നാട്‌ കങ്കാണിമാരുടെ കയ്യില്‍

Tuesday 19 November 2013 9:17 pm IST

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനുശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വരുന്നതിന്‌ എത്രയോ വര്‍ഷം മുമ്പ്‌ ഒരു ബുദ്ധിമുട്ടും കൂടാതെ കൈയ്യേറി അവകാശം സ്ഥാപിച്ചതാണ്‌ മൂന്നാറിലെ ലക്ഷം ഏക്കറോളം വരുന്ന വനഭൂമി. ഇന്ന്‌ പരിസ്ഥിതിലോല വാദവും കുടിയിറക്ക്‌ ഭീഷണിയും ചൂണ്ടിക്കാട്ടി നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്ന ബഹുഭൂരിപക്ഷം പാര്‍ട്ടികളും ഒത്താശക്കാരും ടാറ്റയ്ക്ക്‌ ഇത്ര ഭീമമായ തോതില്‍ വനഭൂമി കയ്യേറാന്‍ കൂട്ടുനിന്നവരാണ്‌ എന്ന വസ്തുത കാണാതിരുന്നുകൂട. വമ്പന്റെ മുമ്പില്‍ മുട്ടുവിറച്ച്‌ അവര്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന ഭരണകൂടവും ഉദ്യോഗസ്ഥമേധാവികളും പക്ഷേ, അഷ്ടിക്ക്‌ വകയില്ലാത്തവനെ തെരഞ്ഞുപിടിച്ച്‌ വകവരുത്താന്‍ നിരന്തരം സൃഗാലതന്ത്രം മെനയുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ്‌ ടാറ്റ മൂന്നാറില്‍ ലക്ഷത്തിനടുത്ത്‌ ഏക്കര്‍ വനഭൂമി കയ്യേറിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്‌ സത്യബോധ പ്രസ്താവന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. യാദൃച്ഛികമാവാം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ത്താല്‍ എന്ന മാരണം ഇടതുപക്ഷം അടിച്ചേല്‍പ്പിച്ച ദിവസം തന്നെയാണ്‌ ഇങ്ങനെയൊരു പ്രസ്താവന ഹൈക്കോടതിയില്‍ എത്തിയതും. അതുകൊണ്ട്‌ തന്നെ കോടതി ചോദിച്ച ചോദ്യം ഭരണകൂടത്തെയും പ്രതിപക്ഷത്തെയും ഞെട്ടിക്കുന്നതു തന്നെയായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ശരിയാംവണ്ണം ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ വായിച്ചിട്ടുണ്ടോയെന്നാണ്‌ കോടതി വാക്കാല്‍ നിരീക്ഷിച്ചത്‌. പത്തുസെന്റ്‌ ഭൂമി വാങ്ങി പത്തേക്കര്‍ വളച്ചുകെട്ടി ആധിപത്യം സ്ഥാപിക്കുന്ന ചില ശക്തികളെ സംബന്ധിച്ച്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഇടിത്തീതന്നെയാണ്‌. മനുഷ്യന്റെ ഉപയോഗത്തിനായി പ്രകൃതി കനിഞ്ഞരുളിയിരിക്കുന്ന മണ്ണും വായുവും വെള്ളവും എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ടെന്നത്‌ വസ്തുതയാണ്‌. വെട്ടിപ്പിടിച്ചവരെ സംബന്ധിച്ച്‌ എല്ലാം കൈവിട്ടു പോവുന്നില്ലെങ്കിലും ഇനിയങ്ങോട്ട്‌ അത്തരം ദുഷ്കൃത്യങ്ങളൊന്നും നടത്താന്‍ പറ്റില്ല. അവരുടെ ആധി അതാണ്‌.
