എടിഎം സുരക്ഷ ഉറപ്പാക്കണം

Thursday 21 November 2013 9:17 pm IST

പട്ടാപ്പകല്‍ ബംഗളൂരു നഗരമധ്യത്തിലുള്ള എടിഎം കൗണ്ടറില്‍ ആക്രമണ വിധേയയായി തലച്ചോറിനേറ്റ മുറിവിനെ തുടര്‍ന്ന്‌ മലയാളി ബാങ്ക്‌ ഉദ്യോഗസ്ഥക്ക്‌ വലതുഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട സംഭവം എടിഎം സംവിധാനത്തില്‍ ആരും എപ്പോഴും എവിടെ വച്ചും ആക്രമിക്കപ്പെടാം എന്നതിന്‌ തെളിവാണ്‌.
രാവിലെ ഏഴുമണിയ്ക്ക്‌ യുവതിയെ നിരീക്ഷിച്ചിരുന്ന പ്രതി അവരോടൊപ്പം കൗണ്ടറില്‍ പ്രവേശിച്ച്‌ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയും അതിനുശേഷം വടിവാള്‍ കൊണ്ട്‌ വെട്ടി വീഴ്ത്തി പണം തട്ടിയെടുത്ത്‌ രക്ഷപ്പെടുകയുമായിരുന്നു. ഷട്ടര്‍ താഴ്ത്തി ഇട്ടതിനാല്‍ സംഭവം പുറത്തറിഞ്ഞത്‌ ഷട്ടറിനിടയില്‍ കൂടി രക്തം കിനിഞ്ഞെത്തുന്നത്‌ ശ്രദ്ധിച്ച സ്കൂള്‍ കുട്ടികള്‍ അത്‌ പൊതുജനശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌. എടിഎം കൗണ്ടറുകള്‍ എന്ന ആശയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടത്‌ ബാങ്ക്‌ കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ എപ്പോള്‍ എവിടെനിന്ന്‌ വേണമെങ്കിലും പണം പിന്‍വലിയ്ക്കാനുള്ള സൗകര്യം ഒരുക്കിയതിനാലാണ്‌. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ നഗരത്തിലേയ്ക്കിറങ്ങുമ്പോള്‍ എടിഎം സഹായം തേടുന്നത്‌ ഇന്ന്‌ സര്‍വസാധാരണമാണ്‌. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുന്ന പണം തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും. വാര്‍ത്തയായിട്ടുണ്ട്‌. ബംഗളൂരു സംഭവം തെളിയിക്കുന്നത്‌ എടിഎമ്മുകള്‍ ക്രിമിനലുകളുടെ നിരീക്ഷണത്തിലാണ്‌ എന്ന വസ്തുതയാണ്‌.
കേരളത്തിലും എടിഎമ്മുകളില്‍ നിന്നും പണമെടുക്കുന്നതിലെ സുരക്ഷിതത്വമില്ലായ്മ ഇപ്പോള്‍ സ്ത്രീ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. എടിഎമ്മുകളിലെ പ്രധാന അപാകത സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നുവെന്നതാണ്‌. സ്ത്രീകള്‍ക്ക്‌ മാത്രമല്ല പണമിടപാട്‌ നടത്തുന്ന ജനങ്ങള്‍ക്കെല്ലാം സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നുണ്ട്‌. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ ലഭ്യമല്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇലക്ട്രോണിക്‌ ഡോര്‍ സംവിധാനം നല്‍കിയിരുന്ന സുരക്ഷിതത്വം അപ്രത്യക്ഷമായി. അവയുടെ പ്രവര്‍ത്തനം നിശ്ചലമായതിനാലാണ്‌ എടിഎമ്മിനകത്തും പുറത്തും പണം തട്ടിഎടുക്കല്‍ ഇന്ന്‌ സാധാരണമായിരിക്കുന്നത്‌. എടിഎമ്മില്‍ വച്ച്‌ വടിവാള്‍ ആക്രമണത്തില്‍ തലയോട്ടി നുറുങ്ങി തലച്ചോറില്‍ തറച്ചതാണത്രെ പക്ഷാഘാതത്തിന്‌ കാരണം. ഈ യുവതിയുടെ ആറുമാസത്തെ ചികിത്സാ ചെലവ്‌ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇപ്പോള്‍ എടിഎം കൗണ്ടറുകള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നഗരത്തിലെ 2500 എടിഎം കൗണ്ടറുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്ത 600 എണ്ണം അടച്ചുപൂട്ടാനും ഉത്തരവിട്ടു. കര്‍ണാടക എടിഎം ആക്രമണം കേരളത്തിലും പ്രാവര്‍ത്തികമാക്കാനുള്ള പ്രചോദനം നല്‍കാന്‍ സാധ്യതയുണ്ട്‌. കേരള ബാങ്കുകളിലെ പല എടിഎം കൗണ്ടറുകളിലും സെക്യൂരിറ്റിക്കാര്‍ ഇല്ല എന്നു മാത്രമല്ല വെളിച്ചം പോലുമില്ല എന്ന്‌ വനിതകള്‍ പരാതിപ്പെടുന്നു. പല ബാങ്കുകളും തെരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകളില്‍ മാത്രമാണ്‌ ക്യാമറകള്‍ വച്ചിരിക്കുന്നത്‌. കൗണ്ടര്‍ ഉപയോഗിച്ച്‌ പുറത്തിറങ്ങുന്നവരും കവര്‍ച്ചക്ക്‌ വിധേയരാകുന്നതിനാല്‍ ക്യാമറ പുറത്തും അനിവാര്യമാണ്‌.
സെക്യൂരിറ്റിക്ക്‌ ബാങ്കുകളിലും മറ്റും നിയമിതരാകുന്നവര്‍ വാര്‍ധക്യത്തിലേക്ക്‌ കാലെടുത്തുവെച്ചവരാണ്‌. പലരും മദ്യപിച്ച്‌ കൗണ്ടറില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു.
മറ്റൊരു വസ്തുത എടിഎം സംവിധാനം വികസിക്കുമ്പോഴും പലപ്പോഴും അതില്‍ പണമുണ്ടാകാറില്ല എന്നതാണ്‌. വൃദ്ധരോ മദ്യപരോ ആയ സെക്യൂരിറ്റിക്കാര്‍ക്ക്‌ കസ്റ്റമറെ സഹായിക്കാന്‍ സാധ്യമല്ല. കാര്‍ഡ്‌ മെഷീനുള്ളില്‍ കുടുങ്ങുക, ഇലക്ട്രോണിക്‌ വാതിലുകള്‍ തുറക്കാന്‍ സാധ്യമാകാതിരിക്കുക മുതലായ അനര്‍ത്ഥങ്ങള്‍ സംഭവിക്കുമ്പോള്‍ കസ്റ്റമറിനെ സഹായിക്കാന്‍ സംവിധാനമില്ല. കോടിക്കണക്കിന്റെ പണമിടപാട്‌ നടക്കുന്ന എല്ലാ എടിഎം കൗണ്ടറുകളിലും വാതിലുകള്‍ സ്വിച്ചമര്‍ത്തിയാല്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സംവിധാനം തകരാറിലാണ്‌. കറുത്ത ഫിലിം ഒട്ടിച്ച ഗ്ലാസ്‌ വാതിലില്‍ക്കൂടി അകത്തെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന്‌ മാത്രമല്ല, വെളിച്ചവും പരിമിതമാണ്‌. ഇപ്പോള്‍ ബംഗളൂരുവില്‍ മലയാളി വനിത ആക്രമിക്കപ്പെട്ടത്‌ കേരള ബാങ്കുകള്‍ക്ക്‌ ഒരു പാഠമാകേണ്ടതാണ്‌. ഉപയോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ പുറമെ കസ്റ്റമര്‍ ആക്രമിക്കപ്പെട്ടാല്‍ അലാറം മുഴങ്ങുന്ന സംവിധാനം, പോലീസിനെ ദ്രുതഗതിയില്‍ വിവരമറിയിക്കുക മുതലായ സംവിധാനങ്ങള്‍ വന്നാല്‍ മാത്രമേ എടിഎം ഉപയോക്താക്കള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പുവരികയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.