സഞ്ജയന്‍ പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‌

Friday 22 November 2013 11:12 am IST

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഇക്കൊല്ലത്തെ സഞ്ജയന്‍ പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‌.
ഭാരതീയ വേദശാസ്ത്രപുരാണങ്ങളിലുള്ള അവഗാഹവും മഹാഭാരതപര്യടനം എന്ന പഠനഗ്രന്ഥവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളുംകൊണ്ട്‌ കേരളീയ സമൂഹത്തെ പ്രബുദ്ധമാക്കിയ വ്യക്തിത്വമാണ്‌ തുറവൂര്‍ വിശ്വംഭരനെന്ന്‌ പുരസ്കാരനിര്‍ണയസമിതി വിലയിരുത്തി. മഹാഭാരതത്തെ അധികരിച്ച്‌ അമൃതാ ടിവിയില്‍ അവതരിപ്പിക്കുന്ന പരമ്പര 2500 എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു. ഇത്‌ ഒരു ചരിത്രമാണെന്ന്‌ പി. പരമേശ്വരന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. എം. ലീലാവതി എന്നിവരടങ്ങുന്ന സമിതി വ്യക്തമാക്കി. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ സഞ്ജയന്‍ പുരസ്കാരം.
നവംബര്‍ 28 ന്‌ വൈകിട്ട്‌ 5 മണിക്ക്‌ സഞ്ജയന്റെ ജന്മനാടായ തലശ്ശേരിയിലെ തിരുവങ്ങാട്ട്‌ സംഗമം ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്കാരികസമ്മേളനത്തില്‍ പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍ പുരസ്കാരം സമര്‍പ്പിക്കും. യോഗത്തില്‍ പി. വത്സല, പ്രൊഫ. മേലത്ത്‌ ചന്ദ്രശേഖരന്‍, തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷനും കവിയുമായ എസ്‌. രമേശന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.