വോട്ട്‌ ബാങ്കിന്റെ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന പാര്‍ട്ടികള്‍ക്കാണെങ്കില്‍ അത്തരക്കാരെ ഒരുതരത്തിലും കൈയൊഴിയാനും സാധിക്കില്ല. മതവും ആരാധനാലയവും മതമേലധ്യക്ഷന്മാരും ഒക്കെച്ചേര്‍ന്ന സങ്കീര്‍ണ രസതന്ത്രമാണ്‌ അതിന്റെ പിന്നില്‍ ശക്തമായുള്ളത്‌. തങ്ങള്‍ക്ക്‌ ഇനിയും കടന്നുചെല്ലാന്‍ പറ്റാത്തയിടങ്ങളിലേക്ക്‌ 'സുന്ദര പ്രവേശ'മായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇത്‌ ഉപയോഗപ്പെടുത്തുകയുമാവാം. അതിന്റെ ആദ്യ ചുവടുവെപ്പാണ്‌ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ എന്തൊക്കെയാണ്‌ ചൂണ്ടിക്കാണിച്ചതെന്നോ, അതെന്തിനുവേണ്ടിയാണെന്നോ ഒരു നിമിഷം ചിന്തിക്കാന്‍ പോലും തയ്യാറാവാതെയാണ്‌ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഹര്‍ത്താല്‍ ക്രൂരത അരങ്ങേറിയത്‌. വെട്ടിപ്പിടിത്തക്കാരെയും അവരെ സംരക്ഷിക്കുന്നവരെയും ചിറകിനുള്ളില്‍ ഒളിപ്പിച്ച്‌ തങ്ങളുടെ അജണ്ട നടപ്പാക്കുന്നവരെ സ്വന്തം പാളയത്തിലേക്ക്‌ കൂട്ടംകൂട്ടമായി എത്തിക്കാനുള്ള ദുഷ്ടലാക്കിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ഹര്‍ത്താല്‍. ഭരണകക്ഷിക്ക്‌ നെഞ്ചിടിപ്പുണ്ടാകുന്നതിന്റെ പിന്നിലും മറ്റൊന്നല്ല. ഇതിന്റെ ഉള്ളറകളിലെ നാടകം ശരിക്കറിയാവുന്നതുകൊണ്ടാണ്‌ ജസ്റ്റിസ്‌ സിരിജഗന്‍, ജസ്റ്റിസ്‌ കെ. രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ചത്‌. നിയമവും നീതിയും അതിന്റെ വഴിക്കുപോവുമ്പോള്‍ അവിടെ ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയക്കളിക്ക്‌ സ്ഥാനമില്ല.
ജനങ്ങളോട്‌ ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ മൂന്നാറില്‍ ടാറ്റയ്ക്ക്‌ അനധികൃതമായി ഏക്കര്‍ക്കണക്കിന്‌ ഭൂമി കൈവശം വെക്കാന്‍ സാധിച്ചു എന്ന ചോദ്യത്തിന്‌ മറുപടി ലഭിക്കേണ്ടതുണ്ട്‌. രാജ്യത്തിന്റെ പരമാധികാരത്തെ പോലും ചോദ്യം ചെയ്തുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്ന്‌ ഭരണകൂടം തന്നെ കോടതിയില്‍ സമ്മതിച്ചിരിക്കെ ഇവിടുത്തെ ജനങ്ങള്‍ എന്ത്‌ സുരക്ഷിതത്വമാണ്‌ ഭരണകൂടത്തില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടത്‌? മൂന്നാറിലെ ബംഗ്ലാവുകളുടെ കൈമാറ്റം തടഞ്ഞ പഞ്ചായത്ത്‌ അധികൃതരുടെ ഉത്തരവ്‌ ചോദ്യം ചെയ്ത്‌ കണ്ണന്‍ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍ ലിമിറ്റഡ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യബോധ പ്രസ്താവനയിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കൂടാതെയാണ്‌ വിദേശ കമ്പനി കേരളത്തിലെ എസ്റ്റേറ്റുകള്‍ കൈമാറിയിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. മൂന്നാര്‍ ടൗണിലേതടക്കം 97,000 ഏക്കര്‍ ഭൂമിയാണ്‌ തട്ടിപ്പിലൂടെ കൈമാറിയിരിക്കുന്നത്‌. മൂന്നാര്‍ ഭൂമിയില്‍ ടാറ്റയ്ക്ക്‌ അവകാശമില്ലെന്നും വിദേശ കമ്പനി നടത്തിയ ഭൂമി വില്‍പ്പനയ്ക്ക്‌ സാധുതയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട്‌ ഒരു ജനാധിപത്യ സര്‍ക്കാറിന്‌ കീഴില്‍ എങ്ങനെ തല്‍പ്പരകക്ഷികള്‍ക്ക്‌ ഭൂമി കൈയടക്കാന്‍ സാധിച്ചു എന്നത്‌ അത്ഭുതകരമായ വസ്തുതയാണ്‌. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ക്ഷുദ്രശക്തികള്‍ക്ക്‌ അരുനിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‌ വീഴ്ത്തുന്നതില്‍ എന്ത്‌ ആത്മാര്‍ത്ഥതയാണുള്ളത്‌.
