ദല്‍ഹി: യോഗ്യതയുണ്ട്‌; പക്ഷേ 2.6 ലക്ഷം യുവാക്കള്‍ക്ക്‌ വോട്ടില്ല

Friday 22 November 2013 7:47 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത്‌ ജനാധിപത്യം സംരക്ഷിക്കാനാണ്‌. സോഷ്യല്‍ മീഡിയയിലും തെരുവിലും അവര്‍ സക്രിയരാണ്‌. പക്ഷേ പ്രായപൂര്‍ത്തിയായിട്ടും അവര്‍ക്ക്‌ വോട്ടവകാശമില്ല. അവര്‍ ഒന്നും രണ്ടുമല്ല, 2.6 ലക്ഷം പേരുണ്ട്‌.
18 വയസ്‌ പൂര്‍ത്തിയായിട്ടും വോട്ട്‌ ചെയ്യാനാവാത്തവരാണ്‌ ഈ യുവാക്കള്‍. പക്ഷേ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാവില്ല. കാരണം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അശാസ്ത്രീയമെന്നുപോലും പറയാവുന്ന മാനദണ്ഡം. 18 വയസ്‌ പൂര്‍ത്തിയായെങ്കിലും ഇവര്‍ വോട്ട്‌ ചെയ്യാന്‍ യോഗ്യരല്ലെന്നാണ്‌ കമ്മീഷന്‍ പറയുന്നത്‌.
കമ്മീഷന്റെ വ്യവസ്ഥകള്‍ അനുസരിച്ച്‌ 2013 ജനുവരി ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തയായവര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ കഴിയൂ. എന്നാല്‍ ആ തീയതിക്കു ശേഷം മാസം 10 കഴിഞ്ഞപ്പോള്‍ 18 തികഞ്ഞവര്‍ രണ്ടര ലക്ഷം കവിഞ്ഞു. പക്ഷേ മാനദണ്ഡങ്ങള്‍ പഴയതായതിനല്‍ വോട്ടില്ല.
18 നും 19 നും ഇടയില്‍ പ്രായമായ 6.4 ലക്ഷം യുവാക്കളാണ്‌ ദല്‍ഹിയിലുളളത്‌. ഇതില്‍ 4.5 ലക്ഷം യുവാക്കള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. 2013 ജനുവരിയില്‍ 18 വയസ്‌ തികഞ്ഞവര്‍ക്ക്‌ മാത്രമേ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ സാധിക്കൂ എന്നാണ്‌ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ വിജയ്‌ ദേവ്‌ പറയുന്നത്‌. ഈ നിശ്ചിത സമയത്തിനുശേഷമുള്ളവര്‍ 2014 ലെ തെരഞ്ഞെടുപ്പ്‌ പട്ടികയിലായിരിക്കും ഉള്‍പ്പെടുക.
സ്കൂളുകളും കോളേജുകളുമായി ചേര്‍ന്ന്‌ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. 2012ല്‍ 93,811 പേര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു വര്‍ഷം കൊണ്ട്‌ 4.5 ലക്ഷം പേരുടെ വര്‍ദ്ധനവാണ്‌ ഉണ്ടായതെന്നും വിജയ്‌ ദേവ്‌ പറഞ്ഞു. യുവാക്കളുടെ ഭാഗത്തു നിന്നും വലിയ പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്മീഷന്റെ ശുപാര്‍ശക്കെതിരെ യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.