ആം ആദ്മി പ്രകടനപത്രിക പുറത്തിറക്കി

Wednesday 20 November 2013 3:48 pm IST

ന്യൂദല്‍ഹി: അധികാരത്തിലെത്തിയാല്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതിയും ശുദ്ധജലവും വിതരണം ചെയ്യുമെന്ന്‌ അരവിന്ദ്‌ കേജ്‌രിവാള്‍. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പുറത്തിറക്കിയ ആംആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയിലാണ്‌ വാഗ്ദാനങ്ങള്‍. പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ തന്നെയാണ്‌ പ്രകടന പത്രിക പുറത്തിറക്കിയത്‌. വൈദ്യുതി നിരക്ക്‌ പകുതിയായി കുറയ്ക്കും. പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കും. അധികാരത്തിലേറിയാല്‍ 15 ദിവസത്തിനുള്ളില്‍ രാംലീല മൈതാനിയില്‍ വച്ച്‌ ലോക്പാല്‍ ബില്‍ പാസാക്കും, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ തെറ്റുകാരനാണെന്ന്‌ കണ്ടെത്തിയാല്‍ അയാളെ പുറത്താക്കി ജയിലിലടക്കും. കോളനികളിലടക്കം ശുദ്ധജല വിതരണം ഊര്‍ജിതമാക്കും, അഴുക്കുചാല്‍, പൊതു ടോയ്‌ലെറ്റുകള്‍ എന്നിവ നിര്‍മ്മിക്കും തുടങ്ങിയവയാണ്‌ പ്രധാന വാഗ്ദാനങ്ങള്‍. മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള സുരക്ഷ ശക്തമാക്കും. ഓരോ വാര്‍ഡിലെയും പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കാനും നടപ്പാക്കാനുമായി 3000 'മൊഹല്ല സഭകള്‍' രൂപകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാര്‍ട്ടി നേതാവ്‌ യോഗേന്ദ്ര യാദവും കേജ്‌രിവാളിനൊടൊപ്പമുണ്ടായിരുന്നു. ലോക്പാല്‍ ബില്‍ വരുന്നതോടെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അന്വേഷണത്തിനു വിധേയമാക്കുമെന്നും അഴിമതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവരെയും വിശ്വസ്തരായ സര്‍ക്കാര്‍ ജീവനക്കാരെയും സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങളുണ്ട്‌. പ്രധാന തീരുമാനങ്ങളിലെല്ലാം പൊതുജനപങ്കാളിത്തം ഉറപ്പാക്കി വോട്ടര്‍മാരെ ശക്തിപ്പെടുത്തും. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. വര്‍മ്മ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തും, പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടികളെടുക്കും, സ്വയംതൊഴില്‍ സംരംഭകര്‍ക്ക്‌ കുറഞ്ഞ പലിശയില്‍ ലോണ്‍ നല്‍കും, തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും തുടങ്ങിയവയാണ്‌ പ്രകടന പത്രികയിലെ മറ്റ്‌ വാഗ്ദാനങ്ങള്‍. ദല്‍ഹി മുഖ്യമന്ത്രിയെ മാറ്റുക എന്നത്‌ മാത്രമല്ല തങ്ങളുടെ ആഗ്രഹം മറിച്ച്‌ ഇവിടുത്തെ അഴിമതി സമ്പ്രദായത്തെ മാറ്റി പുതിയൊരു ഭരണം കൊണ്ടുവരിക എന്നതാണ്‌ ആഗ്രഹമെന്ന്‌ യോഗേന്ദ്ര യാദവ്‌ പറഞ്ഞു. ഭരണത്തിലിരിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്‌ അര്‍ഹിക്കുന്ന സംരക്ഷണം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഡിസംബര്‍ നാലിനാണ്‌ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.