:51 pm IST

പള്ളുരുത്തി: പെരുമ്പടപ്പ്‌ കെ.ആര്‍. നാരായണന്‍ റോഡിന്‌ സമീപം മയക്കുമരുന്ന്‌ കച്ചവടം നടത്തുന്നതിനിടയില്‍ രണ്ടുപേരെ പോലീസ്‌ പിടികൂടി. പെരുമ്പടപ്പ്‌ ചാണിപറമ്പില്‍ വീട്ടില്‍ ഗിരീഷ്‌ (34), പള്ളുരുത്തി സ്വദേശി ബട്ടണ്‍ ഷെമീര്‍ എന്ന്‌ വിളിക്കുന്ന ഷെമീര്‍ (34) എന്നിവരെയാണ്‌ പള്ളുരുത്തി എസ്‌ഐ എസ്‌. രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.
ഗിരീഷ്‌ ഇയാളുടെ ഓട്ടോറിക്ഷയില്‍ നടന്നാണ്‌ കച്ചവടം നടത്തുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. 123 ഓളം ആംപ്യൂളുകള്‍ ഇയാളില്‍നിന്നും കണ്ടെടുത്തു. ഇതില്‍ ഷെമീറിനെ രണ്ടുദിവസം മുമ്പാ്‌ പോലീസ്‌ പിടികൂടി ചോദ്യംചെയ്തപ്പോഴാണ്‌ ഗിരീഷ്‌ നടത്തുന്ന വന്‍ മയക്കുമരുന്നു കച്ചവടത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. പിന്നീട്‌ ഇയാള്‍ക്കായി വലവിരിച്ച്‌ പോലീസ്‌ കുടുക്കുകയായിരുന്നു. സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ ഇദ്ദേഹം നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പ്രതികളുടെ അറസ്റ്റ്‌.
ദല്‍ഹിയില്‍നിന്ന്‌ ഒരു ആംപ്യൂളിന്‌ 17.60 രൂപക്ക്‌ വാങ്ങി കൊച്ചിയില്‍ 200 രൂപക്കാണ്‌ വില്‍പ്പന നടത്തിവന്നിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പള്ളുരുത്തി, മട്ടാഞ്ചേരി, പെരുമ്പടപ്പ്‌ പ്രദേശങ്ങളില്‍ വന്‍തോതില്‍ ആംപ്യൂളുകള്‍ വിതരണം നടത്തിവന്നിരുന്നതായും പ്രതികള്‍ പോലീസിനോട്‌ സമ്മതിച്ചു. ഇത്തരത്തില്‍ മയക്കുമരുന്ന്‌ വാങ്ങി ഉപയോഗിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയതായും പോലീസ്‌ പറഞ്ഞു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ചിട്ടുണ്ടെനും എസ്‌ഐ രാജേഷ്‌ പറഞ്ഞു. പെരുമ്പടപ്പ്‌ കെ.ആര്‍. നാരായണന്‍ റോഡിന്‌ സമീപം ബസ്സ്സ്റ്റാന്റിനുവേണ്ടി നികത്തിയ സ്ഥലത്താണ്‌ മയക്കുമരുന്ന്‌ സംഘങ്ങള്‍ തമ്പടിക്കുന്നതെന്നും ഈ ഭാഗത്തുനിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളും ആംപ്യൂളുകളും കണ്ടെടുത്തതായും എസ്‌ഐ അറിയിച്ചു. പ്രദേശവാസികളുടെ നിരന്തരമായ പരാതികളും ഇതേക്കുറിച്ച്‌ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റ്‌ ചെയ്ത സംഘത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ കുഞ്ഞികൃഷ്ണന്‍, സന്തോഷ്‌, ഉത്തമന്‍, മണിയന്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.