നിയമക്കുരുക്ക്‌ സങ്കീര്‍ണ്ണം; സര്‍ക്കാരും പ്രതിക്കൂട്ടിലാകും

Monday 18 November 2013 10:13 pm IST

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാറിനു തന്നെ വിനയാകുമെന്ന്‌ സൂചന. മൂന്നാറില്‍ വ്യാജ രേഖ ഉപയോഗിച്ച്‌ 96, 000 ഏക്കര്‍ ഭൂമി ടാറ്റ സ്വന്തമാക്കി എന്ന്‌ സമ്മതിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ ഇനി വ്യക്തമാക്കേണ്ടിവരും. വനഭൂമി ഉള്‍പ്പെടെയുള്ള ഭൂമികയ്യേറ്റത്തിന്‌ ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരും ഇനി നിയമ നടപടികള്‍ നേരിടേണ്ടിവരും.
ടാറ്റയ്ക്ക്‌ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍ കമ്പനിയില്‍ 28.26 ശതമാനം നിക്ഷേപം മാത്രമാണുള്ളത്‌. ബ്രിട്ടീഷ്‌ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ ഫെറാ നിയമം അനുസരിച്ച്‌ ഇത്രയും ഭൂമി കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാണ്‌. 2005 ലാണ്‌ ടാറ്റാ ടി ലിമിറ്റഡ്‌ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍ എന്ന്‌ പേര്‌ മാറ്റിയത്‌. പ്ലാന്റേഷന്റെ ഭാഗമായി മൂന്നാറില്‍ നിര്‍മ്മിച്ച 21 ബംഗ്ലാവുകള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ റിസോര്‍ട്ട്‌ നടത്താന്‍ വാടകയ്ക്ക്‌ നല്‍കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനമായ കെടിഡിസിയുടെ അനുവാദത്തോടെയും അംഗീകാരത്തോടെയുമാണ്‌ ഈ അനധികൃത റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇക്കാര്യത്തിലും സര്‍ക്കാറും ഉദ്യോഗസ്ഥരും കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും.
മൂന്നാറിലെ ഏഴ്‌ വലിയ മലനിരകളാണ്‌ കയ്യേറ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 1974ലെ രേഖകള്‍ പ്രകാരം 56,000 ഏക്കര്‍ മാത്രമാണ്‌ ടാറ്റ ടി കമ്പനിക്ക്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‌ 96,000 ഏക്കര്‍ കൈമാറിയതായാണ്‌ രേഖകള്‍ ഉള്ളത്‌. 74 ന്‌ ശേഷം പ്രദേശത്ത്‌ ജോലി ചെയ്ത മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും സര്‍ക്കാറും ഇത്രയും കാലം ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നത്‌ വലിയ ചോദ്യമായി അവശേഷിക്കുകയാണ്‌. ബ്രിട്ടീഷ്‌ കമ്പനി നിയമം അനുസരിച്ചാണ്‌ കൈമാറ്റം നടന്നിട്ടുള്ളത്‌. അതിനാല്‍ തന്നെ ഈ കൈമാറ്റം സ്വയം അസാധുവാണെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്‌ ഭൂമി കൈമാറ്റം എന്നുവരെ സത്യവാങ്മൂലത്തിലുണ്ട്‌. ഇത്രയും ഗൗരവമര്‍ഹിക്കുന്ന ഒരു കുറ്റകൃത്യത്തെ വളരെ ലാഘവത്തോടെയാണ്‌ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്‌ എന്ന വിമര്‍ശനത്തിനും സര്‍ക്കാര്‍ മറുപടി നല്‍കേണ്ടിവരും.
മാത്രമല്ല ഈ കേസില്‍ ഉണ്ടാകുന്ന വിധി സംസ്ഥാനത്തെ മറ്റു ഭൂമി കയ്യേറ്റ കേസുകളെക്കൂടി ബാധിക്കുകയും ചെയ്യും. ഹാരിസണ്‍ പ്ലാന്റേഷന്‍ ഉല്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്‌. ഈ കേസുകളെല്ലാം ദുര്‍ബലമാക്കുന്ന നിലപാടുകളായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌. കണ്ണന്‍ ദേവന്‍ കേസിലെ വിധി ഇത്തരം കേസുകളിലും നിര്‍ണ്ണായകമാകും.
ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.