ഹര്‍ത്താലില്‍ ജനം വലഞ്ഞു

Monday 18 November 2013 10:04 pm IST

കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇടത്‌ മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഹര്‍ത്താലിനോടനുബന്ധിച്ച്‌ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. കാക്കനാട്ടും തൃപ്പൂണിത്തുറയിലും അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.
കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്ന്‌ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരുന്നത്‌ യാത്രാക്ലേശം രൂക്ഷമാക്കി. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ്‌ നടത്താറുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി ഇന്നലെ ഒറ്റ സര്‍വീസും നടത്താത്തിരുന്നത്‌ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. പമ്പയിലേക്ക്‌ മാത്രമാണ്‌ ഇന്നലെ സര്‍വീസ്‌ നടത്തിയതെന്ന്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ പറഞ്ഞു. രാവിലെ ആറ്‌ മണിക്ക്‌ മുമ്പ്‌ വരെ സര്‍വീസ്‌ നടത്തിയെങ്കിലും ഹര്‍ത്താല്‍ തുടങ്ങിയ ശേഷം സര്‍വീസ്‌ നടത്തിയില്ല. പമ്പയിലേക്കുള്ള സര്‍വീസും ഭക്തര്‍ എത്തുന്നതിനനുസരിച്ചാണ്‌ നടത്തിയത്‌.
ഹര്‍ത്താലില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത്‌ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയാണ്‌ ഒരുക്കിയിരുന്നത്‌. പ്രധാന ജംഗ്ഷനുകളില്‍ ഓഫീസറുള്‍പ്പെടെ നാലോ അഞ്ചോ പോലീസുകാരാണ്‌ ഡ്യൂട്ടിക്കുണ്ടായിരുന്നത്‌. വിവിധ ഓഫീസുകളില്‍ ഹാജര്‍നില പൊതുവെ കുറവായിരുന്നു. വിമാനത്താവളങ്ങളിലും റയില്‍വേസ്റ്റെഷനുകളിലുമെത്തിയ യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞു.
നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയതെന്ന്‌ ഡപ്യൂട്ടി കമ്മീഷണര്‍(ലോ ആന്റ്‌ ഓഡര്‍, ട്രാഫിക്‌) മുഹമ്മദ്‌ റഫീഖ്‌ പറഞ്ഞു. പ്രശ്നബാധിത മേഖലകളില്‍ പെട്രോളിംഗ്‌ ഏര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജീവനക്കാര്‍ക്ക്‌ ജോലിയ്ക്ക്‌ ഹാജരാകുന്നതിനായി പോലീസ്‌ വാഹനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ റയില്‍വേ സ്റ്റേഷനുകളിലേക്കും പോലീസ്‌ വാഹന സൗകര്യം ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.