മദനിക്കു ജാമ്യമില്ല; ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌

Monday 18 November 2013 10:15 pm IST

ന്യൂദല്‍ഹി: ബംഗളൂര്‍ സ്ഫോടനക്കേസിലെ പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചില്ല. അസുഖബാധിതനായ മദനിയെ കര്‍ശന സുരക്ഷയോടെ ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ജസ്റ്റിസ്‌ ബി.എസ്‌ ചൗഹാന്‍, ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.
മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്‌ കര്‍ശനമായ നിലപാടാണ്‌ കേസ്‌ പരിഗണിച്ചപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്‌. ഇതേ തുടര്‍ന്നാണ്‌ മദനിക്കു ജാമ്യം നല്‍കേണ്ടെന്നും ബംഗളൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടത്‌. ചികിത്സാ ചെലവ്‌ കര്‍ണ്ണാടക സര്‍ക്കാര്‍ വഹിക്കണമെന്ന്‌ കോടതി വ്യക്തമാക്കി. കര്‍ശന സുരക്ഷയോടെ മദനിക്കായി ആശുപത്രിയില്‍ മുറി തയ്യറാക്കണം. അടുത്ത ബന്ധുക്കളെ മദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണം. ആരോഗ്യാവസ്ഥയില്‍ പുരോഗതി ഉണ്ടായ ശേഷം മദനിക്കു വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാം,ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.
ചികിത്സക്കായി തനിക്കു ജാമ്യം നല്‍കണമെന്നായിരുന്നു മദനിയുടെ പ്രധാന ആവശ്യം. എന്നാല്‍ മദനിക്കു ജാമ്യം നല്‍കിയാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ വിചാരണ നടപടികള്‍ തടസ്സപ്പെടുത്താന്‍ മദനി ശ്രമിക്കുമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ മദനിക്കു ചികിത്സ നല്‍കാനാവില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഗുരുതര രോഗങ്ങളില്ലാത്ത മദനിക്കു പ്രായാധിക്യത്തിന്റെ പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും ആവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്വകാര്യ ചികിത്സയുടെ ആവശ്യമില്ലെന്നും 110 പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലത്തില്‍ 30 പേജോളം മദനിയുടെ ആരോഗ്യകാര്യത്തേപ്പറ്റി മാത്രമാണ്‌ വിശദീകരിച്ചിരുന്നത്‌.
മദനിയെ സ്ഫോടനക്കേസില്‍ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ അന്‍വാറുശ്ശേരിയിലുണ്ടായ സംഘര്‍ഷങ്ങളേപ്പറ്റിയും കര്‍ണ്ണാടക കോടതിയെ ധരിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി വിചാരണ പോലുമില്ലാതെ മദനി ജയിലില്‍ കഴിയുകയാണെന്നും ആരോഗ്യസ്ഥിതി വളരെയധികം മോശമാണെന്നും മദനിയുടെ അഭിഭാഷകന്‍ അഡ്വ.പ്രശാന്ത്‌ ഭൂഷണ്‍ കോടതിയെ ധരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.