മൂന്നാര്‍ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുമെന്ന്‌ പെരുമ്പറ കൊട്ടി നടക്കുകയും പൂച്ചകളെ എലിയെ പിടിക്കാന്‍ അങ്ങോട്ടയക്കുകയും ചെയ്തവര്‍ ഒടുവില്‍ മടയില്‍ ഒളിക്കുകയല്ലേ ഉണ്ടായത്‌. ടാറ്റയുടെ പണത്തിന്റെയും സ്വാധീനവലയത്തിന്റെയും മുമ്പില്‍ ഒന്നും ചെയ്യാന്‍ കഴിയാഞ്ഞവര്‍ കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാതെ ജനങ്ങളുടെ നേരെ മാരകായുധങ്ങള്‍ പ്രയോഗിക്കുകയല്ലേ? കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുവെങ്കിലും ടാറ്റയുടെ കയ്യേറ്റഭൂമി മോചിപ്പിച്ചെടുക്കാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല എന്നതാണ്‌ വാസ്തവം. സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ നിരന്തരമായുണ്ടാകും.
കയ്യേറ്റത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും യുക്തിസഹമായ നടപടികള്‍ സ്വീകരിക്കാന്‍ അതാത്‌ കാലത്തെ ഭരണകൂടങ്ങള്‍ക്കായിട്ടുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. സ്വന്തം നിലനില്‍പ്പും പാര്‍ട്ടിയുടെ കെട്ടുറപ്പും മാത്രം നോക്കി പ്രവര്‍ത്തിച്ചവര്‍ വാസ്തവത്തില്‍ ടാറ്റ കമ്പനിയേക്കാള്‍ കടുത്ത രാജ്യദ്രോഹമാണ്‌ നടത്തിയത്‌. ഇക്കാര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ്‌ ഇനി പുറത്തു വരേണ്ടത്‌. ജനങ്ങളെയും നാടിനെയും വഞ്ചിച്ച അത്തരം പാര്‍ട്ടികള്‍ക്ക്‌ ഇനി ജനമനസ്സിലല്ല സ്ഥാനം. പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരുപാട്‌ നിര്‍ദ്ദേശങ്ങള്‍ വെച്ച കമ്മറ്റികളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത്‌ ഹര്‍ത്താല്‍ ഉള്‍പ്പെടെയുളള ദ്രോഹങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവരും മറ്റൊരു തരത്തില്‍ അതേ സമീപനം സ്വീകരിക്കുന്ന ഭരണകൂട ഒത്താശക്കാരും ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. നാട്‌ കയ്യേറാന്‍ കങ്കാണിമാര്‍ക്ക്‌ ചെല്ലും ചെലവും കൊടുക്കുന്നവര്‍ ആദ്യം അത്‌ നിറുത്തി അത്തരക്കാരെ തുറുങ്കിലടക്കാന്‍ തയ്യാറാവണമെന്നാണ്‌ ഞങ്ങള്‍ക്കു പറയാനുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.