സംഘടനാ മികവോടെ രാജസ്ഥാന്‍ ബിജെപി

Friday 22 November 2013 8:35 pm IST

ജയ്പൂര്‍: 1952ലെ ആദ്യതെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ എട്ട്‌ എംഎല്‍എമാരില്‍ ആറു പേരെയും സംഘടനാ അച്ചടക്കം പാലിക്കാഞ്ഞതിന്റെ പേരില്‍ പുറത്താക്കിയ ചരിത്രമുണ്ട്‌ ഭാരതീയ ജനസംഘത്തിന്‌ രാജസ്ഥാനില്‍. സംഘടനാ കാര്‍ക്കശ്യത്തിന്റെ മാതൃക കാണിച്ചു തന്നത്‌ സാക്ഷാല്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിയും. ജനസംഘം രൂപീകരിച്ച 1951നു തൊട്ടുപിന്നാലെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനസംഘം ടിക്കറ്റില്‍ രാജസ്ഥാനില്‍ ജയിച്ചു കയറിയത്‌ എട്ട്‌ എംഎല്‍എമാരും ബാരിസ്റ്റര്‍ ഉമാശങ്കര്‍ ത്രിവേദിയെന്ന ഒരു പാര്‍ലമെന്റംഗവും. കോണ്‍ഗ്രസ്‌ ആഭ്യര്‍ത്ഥനപ്രകാരം ജനസംഘം എംഎല്‍എയായ ലാല്‍സിങ്‌ ഷെഖാവത്ത്‌ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുമെത്തി. എന്നാല്‍ നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ ജമീന്‍ദാര്‍ വിഭാഗത്തില്‍നിന്നും ജയിച്ചു കയറിയ ജനസംഘം അംഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട്‌ ജന്മി സമ്പ്രദാ നിരോധന നിയമവുമായി നിയമസഭയില്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്‌ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ജന്മിസമ്പ്രദായം നിരോധിക്കണമെന്ന ജനസംഘത്തിന്റെ നിലപാട്‌ അംഗീകരിക്കാന്‍ മടിച്ച എംഎല്‍എമാരിലെ ഭൂരിപക്ഷവും പ്രത്യയശാസ്ത്ര നിലപാടിനെതിരെ നില്‍ക്കുകയും കോണ്‍ഗ്രസിലേക്ക്‌ പോകുമെന്നും ഭീഷണി മുഴക്കി. ജന്മമെടുത്ത്‌ ഒരു വര്‍ഷം മാത്രമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതിസന്ധി ഘട്ടം. സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരം ഡോ.മുഖര്‍ജി തന്നെ നേരിട്ടെത്തി എംഎല്‍എമാരോട്‌ പാര്‍ട്ടി നിലപാടും ജനസംഘത്തിന്റെ ആദര്‍ശവും വ്യക്തമാക്കിയിട്ടും ജന്മിസമ്പ്രദായം അവസാനിപ്പിക്കുന്നതിനെതിരായ രോഷവുമായി എംഎല്‍എമാര്‍ കടുംപിടുത്തം തുടര്‍ന്നു. യാതൊരു മടിയും കൂടാതെ എംഎല്‍എമാരില്‍ ആറു പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാണ്‌ ഡോ.മുഖര്‍ജി രാജസ്ഥാനില്‍നിന്നും മടങ്ങിയത്‌. കൂടാതെ പത്രസമ്മേളനവും പൊതുറാലിയും നടത്തി പാര്‍ട്ടിയുടെ ആശയങ്ങളും ദൗത്യവും മുഖര്‍ജി വ്യക്തമാക്കുകയും ചെയ്തു. എത്രവലിയ നേതാവായാലും പാര്‍ട്ടി നിലപാടുകളും തത്വങ്ങളുമാണ്‌ വലുതെന്ന ഡോ.മുഖര്‍ജിയുടെ സന്ദേശം പലവട്ടം പിന്നീട്‌ പാര്‍്ട്ടിയില്‍ നടപ്പായതും നമുക്ക്‌ മുന്നിലുണ്ട്‌.
ജനസംഘം നിലപാടിനൊപ്പം ഉറച്ചു നിന്ന ആ രണ്ട്‌ എംഎല്‍എമാരിലൊരാള്‍ പിന്നീട്‌ മൂന്നു വട്ടം രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയുമായി. ഭൈരോണ്‍സിങ്‌ ഷെഖാവത്ത്‌. മറ്റൊരാള്‍ ജഗത്സിങ്‌ ഝാല. ഇരുവരും ജനസംഘത്തിന്റെയും ബിജെപിയുടേയും ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ സ്വീകരിച്ചുകൊണ്ട്‌ ജീവിതം പൂര്‍ത്തിയാക്കി.
രാഷ്ട്രീയ നേട്ടത്തിനുപരിയായി സംഘടനാ തത്വങ്ങള്‍ക്ക്‌ എന്നും വില കല്‍പ്പിച്ചിട്ടുള്ള പാര്‍ട്ടിയുടെ നിലപാടുകള്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയിലേക്കെത്തുകയാണ്‌. 2008ല്‍ രാജസ്ഥാനില്‍ ഭരണ നഷ്ടത്തിനു കാരണമായതും സംഘടനാ തത്വങ്ങളുടെ കാര്‍ക്കശ്യം തന്നെയെന്ന്‌ വിലയിരുത്തുന്നവരുണ്ട്‌. എന്നാല്‍ ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജിയും ദീനദയാല്‍ ഉപാദ്ധ്യായയും കാണിച്ചു തന്ന വഴികളിലൂടെ വ്യതിചലനങ്ങളില്ലാതെ മുന്നോട്ടു പോവുകയാണ്‌ പാര്‍ട്ടി. രാജസ്ഥാനില്‍ പലവട്ടം അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ചതും സംഘടനാ തത്വങ്ങളുടെ കാര്‍ക്കശ്യം തന്നെ. വീണ്ടും തെരഞ്ഞെടുപ്പ്‌ പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ മികവില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പിക്കുന്നതിന്റെ പിന്‍ബലവും ഈ കണിശതയാണ്‌. ജയ്പൂരിലെ സര്‍ദ്ദാര്‍ പട്ടേല്‍ മാര്‍ഗ്ഗിലെ വിശാലമായ പാര്‍ട്ടി വളപ്പില്‍ നൂറുകണക്കിനു പ്രവര്‍ത്തകരും നേതാക്കളുമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്‌. വിജയം ഉറപ്പെന്ന ഉത്തമ ആത്മവിശ്വാസത്തോടെ.
രാജസ്ഥാനില്‍നിന്നും എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.