ഗാഡ്ഗിലാണ്‌ ശരി

Friday 22 November 2013 8:30 pm IST

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഒരേസമയം രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളാണ്‌ പ്രക്ഷോഭകര്‍ നടത്തുന്നത്‌. പരിസ്ഥിതി പരിവേഷം നല്‍കി ഇടതുപാര്‍ട്ടികള്‍ ക്രിസ്തീയസഭയോടൊപ്പം ചേരുന്നത്‌ അവര്‍ക്കിതുവരെ അന്യമായിരുന്ന കത്തോലിക്കാ വോട്ടുകള്‍ സംഘടിപ്പിക്കാനാണ്‌. ക്രിസ്തീയസഭ സമരകാര്‍മികത്വം ഏറ്റെടുക്കുന്നത്‌ കുടിയേറ്റക്കാരിലും കയ്യേറ്റക്കാരിലും ഭൂരിഭാഗംക്രിസ്ത്യാനികളായതിനാലാണ്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ സമരക്കാര്‍ വായിച്ചിട്ടുണ്ടോയെന്ന്‌ ഈയിടെ കോടതി ചോദിച്ചിരുന്നു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ വായിച്ചിട്ടുണ്ടോ? വായിച്ചിട്ടുണ്ടായിരുന്നെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ പാരിസ്ഥിതിക സംരക്ഷണത്തിന്‌ ഊന്നല്‍ നല്‍കുന്ന മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ഉത്തരവിടുമായിരുന്നു. താമരശ്ശേരി ബിഷപ്പ്‌ ഭീഷണിപ്പെടുത്തുന്നതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാബാഗ്‌ ആവര്‍ത്തിക്കുമെന്നുമാണ്‌. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ ജനസാന്ദ്രത കൂടുതലാണെന്നും കാടിനെക്കാള്‍ പ്രധാനം മനുഷ്യനാണെന്നും വനസംരക്ഷണ നിയമങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ്‌ പുതിയ നിയമം എന്നും ക്രൈസ്തവസഭ പറയുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പഠിക്കാന്‍ അഞ്ചംഗ കെപിസിസി സമിതിയെ നിയോഗിച്ചിരിക്കുകയാണ്‌. റിമോട്ട്‌ സെന്‍സിംഗ്‌ തെളിവെടുപ്പിലൂടെയാണ്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്നും റബ്ബര്‍തോട്ടം വനമേഖലയായി ചിത്രീകരിച്ചെന്നുമാണ്‌ ഇടുക്കി ഡിസിസിയുടെ അഭിപ്രായം.
പരിസ്ഥിതിലോല മേഖലകളില്‍ നിരോധിക്കപ്പെടുന്നത്‌ 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, ഖാനനം, ചുവന്ന വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍ ഇവയാണ്‌. കേരളത്തിലെ 44 നദികളില്‍ 34 നദികളുടെയും പ്രഭവകേന്ദ്രം പശ്ചിമഘട്ടമാണ്‌. ജൈവവൈവിധ്യവും ഭൂപ്രകൃതിയും ജലപാതകളും കൊണ്ട്‌ സങ്കീര്‍ണമായ പശ്ചിമഘട്ടത്തിനേല്‍ക്കുന്ന ക്ഷതം ജലലഭ്യതയെ ബാധിക്കും. യഥാര്‍ത്ഥത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ കേരളത്തിനനുയോജ്യം മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്‌. ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നത്‌ വികസന സാധ്യതകള്‍ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അധികാരപ്പെടുത്തുകയും അതുവഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പുനരുജ്ജീവനവും സാധ്യമാകുകയും പ്രാദേശിക ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും വേണമെന്നാണ്‌. പശ്ചിമഘട്ടത്തിലെ 37 ശതമാനം ഭൂമി ഏതുതരം വികസനത്തിനും തുറന്നുകൊടുക്കാമെന്ന നിര്‍ദ്ദേശം ജനാധികാരത്തിന്മേലുള്ള കയ്യേറ്റമാണ്‌. ആകെയുള്ള 1,64,280 ച.കി.മീറ്റര്‍ വരുന്ന പശ്ചിമഘട്ടത്തിന്റെ 60,000 ച.കിലോമീറ്റര്‍ സംരക്ഷിക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. ഭൂചലനസാധ്യതയുള്ള ഇടുക്കി മേഖലയില്‍ ഇപ്പോള്‍തന്നെ ക്വാറികള്‍ സമൃദ്ധമാണ്‌. തോടും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട പ്രദേശം നിര്‍മ്മാണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ ഗാഡ്ഗില്‍ പറയുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പറയുന്നത്‌ ലോല മേഖലകളില്‍ 2,15,000 ച. അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ ആകാമെന്നും മേഖലക്ക്‌ പുറത്ത്‌ നിയന്ത്രണങ്ങള്‍ വേണ്ടെന്നുമാണ്‌.
കസ്തൂരിരംഗന്‍ ജലവൈദ്യുതിയും കാറ്റില്‍നിന്നുള്ള വൈദ്യുതിയും ആകാമെന്ന്‌ പറയുമ്പോള്‍ ഗാഡ്ഗില്‍ സോളാര്‍ ഊര്‍ജത്തിന്‌ മുന്‍ഗണന നല്‍കുന്നു. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിക്ക്‌ കീഴില്‍ ഊര്‍ജ മേഖലക്കായി പ്രത്യേക വിഭാഗം തുടങ്ങണമെന്നും ഗാഡ്ഗില്‍ പറയുന്നു. ഗാഡ്ഗില്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണമാതൃകക്ക്‌ പകരം ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ ഭരണസംവിധാനത്തിലൂടെ ജനാധിപത്യ പ്രസക്തി വര്‍ധിപ്പിക്കാനാകുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത്‌ തയ്യാറാക്കിയതാണ്‌ എന്ന്‌ തിരിച്ചറിയാത്ത സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തള്ളി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനായിരുന്നു അംഗീകാരം നല്‍കേണ്ടിയിരുന്നത്‌.
ഗാഡ്ഗില്‍ വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ പാരിസ്ഥിതിക ഭരണമാതൃകയാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. അനധികൃതഖനനം പശ്ചിമഘട്ടമാകെ നിരോധിക്കണമെന്ന്‌ ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മണല്‍വാരല്‍, പാറപൊട്ടിക്കല്‍, ഖാനനം മുതലായി നടന്നുവരുന്ന പ്രക്രിയകളുടെ കാലാവധി തീരുന്ന മുറയ്ക്കോ അല്ലെങ്കില്‍ അഞ്ച്‌ വര്‍ഷത്തിനകമോ നിര്‍ത്തണമെന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. പശ്ചിമഘട്ടത്തിന്റെ 63 ശതമാനം പ്രദേശത്തും പാറപൊട്ടിക്കലും ഖാനനവും അനുവദിക്കാമെന്ന്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പറയുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക്‌ നല്ലത്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്നിരിക്കെ എന്തുകൊണ്ടാണ്‌ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അംഗീകരിച്ചത്‌? ഇപ്പോള്‍ ഈ വിഷയം അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മേന്മ തിരിച്ചറിഞ്ഞ്‌ ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.