വി.എസിനെതിരെ എന്‍.എസ്.എസും കെ.സി ജോസഫും

Sunday 21 August 2011 5:32 pm IST

ആ‍റന്മുള: തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നപടി തെറ്റായിപോയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. വില കുറഞ്ഞ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ആരോപണമുന്നയിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.എസ് അച്യുതാനന്ദന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു - ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. വി.എസിന്റെ അഭിപ്രായത്തോടെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വില കുറഞ്ഞ പ്രസ്താവന പിന്‍‌വലിച്ച് വി.എസ് കേരള ജനതയോട് മാപ്പ് പറയണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.